ഉജ്ജയിന്‍- മധ്യപ്രദേശില്‍ ഗുരുകുല വിദ്യാഭ്യാസ രീതി പുനരാരംഭിക്കുന്നു. ഗുരുകുലങ്ങളെ മുഖ്യധാരാ വിദ്യാലയങ്ങളായി തന്നെ കാണുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഉജ്ജയിനില്‍ ത്രിദിന അന്താരാഷ്ട്ര വിരാട് ഗുരുകുല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലും ഗുരുകുല വിദ്യാഭ്യാസ രീതി പ്രോത്സാഹിപ്പിക്കും. ഇതിനായി ട്രസ്റ്റുകള്‍ മുന്നോട്ടുവരണമെന്നും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലും നേപ്പാളിലും പ്രവര്‍ത്തിക്കുന്ന 900 ഗുരുകുലങ്ങളുടെ പ്രതിനിധികളാണ് അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഗുരുകുല വിദ്യാഭ്യാസത്തെ മുഖ്യാധാരയിലെത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
പുരാതന വേദപഠന രീതി തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ സമ്മേളനത്തില്‍ പറഞ്ഞു. വേദ പഠനത്തിലൂടെ പുതിയ തലമുറയെ രാജ്യസ്‌നേഹികളാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് മൂന്ന് ദിവസത്തിനകം തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു.






