ആരോടും പരിഭവമില്ലാതെ...

അറ്റ്‌ലസ് രാമചന്ദ്രനൊപ്പം കുറിപ്പുകാരൻ

അറ്റ്‌ലസ് രാമചന്ദ്രനെ നേരിട്ട് കാണുന്നത് 2003 മേയിലാണ്.   ജിദ്ദയിലെ കല സാംസ്‌കാരിക സംഘടനയായ തൃപ്തിയുടെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് അബുദാബിയിൽ നിന്ന് രാമചന്ദ്രനും പത്‌നിയും എത്തിയത്. ദൃശ്യ കേരളം എന്ന് പേരിട്ട ആ വാർഷികാഘോഷം ജിദ്ദയിലെ മലയാളികൾക്ക് വേറിട്ട കാഴ്ചയായിരുന്നു. 54 കലാകാരൻമാർ കേരളത്തിലെ നൃത്ത ഗാന രൂപങ്ങളും ക്ഷേത്ര കലകളും അവതരിപ്പിച്ചതു കണ്ട് ഇതൊക്കെ സൗദിയിൽ സംഭവിക്കുമോ എന്ന് അത്ഭുതത്തോടെ ചോദിച്ച രാമചന്ദ്രൻ... ഇങ്ങനെയാണെങ്കിൽ ഞാൻ ജിദ്ദയിലേക്ക് താമസം മാറ്റിയാലോ എന്ന് ആലോചിക്കുന്നുവെന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്നുയർന്ന കരഘോഷം... 
അന്ന് രാമചന്ദ്രനെ സദസ്സിന് പരിചയപ്പെടുത്തേണ്ട ചുമതല എനിക്കായിരുന്നു. ഒരു സ്വർണക്കട മുതലാളിയായി അദ്ദേഹത്തെ പരിചയപ്പെടുത്താൻ തോന്നിയില്ല. ജനം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന വൈശാലി, വാസ്തുഹാര, ധനം, സുകൃതം തുടങ്ങിയ സിനിമകളുടെ നിർമാതാവ് അക്ഷര ശ്ലോകത്തിനായി മാസിക, തൃശൂരിൽ അക്ഷരലോക പരിഷത് സ്ഥാപകാംഗം... അങ്ങനെ സ്വർണത്തിളക്കമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമ... 
കലാപരിപാടികൾ തുടങ്ങി. രാത്രി ഏറെ വൈകിയപ്പോൾ അദ്ദേഹം പോകാനിറങ്ങി. സംഘാടകരുടെ നിർബന്ധത്തിനു വഴങ്ങി ഇനി ഒരു പരിപടി കൂടി കാണാമെന്ന് അദ്ദേഹം സമ്മതിച്ചു. അടുത്ത പരിപാടി തന്റെ മകളുടേതാവണമെന്ന് സംഘാടകരിൽ പ്രധാനി. അതു പറ്റില്ല, ആദ്യം തീരുമാനിച്ച പോലെ എന്ന് പ്രോഗ്രാം കൺവീനർ. പരിപാടി മുൻ തീരുമാനം പോലെ തുടരുന്നു. മകളുടെ നൃത്തം ആവശ്യപ്പെട്ടയാൾ പിണങ്ങിപ്പോകാൻ ഒരുങ്ങി. ഞാൻ രാമചന്ദ്രന്റെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ഒരു പുഞ്ചിരിയോടെ അദ്ദേഹം എല്ലാം കേട്ടു.  പിണങ്ങിപ്പോകാൻ നിൽക്കുന്ന വ്യക്തിയുടെ പേര് ചോദിച്ചു. പിന്നെ എന്നെയും കൂട്ടി അയാളുടെ അടുത്തേക്ക്. ഒരു ചിരപരിചിതനെ പോലെ അയാളുടെ കൈയിൽ പിടിച്ചു. 'ഹായ് ... അല്ലേ. താങ്കളുടെ മകളുടെ നൃത്തത്തെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. അതൊന്നു കണ്ടാൽ കൊള്ളാമെന്ന് നല്ല അഗ്രഹമുണ്ട്. അറിയാല്ലോ... ഇന്ന് ഒരുപാടു വൈകി... താങ്കൾ ഒരു കാര്യം ചെയ്യൂ... മോളുടെ ഡാൻസിന്റെ സി.ഡികൾ എനിക്ക് അയച്ചു തരൂ... ദുബായിൽ എത്തീട്ടു സമാധാനമായി കാണാമല്ലോ.' എത്ര എളുപ്പമാണ് രംഗം ശാന്തമായത്. (മകളുടെ നൃത്തം അയച്ചുകൊടുത്തില്ലെങ്കിലും ആ അച്ഛന്റെ മുഖം അഭിമാനത്താൽ ചുവന്നിരുന്നു). 
രണ്ടാമത്തെ രംഗം 2006 ലാണ്. ആ വർഷത്തെ കൈരളി അറ്റ്‌ലസ് പുരസ്‌കാരം ഏറ്റുവാങ്ങാനായി തൃശൂരിൽ എത്തിയതാണ് ഞാൻ.  സുകുമാർ അഴിക്കോട് മുതൽ മലയാള സാഹിത്യത്തിലെ അതികായർ  പങ്കെടുക്കുന്ന, അറ്റ്‌ലസിന്റെ പ്രൗഢി വിളിച്ചോതുന്ന ചടങ്ങ്. ചടങ്ങിൽ സ്വന്തം പിതാവിന്റെ ഒരു കവിത രാമചന്ദ്രൻ ചൊല്ലിയിരുന്നു. അവാർഡ്  വാങ്ങിയ ശേഷം അദ്ദേഹത്തെ കാണാനായി ഞാൻ ബാക് സ്റ്റേജിൽ എത്തി. അവിടെ അദ്ദേഹത്തിനു ചുറ്റും ഒരു വലയമായി മലയാള സിനിമയിലെ മുൻനിരക്കാർ. അവർ രാമചന്ദ്രനെ പുകഴ്ത്തുന്നു. അദ്ദേഹം പാടിയ കവിത നേരത്തെ പറഞ്ഞിരുന്നെങ്കിൽ താൻ പാടിയേനേ എന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു ഗായകൻ. രാമചന്ദ്രൻ സ്‌നേഹപൂർവം അത് നിരസിക്കുന്നു. അവിടത്തെ വിശിഷ്ടാതിഥി അന്ന് രാമചന്ദ്രനാണ്. 
രംഗം 3: 2015 ൽ രാമചന്ദ്രൻ ദുബായിലെ ബാങ്കുകൾ കൊടുത്ത കേസിൽ ജയിലിലായി. അതുവരെ അദ്ദേഹത്തിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരുന്ന വിശിഷ്ട വ്യക്തികളാരും അദ്ദേഹത്തിനു വേണ്ടി രംഗത്ത് വന്നില്ല. അറ്റ്‌ലസിന്റെ പരസ്യം കൊണ്ടു മാത്രം പിടിച്ചുനിന്നിരുന്ന ടി.വി ചാനലുകൾക്ക് ഇതൊരു പ്രാധാന്യമില്ലാത്ത വാർത്തയായി. ആരും ഒന്നും മിണ്ടിയില്ല. സഹികെട്ട് ഞാൻ ഫെയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. 'സാഹിത്യത്തിനു ടി.വി ചാനലുകളുമായി ചേർന്ന് ആദ്യ അവാർഡ് നൽകിയത് രാമചന്ദ്രനാണ്. ആ അവാർഡ് വാങ്ങാൻ പോയപ്പോൾ  യു.എ.ഇയിലെ വ്യവസായ പ്രമുഖരെ ഞാൻ അദ്ദേഹത്തിന് ചുറ്റും കണ്ടിട്ടുണ്ട്. ചാൻസ് കാത്തു നിൽക്കുന്ന സിനിമക്കാരെയും. പക്ഷേ  ഇപ്പോൾ ആർക്കും അദ്ദേഹത്തെ വേണ്ട. അത് ശരിയല്ലെന്ന് മനസ്സ് പറയുന്നു. മനസ്സിൽ നന്മയുള്ള ആളുകൾ നമുക്ക് ചുറ്റും വേണം. അദ്ദേഹം കൈപിടിച്ചുയർത്തിയവർ യു.എ.ഇയിൽ ധാരാളമുണ്ട്. അദ്ദേഹത്തിൽ നിന്ന് ഔദാര്യങ്ങൾ കൈപ്പറ്റിയവരും. പിന്നെ വിശാല ഹൃദയമുള്ള ഗൾഫിലെ വ്യവസായ പ്രമുഖർ, സിനിമക്കാർ... എല്ലാവരും ഒത്തുചേർന്നാൽ ഒരു നല്ല മനുഷ്യൻ രക്ഷപ്പെടും. കിട്ടിയ അവാർഡ് തുക ഉൾപ്പെടെ കുറച്ചെന്തെങ്കിലും ചെയ്യാൻ എനിക്കും കഴിഞ്ഞേക്കും. നമ്മുടെ സഹതാപം അദ്ദേഹത്തിന് വേണ്ട എന്നറിയാം, ഇത് സഹതാപമല്ല, സ്‌നേഹം മാത്രം. നല്ല മനുഷ്യർ ഈ സമൂഹത്തിനു ആവശ്യമെന്ന തിരിച്ചറിവ്. ഒരുപാട് പോസ്റ്റുകൾ നാം ഷെയർ ചെയ്യാറുണ്ട്. ഈ പോസ്റ്റ് രാമചന്ദ്രനെ സഹായിക്കാൻ കഴിവുള്ളവരുടെ അടുത്ത് എത്തുമെന്ന പ്രതീക്ഷയോടെ...' ഇരുപത്തയ്യായിരത്തോളം പേര് പോസ്റ്റ് ലൈക് ചെയ്തു. അതിലധികം ഷെയറുകൾ. യു.എ.ഇയിൽ കുറെ പണപ്പിരിവൊക്കെ നടന്നു. പക്ഷേ അദ്ദേഹത്തിന്റെ മോചനം പിന്നെയും നീണ്ടു. അവസാനം അദ്ദേഹം പുറത്തിറങ്ങി. ആരെപ്പറ്റിയും പരാതി പറഞ്ഞില്ല. രക്ഷിക്കാൻ ശ്രമിക്കാത്തവരെ കുറിച്ചോ, ജയിലിലായിരുന്നപ്പോൾ സ്ഥാപനങ്ങളിലെ സ്വർണം സ്വന്തമാക്കിയവരെ കുറിച്ചോ. അദ്ദേഹത്തിന്റെ ഹോസ്പിറ്റലുകൾ തട്ടിയെടുക്കാൻ ശ്രമിച്ചവരോടും അദ്ദേഹം പരിഭവിച്ചില്ല. വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ മാത്രം പങ്കുവെച്ചു. പക്ഷേ അതിനുമുമ്പേ അദ്ദേഹം വിടവാങ്ങി. ആരോടും പരിഭവമില്ലാതെ...

Latest News