Sorry, you need to enable JavaScript to visit this website.

ക്ഷയരോഗിയെ കണ്ടെത്തി നല്‍കിയാല്‍ ആരോഗ്യവകുപ്പ് വക 500 രൂപ

തിരുവനന്തപുരം- ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി നിവാരണ യജ്ഞം നടത്തും.

2017-21 കാലയളവില്‍ ചികിത്സയെടുത്തവരെയും അവരുടെ കൂടെ താമസിച്ചവരെയും പരിചരിച്ചവരെയും വീടുകളില്‍ സന്ദര്‍ശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയുമാണ് രോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തുക. കണ്ടെത്തിയ ആളുകളില്‍ ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ഒരാള്‍ക്ക് 500 രൂപവെച്ച് ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കും.

അടുത്തകാലത്ത് കണ്ടെത്തിയ രോഗികളില്‍ ഭൂരിഭാഗവും നേരത്തെ രോഗികളുമായി സമ്പര്‍ക്കമുള്ളവരായിരുന്നു. ഇതാണ് ഇത്തരം ഒരു യജ്ഞം ആരംഭിക്കാന്‍ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. നേരിട്ട് രോഗലക്ഷണം കാണിക്കാതെ മറ്റു അസുഖങ്ങള്‍ക്ക് നടത്തുന്ന പരിശോധനകളില്‍ ആണ് ടി.ബി കണ്ടെത്തുന്നത്. ഇത് ഒഴിവാക്കാനും രോഗലക്ഷണം ഉള്ളവരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ കൂട്ടായ്മകള്‍ രൂപവത്കരിച്ചുള്ള പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നത്. 2021 വരെ ചികിത്സ നടത്തിയവരുടെ പേര്, വയസ്സ്, വിലാസം, ചികിത്സ തുടങ്ങിയതെന്ന്, ഏതുതരമായിരുന്നു രോഗം എന്നി വിവരങ്ങള്‍ ടി.ബി യൂണിറ്റ് തലത്തില്‍നിന്ന് ബ്ലോക്ക്, പഞ്ചായത്ത് തല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും. ഈ പട്ടികയുമായി ആശാവര്‍ക്കര്‍മാരും ഫീല്‍ഡ് സ്റ്റാഫും വീടുകളിലെത്തി നിശ്ചിത മാതൃകയിലുള്ള ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ അന്വേഷിച്ച് ചേര്‍ക്കും. രോഗം വന്നവര്‍, കുടുംബാംഗങ്ങള്‍ എന്നിവരെ സ്‌ക്രീനിംഗ് നടത്തി രോഗലക്ഷണം ഉള്ളവരെ കഫ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബര്‍ ഒന്‍പതിനകം ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും.

 

Latest News