VIDEO കര്‍ണാടകയില്‍ പുരാതന പള്ളിയില്‍ പൂട്ട് തകര്‍ത്ത് കയറി പൂജ നടത്തി

ബിദാര്‍-കര്‍ണാടകയിലെ ബിദാറില്‍ പുരാതന മഹ്മൂദ് ഗവാന്‍ മദ്രസ പള്ളിയില്‍ അതിക്രമിച്ചു കടന്ന ഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂജ നടത്തി. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ദസറ ആഘോഷത്തിന്റെ ഭാഗമായി ദേവീഘോഷയാത്ര നടത്തിയവരാണ് പള്ളിയുടെ പൂട്ട് തകര്‍ത്തത്.
അര്‍ധ രാത്രിക്കുശേഷം ഒരു മണിയോടെ ആയിരുന്നു സംഭവമെന്നും ജയ് ശ്രീറാം, ജയ് ഹിന്ദു ധര്‍മം, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘം പള്ളി കോമ്പൗണ്ടില്‍ പ്രവേശിച്ച് പൂജ നടത്തിയതെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സയ്യിദ് തല്‍ഹ ഹാഷിമി പറഞ്ഞു.
ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ വരുന്ന പള്ളിയാണ് മഹ് മൂദ് ഗവാന്‍ മദ്രസ മസ്ജിദ്. മുസ്്‌ലിം സമുദായത്തിനു പുറമെ, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യും പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പറയുന്നു.
ബാഹ്മനി സാമ്രാജ്യത്തിലെ കരുത്തനായ പ്രധാനമന്ത്രി ആയിരുന്ന മഹ് മൂദ് ഗവാന്റെ പേരിലുള്ളതാണ് പള്ളി. 1347 മുതല്‍ 1518 വരെ ഭരണം നടത്തിയ ബാഹ്്മനി സമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ബിദാര്‍.

 

Latest News