യുവാവിനെ കൊന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ഭാര്യയും കാമുകനും പിടിയില്‍

റായ് ബറേലി-യുവാവിനെ കൊലപ്പെടുത്തി ആത്മഹത്യയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ റായ് ബറേലിയിലാണ് സംഭവം.
കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റാന്‍ പ്രതികള്‍ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് വരെ തയാറാക്കിയിരുന്നു.
ഗുജറാത്തിലെ ഓട്ടോ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ ശുഭാ ദേവി (32)സുമൈര്‍ (38) എന്നിവര്‍ പിടിയിലായതെന്ന് റായ് ബറേലി പോലീസ് സുപ്രണ്ട് അലോക് പ്രിയദര്‍ശി പറഞ്ഞു.
റായ് ബറേലിയില്‍ താമസിച്ചിരുന്ന ശുഭ സുമൈറുമായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദസറ അവധിക്കാലത്ത് നാട്ടിലെത്തിയ രാജേഷ് ഭാര്യയുടെ വിവാഹേതര ബന്ധത്തെ കുറിച്ച് അറിയുകയും തിരിച്ച് ഗുജറാത്തിലേക്ക് പോകുമ്പോള്‍ കൂടെ പോകണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.
ഇതിനു പിന്നാലെ രാജേഷിനെ ശ്വാസംമുട്ടിച്ച് കൊന്ന ശുഭയും സുമൈറും ചേര്‍ന്ന് മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഗഡാഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ തൂങ്ങിമരിച്ചുവെന്നാണ് ശുഭ പോലീസിനെ അറിയിച്ചിരുന്നത്.
മരണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് രാജേഷ് തന്നോട് സംസാരിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്യാന്‍ കാരണങ്ങളില്ലെന്നും സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം രാജേഷിന്റേതല്ലെന്ന് ഫോറന്‍സ് ലബോറട്ടറില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ശുഭ മണിക്കൂറുകളോളം സംസാരിച്ചിരുന്ന സുമൈറിന്റെ നമ്പര്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചതും അന്വേഷണത്തില്‍ വഴിത്തിരിവായി. ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം സുമൈറിന്റേതാണെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഇരുവരേയും വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചുവെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അരവിന്ദ് സിംഗ് പറഞ്ഞു.

 

Latest News