കണ്ണൂർ- ഇരിട്ടിയിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു. ഇരിട്ടി ചാക്കാട് ഓവുചാലിൽ ഒളിപ്പിച്ച നിലയിലാണ് വടിവാളുകൾ ഉൾപ്പെടെയുള്ള മാരകയുധങ്ങൾ കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന് ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരകയുധങ്ങൾ പോലീസ് പിടിച്ചെടുത്തത്.
ഏഴ് വാളുകൾ, കൈമഴു, പിച്ചാത്തി,നഞ്ചക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. ആയുധങ്ങൾ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. മുഴക്കുന്ന് എസ്.ഐ ഷിബു.എസ്. പോളിന്റെ നേതൃത്വത്തിൽ എസ്. ഐ നാസർ, എ.എസ്.ഐ രാജ് നവാസ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.
രാഷ്ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും പതിവായി അരങ്ങേറുന്ന സ്ഥലമാണിത്. ഇവിടെ മാരകായുധങ്ങൾ കണ്ടെടുത്ത സംഭവം പോലീസ് ഗൗരവമായാണ് കാണുന്നത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






