ബലാത്സംഗക്കേസ് കോടതി റദ്ദാക്കി; പ്രതി അനാഥ കുട്ടികള്‍ക്ക് ബര്‍ഗര്‍ വിതരണം ചെയ്യണം

ന്യൂദല്‍ഹി- ബലാത്സംഗക്കേസ് റദ്ദാക്കാന്‍ യുവാവിന് മുന്നില്‍ വിചിത്ര ഉപാധിയുമായി ദല്‍ഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളില്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യാനാണ്  ബര്‍ഗര്‍ കട ഉടമയായ യുവാവിനോട് കോടതി ആവശ്യപ്പെട്ടത്.
മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോിച്ചാണ് മുന്‍ ഭാര്യ യുവാവിനെതിരെ പരാതി നല്‍കിയിരുന്നത്. എന്നാല്‍, വിവാഹമോചനവുമായി ബന്ധപ്പെട്ട കേസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഭാഗത്തുനിന്ന് സമവായ നീക്കം ഉണ്ടായത്.
ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ശത്രുതയും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗ പരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പ്രസ്താവിച്ച് എഫ്‌ഐആര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. വൈവാഹിക തര്‍ക്കമെന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.
രണ്ട് അനാഥാലയങ്ങളിലായി നൂറില്‍ കുറയാത്ത കുട്ടികള്‍ക്ക് വൃത്തിയുള്ളതും രുചികരവുമായ ബര്‍ഗറുകള്‍ വിതരണം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മുന്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലാണോ ബര്‍ഗറുകള്‍ നിര്‍മ്മിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ കോടതി പോലീസിനും നിര്‍ദ്ദേശം നല്‍കി.  

 

Latest News