ട്വിറ്റർ വാങ്ങാൻ തന്നെ ശതകോടീശ്വരൻ എലോൺ മസ്ക് ഒടുവിൽ തീരുമാനിച്ചു. ഇടപാടിൽനിന്ന് പിന്മാറാനുള്ള നീക്കം കോടതിയിലെത്തി വിചാരണ തുടങ്ങാനിരിക്കേയാണ് അപ്രതീക്ഷിതമായി മസ്കിന്റെ മനംമാറ്റം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് പുതിയ പ്രഖ്യാപനം. മാസങ്ങൾക്ക് മുമ്പ് വാഗ്ദാനം ചെയ്ത അതേ തുകക്ക് ട്വിറ്റർ വാങ്ങാൻ തായാറാണെന്ന് എലോൺ മസ്ക് കമ്പനിക്കെഴുതിയ കത്തിൽ വ്യക്തമാക്കി.
കോടതിയിൽ വിചാരണ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് അവിചാരിത സംഭവ വികാസം. ട്വിറ്റർ ഏറ്റെടുക്കാനുള്ള പദ്ധതി ഉപേക്ഷിച്ച മസ്കിനെതിരെ കോടതിയെ സമീപിച്ച കമ്പനി ഇടപാടുമായി മുന്നോട്ടു പോകണമെന്നാണ് ആവശ്യപ്പട്ടിരുന്നത്. ഇടപാട് പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് എലോൺ മസ്കിനു വേണ്ടി അഭിഭാഷകർ എഴുതിയ കത്തിൽ പറയുന്നത്. നിയമയുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. പുതിയ നിർദേശം ലഭിച്ചതായി ട്വിറ്റർ വക്താവ് സ്ഥിരീകരിച്ചു. ഓഹരിക്ക് 54.20 ഡോളറാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ തുകക്ക് തന്നെ വിൽപന നടത്താനാണ് നീക്കം. കഴിഞ്ഞ ഏപ്രിലിലാണ് എലോൺ മസ്ക് ഈ വില വാഗ്ദാനം ചെയ്തിരുന്നത്. പുതിയ പ്രഖ്യാപനത്തെ തുടർന്ന് 20 ശതമാനം വർധിച്ച് ട്വിറ്റർ ഷെയർ വില 52 ഡോളറിലെത്തി. എന്നാൽ മസ്ക് വാങ്ങുന്ന തുകയിലേക്ക് ഉയരാത്തത് നിക്ഷേപകർക്ക് ഇടപാടിനെക്കുറിച്ച് വിശ്വാസം വന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്.
എല്ലാത്തിനുമായുള്ള എക്സ് ആപ്പിനു വേഗം കൂട്ടുന്നതാണ് ട്വിറ്റർ വാങ്ങുന്ന നടപടിയെന്ന് എലോൺ മസ്ക് ട്വീറ്റ് ചെയ്തു.
വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കി ട്വിറ്റർ ശുദ്ധമാക്കി അതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വേദിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് 44 ബില്യൺ ഡോളറിന്റെ ഇടപാട് പ്രഖ്യാപിച്ചപ്പോൾ മസ്ക് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ സമ്മതിച്ചതിലും കൂടുതലാണ് അതിലെ വ്യാജ അക്കൗണ്ടുകളെന്ന് വ്യക്തമക്കിയാണ് അദ്ദേഹം ഇടപാടിൽനിന്ന് പിന്മാറുന്ന കാര്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ വിലയെക്കുറിച്ചുള്ള ആശങ്കയാണ് മസ്കിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നതെന്നാണ് ട്വിറ്റർ എക്സിക്യൂട്ടീവുകൾ ആരോപിച്ചിരുന്നത്.
220 ബില്യൺ ഡോളർ ആസ്തിയുള്ള ശതകോടീശ്വരനാണ് എലോൺ മസ്ക്. ട്വിറ്റർ വാങ്ങുന്നതിൽ നിന്നുള്ള പിന്മാറ്റം അദ്ദേഹത്തിന്റെ തന്നെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയുടേതടക്കം സാങ്കേതിക കമ്പനികളുടെ ഓഹരി വില ഗണ്യമായി ഇടിയാൻ കാരണമായിരുന്നു.
ഈ മാസം 17 നാണ് ട്വിറ്റർ കേസിൽ കോടതി വിചാരണ ആരംഭിക്കേണ്ടിയിരുന്നത്. സ്വകാര്യ മെസേജുകളും പൊതുവാഗ്വാദങ്ങളും ഉൾപ്പെടെ ഇരുഭാഗവും കോടതിയിൽ സമർപ്പിച്ചിരുന്നു. മസ്കിന് ട്വിറ്ററിൽ 100 ദശലക്ഷം ഫോളോവേഴ്സുണ്ട്.
ട്വിറ്ററിൽ സുരക്ഷ വീഴ്ചയുണ്ടെന്ന മുൻ സുരക്ഷ മേധാവിയുടെ വെളിപ്പെടുത്തലും മസ്ക് കോടതിയിൽ ഫയൽ ചെയ്ത അഫിഡവിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റർ മേധാവി പരാഗ് അഗർവാളുമായുള്ള ചാറ്റ് യുദ്ധത്തിൽ മസ്ക് മലമൂത്ര വിസർജനത്തിനുള്ള ഇമോജി ഉപയോഗിച്ചതും വിവാദമായിരുന്നു.
മസ്കിന്റെ മനംമാറ്റത്തെ വ്യവസായ രംഗത്തെ നിരീക്ഷകർ അവിശ്വസനീയമെന്നാണ് വിശേഷിപ്പിച്ചത്. ഇതിൽ അദ്ദേഹം ഉറച്ചു നിൽക്കുമോയെന്നും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു.






