ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ കൊല്ലം സ്വദേശിയെ ആശുപത്രിയിലാക്കി

കല്‍പറ്റ-ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി. കൊല്ലം പുനലുര്‍  സ്വദേശി രമേശാണ്(50) സിവില്‍ സ്റ്റേഷനു സമീപം ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തു ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ പത്തോടെ പ്രസ്‌ക്ലബിന്റെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ടൂറിസ്റ്റ് ഹോമിന്റെ പേരും മുറി നമ്പറും പറഞ്ഞ ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു അറിയിക്കുകയായിരുന്നു.  മൂന്നു തവണയാണ് പ്രസ് ക്ലബിലേക്കു വിളിച്ചത്. പന്തികേടു തോന്നിയ ക്ലബ് ഭാരവാഹികള്‍ വിവരം പോലീസിനെ അറിയിച്ചു. ഇതിനു പിന്നാലെ പോലീസും അഗ്നി-രക്ഷാസേനയും ടൂറിസ്റ്റ് ഹോമിലെത്തി. അകത്തുനിന്നു കുറ്റിയിട്ട വാതില്‍ പൊളിച്ച് മുറിയില്‍ കയറിയ അഗ്നി-രക്ഷാസേന വെള്ളം ചീറ്റിച്ച് രമേശിനെ കീഴ്‌പ്പെടുത്തി പോലീസിനു കൈമാറി. അഗ്നി-രക്ഷാസേന അകത്തു കയറുമ്പോള്‍ പെട്രോളും മണ്ണെണ്ണയും ദേഹത്ത് ഒഴിച്ച നിലയിലായിരുന്നു രമേശ്. മാനസിക വിഭ്രാന്തി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രമേശിനെ പോലീസ് പിന്നീട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പറ്റ പോലീസുമായി ബന്ധപ്പെട്ട കേസില്‍ നീതി ലഭിക്കുന്നില്ലെന്നും അതിനാല്‍ ജീവനൊടുക്കുന്നുവെന്നുമാണ് രമേശ്  പ്രസ്‌ക്ലബില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത ഓഫീസ് സെക്രട്ടറിയോടു പറഞ്ഞത്.

Latest News