കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

തൃശ്ശൂര്‍-കോട്ടയത്തെ കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസിലെ പത്താം പ്രതി ടിറ്റു ജറോം (25) ആണ് ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി. പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു. അവിടെ ജയിലില്‍ മദ്യപിച്ചതിനെത്തുടര്‍ന്ന് വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കം ലംഘിച്ചതിനെത്തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതിസുരക്ഷാ ജയിലില്‍നിന്ന് പരോള്‍ കിട്ടി പുറത്തിറങ്ങി തിരിച്ചെത്തിയതിന്റെ രണ്ടാം ദിവസമാണ് കൈത്തണ്ട ബ്ലേഡുകൊണ്ട് മുറിച്ചത്. ജയില്‍ സ്‌റ്റോറില്‍ നിന്ന് ഷേവ് ചെയ്യാന്‍ വാങ്ങിയ ഡിസ്‌പോസിബിള്‍ ഷേവിംഗ് സെറ്റില്‍ നിന്ന് ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈ മുറിച്ചത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിരുന്നു കോട്ടയം സ്വദേശി കെവിന്‍ പി.ജോസഫിന്റെ. 2018 മെയ് 28നാണ് കെവിന്‍ കൊല്ലപ്പെട്ടത്. 14 പ്രതികളില്‍ 10 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

 

Latest News