Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളി യുവാവിന്റെ വധശിക്ഷ; 33 കോടി രൂപ ദിയാപണം വേണമെന്ന് സൗദി കുടുംബം

അബ്ദുറഹീം

റിയാദ് - സൗദി ബാലൻ കാറിൽ കൊല്ലപ്പെട്ട കേസിൽ 16 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് 15 ദശലക്ഷം റിയാൽ (33 കോടി രൂപ) വേണമെന്ന് സൗദി കുടുംബം. അന്തിമ വിധി വരുന്നതിന് മുമ്പ് പണം നൽകിയാൽ മാപ്പ് നൽകാമെന്നും അല്ലെങ്കിൽ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസിൽ ഇടപെടുന്ന സാമൂഹിക പ്രവർത്തകനും റഹീമിന്റെ നാട്ടുകാരനുമായ അഷ്‌റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുറഹീമിനെയാണ് സൗദി പൗരന്റെ മകൻ അനസ് അൽശഹ്‌റി കൊല്ലപ്പെട്ട കേസിൽ സൗദി കോടതി വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കേസ് ഇപ്പോൾ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം റിയാദിലെത്തിയ മുസ്്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ ഇന്ത്യൻ എംബസി ഡി.സി.എം രാം പ്രസാദുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. റിയാദ് ഗവർണറുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് ഡി.സി.എം എം.കെ മുനീറിനെ അറിയിച്ചു.     
2006 നവംബർ 28 ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് െ്രെഡവർ വിസയിൽ റിയാദിലെത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്‌രിയുടെ മകൻ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലക്ക് താഴെ യാതൊരു ചലനശേഷിയുമില്ലാത്ത അവസ്ഥയിലായിരുന്നു  അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത് കഴുത്തിൽ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. എപ്പോഴും പ്രകോപിതനാകുമായിരുന്ന അനസിനെ പരിചരിക്കുന്നതിലെ പ്രയാസവും ഭയവും റഹീം ജോലിക്ക് കയറിയ അവസരത്തിൽ വീട്ടിൽ വിളിച്ചു അറിയിച്ചിരുന്നു. തന്റെ കഴിവിന്റെ പരമാവധി റഹീം അനസിനെ പരിചരിച്ചു. ഇടയ്ക്കിടെ വീൽ ചെയറിൽ പുറത്തും മാർക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങൾ വാങ്ങിച്ചു തിരിച്ചു വീട്ടിൽ കൊണ്ട് വരികയും ചെയ്തിരുന്നു.
2006 ഡിസംബർ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം ജി.എം.സി വാനിൽ റിയാദ് ശിഫയിലെ വീട്ടിൽ നിന്ന് അസീസിയിലെ പാണ്ട ഹൈപ്പർ മാർക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്‌നലിൽ പ്രകോപനമൊന്നുമില്ലാതെ  അനസ്   വഴക്കിട്ടു. ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്തു പോകാൻ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താൻ ആവില്ലെന്ന് ആവർത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്‌നലിൽ എത്തിയപ്പോൾ അനസ് വീണ്ടും ബഹളം വെക്കാൻ തുടങ്ങി. പിൻസീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പിന്നോട്ട് തിരിഞ്ഞപ്പോൾ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. കണ്ണിലായപ്പോൾ തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. ഭക്ഷണവും വെള്ളവും നൽകാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.
ഉടൻ മാതൃ സഹോദര പുത്രൻ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. അവർ രണ്ടുപേരും ആലോചിച്ചു ഒരു തിരക്കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന്. തുടർന്ന് നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുത്തു. കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി. നസീർ പത്ത് വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി.
റഹീം വധശിക്ഷ കാത്ത് അൽഹായിർ ജയിലിലാണ്. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികൾ ഉൾപ്പെട്ട   നിയമസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇക്കാലയളവിനുള്ളിൽ മൂന്നു സൗദി അഭിഭാഷകരെയാണ് സമിതി നിയോഗിച്ചത്. അലി മിസ്ഫർ, അബൂ ഫൈസൽ എന്നിവരെയായിരുന്നു ആദ്യം ചുമതലപ്പെടുത്തിയത്. ഇപ്പോൾ അലി ഖഹ്താനിയാണ് അഭിഭാഷകൻ. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധിയായി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തിവരികയാണ്.  
അതേ സമയം കുട്ടിയുടെ ബന്ധുക്കൾ ദിയാപണത്തിൽ ഉറച്ചുനിൽക്കുന്നതിനാൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം.  ദിയാപണം കണ്ടെത്താൻ എംബസിയുടെ നേതൃത്വത്തിൽ ശ്രമം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.  റഹീമിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൗദി കുടുംബവുമായി ഒത്തുതീർപ്പ് ഉണ്ടാക്കും. ഇതിനായി നിയമസഹായവേദി യോഗം അടുത്ത ദിവസം വിളിച്ചുചേർക്കുമെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു.

 

 

Tags

Latest News