Sorry, you need to enable JavaScript to visit this website.

സൗദിയിൽ 21 വയസ്സിൽ കുറവുള്ളവർക്ക് സിഗരറ്റ് വിൽക്കരുത്

റിയാദ്- സൗദിയിൽ സിഗരറ്റ് വിൽപനയിൽ കാതലായ മാറ്റങ്ങളോടെ നിയമം പൊളിച്ചെഴുതി ശൂറാ കൗൺസിൽ. 21 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കുന്നത് വിലക്കുന്ന നിലയിൽ പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പിൽ ശൂറാ കൗൺസിൽ ഭേദഗതി വരുത്തി. നിലവിൽ 18 വയസ്സിൽ കുറവ് പ്രായമുള്ളവർക്ക് സിഗരറ്റ് വിൽപനക്കാണ് വിലക്കുള്ളത്. സ്‌കൂളുകളും ബാങ്കുകളും ഹോട്ടലുകളുമടക്കം ചുറ്റുവട്ടത്ത് പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് കർശനമായി വിലക്കുന്നു. 
ബന്ധപ്പെട്ട നിയമാവലി നിർണയിക്കുന്നതു പ്രകാരമുള്ള എണ്ണവും അളവും അടങ്ങിയ അടച്ച പാക്കറ്റുകളിൽ മാത്രമേ സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കാൻ പാടുള്ളൂ എന്ന് പുകവലി വിരുദ്ധ നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു. വെന്റിംഗ് മെഷീൻ വഴി സിഗരറ്റും പുകയില ഉൽപന്നങ്ങളും വിൽക്കാൻ പാടില്ലെന്നും പൊതുഗതാഗത സംവിധാനങ്ങളിൽ ഇവ വിൽക്കരുതെന്നും സിഗരറ്റിന്റെയും പുകയില ഉൽപന്നങ്ങളുടെയും വില കുറക്കരുതെന്നും നിയമത്തിലെ എട്ടാം വകുപ്പ് അനുശാസിക്കുന്നു. സിഗരറ്റും പുകയില ഉൽപന്നങ്ങളുമായും ബന്ധപ്പെട്ട പേറ്റന്റുകൾ രാജ്യത്ത് രജിസ്റ്റർ ചെയ്യരുതെന്നും സൗജന്യ സാമ്പിളുകളായോ ഉപഹാരങ്ങളായോ വിതരണം ചെയ്യാൻ പാടില്ലെന്നും പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ അടങ്ങിയ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനും വിൽക്കാനും പാടില്ലെന്നും പുകവലിയുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പോസ്റ്റർ വിൽപന സ്ഥലത്ത് പതിക്കണമെന്നും നിയമം അനുശാസിക്കുന്നു.
പുകവലിക്ക് വിലക്കുള്ള സ്ഥലങ്ങളിൽ പുകവലിക്ക് പ്രത്യേക സ്ഥലം സജ്ജീകരിക്കുന്ന പക്ഷം അത്തരം ഇടങ്ങളിലേക്ക് 21 ൽ കുറവ് പ്രായമുള്ളവർക്ക് പ്രവേശനം വിലക്കുന്ന നിലയിൽ നിയമത്തിലെ ഏഴാം വകുപ്പും ശൂറാ കൗൺസിൽ ഭേദഗതി ചെയ്തിട്ടുണ്ട്. മസ്ജിദുകൾക്കും മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ, ആരോഗ്യ, സ്‌പോർട്‌സ്, സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾക്കു ചുറ്റുമുള്ള സ്ഥലങ്ങളിലും പുകവലിക്കുന്നത് നിയമത്തിലെ ഏഴാം വകുപ്പ് വിലക്കുന്നു. 
കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ഫാക്ടറികളിലെയും ബാങ്കുകളിലെയും ജോലി സ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഭക്ഷണ, പാനീയങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ, പെട്രോളും പെട്രോളിയം ഉൽപന്നങ്ങളും തയാറാക്കുകയും പാക്ക് ചെയ്യുകയും നീക്കം ചെയ്യുകയും വിതരണം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ, പെട്രോൾ ബങ്കുകൾ, ഗ്യാസ് വിതരണ കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, ടോയ്‌ലെറ്റുകൾ, വെയർ ഹൗസുകൾ എന്നിവിടങ്ങളിലും പുകവലിക്കുന്നത് പുതിയ നിയമം വിലക്കുന്നു.
 

Tags

Latest News