ന്യൂദല്‍ഹി- വനിതാ മേധാവിയെ നിയമിക്കാന്‍ ആര്‍.എസ്.എസ് തയാറാകുമോ എന്ന ചോദ്യവുമായി മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ്. വനിതാ ശാക്തീകരണം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് തന്റെ വിജയദശമി പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് ദിഗ് വിജയ് സിംഗിന്റെ പ്രതികരണം.
ആര്‍.എസ്.എസില്‍ മാറ്റമുണ്ടോ. പുള്ളിപ്പുലിക്ക് എപ്പോഴെങ്കിലും അതിന്റെ പുള്ളി മാറ്റാന്‍ കഴിയുമോ. ആര്‍.എസ്.എസിന്റെ സ്വഭാവം മാറ്റാന്‍ മോഹന്‍ ഭാഗവത് തയാറാണെങ്കില്‍ തനിക്ക് ചില ചോദ്യങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് തുടരുന്ന ഭാരത് ജോഡോ യാത്രയുടെ ദേശീയ കോര്‍ഡിനേറ്ററായ ദിഗ് വിജയ് സിംഗ് പറഞ്ഞു.
ഹിന്ദു രാഷ്ട്രമെന്ന ആശയം ഉപേക്ഷിക്കുമോ, വനിതാ സര്‍സംഘ ചാലകിനെ നിയോഗിക്കുമോ, ബ്രാഹ്മണനല്ലാതെ പട്ടിക വിഭാഗത്തില്‍നിന്ന് ഒരു സര്‍സംഘചാലക് ഉണ്ടാകുമോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
ഇതൊക്കെ ചെയ്താല്‍ മോഹന്‍ ഭാഗവതിന്റെ ആരാധകനാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.






