കശ്മീരില്‍ ബാങ്ക് വിളിച്ചപ്പോള്‍ അമിത് ഷാ പ്രസംഗം നിര്‍ത്തി, വൈറലായി വീഡിയോ

ബാരാമുല്ല- കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ നടന്ന റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിടയിലാണ് ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ അമിത് ഷാ നിശബ്ദനായത്.
അമിത് ഷായുടെ നടപടിയെ നിറഞ്ഞ കൈയടികളോടെയും മുദ്രാവാക്യം വിളികളോടെയും പ്രവര്‍ത്തകര്‍ സ്വീകരിച്ചു. വടക്കന്‍ കശ്മീര്‍ ജില്ലയിലെ ഷൗക്കത്ത് അലി സ്‌റ്റേഡിയത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു സംഭവം.
തന്റെ പ്രസംഗം ആരംഭിച്ച് അഞ്ചു മിനിറ്റ് പിന്നിട്ട ശേഷം ബാങ്ക് വിളി കേട്ടതോടെ പള്ളിയില്‍ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് വേദിയില്‍ ഇരിക്കുന്നവരോട് അദ്ദേഹം ചോദിച്ചു.
ബാങ്ക് വിളിക്കുകയാണെന്ന് ഒരാള്‍ മറുപടി നല്‍കിയതോടെ പ്രസംഗം നിര്‍ത്തുകയായിരുന്നു.  ബാങ്ക് വിളി പൂര്‍ത്തിയായ ശേഷം പ്രസംഗം തുടരണമോയെന്ന് ഉറക്കെ പറയണമെന്ന് അമിത് ഷാ ജനങ്ങളോട് ചോദിച്ചു.
ആളുകളുടെ കൈയ്യടി ലഭിച്ചതോടെ അദ്ദേഹം പ്രസംഗം പുനരാരംഭിച്ചു.

 

Latest News