പാലക്കാട്- മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പക്ഷപാതപരമായ സമീപനമാണ് തുടരുന്നതെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും എം.എൽ.എയുമായ വി.ടി ബെൽറാം. മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്ത ആർ.എസ്.എസുകാരനെതിരെ മാധ്യമപ്രവർത്തക ഷാഹിന പരാതി നൽകിയിട്ടും പോലീസ് ഇതേവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ബെൽറാം ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്:
ദീപക് ശങ്കരനാരായണന്റേത് 31% ഇന്ത്യക്കാരെ തോക്കെടുത്ത് വെടിവച്ച് കൊല്ലാനുള്ള ആഹ്വാനമാണെങ്കിൽ ഇത് ദീപാ നിശാന്തിനെ കൊന്ന് ചോര കുടിക്കാനുള്ള ആഹ്വാനം തന്നെയാണ്.
ഒരേ മാനദണ്ഡം വച്ച് ബി.ജെ.പി ഐ.ടി സെൽ നേതാവ് ബിജു നായർക്കും കമന്റിട്ട രമേഷ് കുമാർ നായർക്കുമെതിരെ ഐ.പി.സി വകുപ്പുകൾ വച്ച് ക്രിമിനൽ കേസെടുക്കാൻ പിണറായി വിജയൻ-ലോകനാഥ് ബെഹ്‌റ പോലീസ് തയ്യാറാകണം.
മുസ്ലിം സ്ത്രീകളെ റേപ്പ് ചെയ്യണമെന്നാഹ്വാനം ചെയ്ത ആർ.എസ്.എസുകാരനെതിരെ മാധ്യമ പ്രവർത്തക ഷാഹിന പോലീസിൽ നൽകിയ പരാതിയിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ഥിരം ഇരട്ടത്താപ്പിനിടയിൽ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റർ പിണറായി വിജയൻ.