Sorry, you need to enable JavaScript to visit this website.

പോത്തും പോരും തൊഴുത്തും

രാഷ്ട്രീയത്തിൽ അധികമൊന്നും പരിക്കേൽക്കാത്ത വള്ളിയാണ് സി.പി.ഐ എന്ന കൊച്ചേട്ടൻ പാർട്ടി. 1977 വരെ കോൺഗ്രസ് എന്ന മരത്തിൽ ചുറ്റിപ്പറ്റിനിന്നു. ഇന്ദിരയാണ് 'വൻമര'മെന്നും കോൺഗ്രസ് അതിന്റെ ഒരു പര്യായപദം മാത്രമാണെന്നും അറിഞ്ഞുതന്നെയാണ് കയറിപ്പറ്റിയത്. മരം ജയിലിൽ പോയതോടെ കാലാവസ്ഥാ വ്യതിയാനം നമ്മുടെ 'കൊച്ചുമുല്ല' മണത്തറിഞ്ഞു. പിന്നെ 'ഇടതുപക്ഷ മുന്നണി'യായി ആലംബം. ഏതായാലും ഇപ്പോൾ 'നെയ്യാറ്റിൻകര' വരെ എത്തിയിട്ടുണ്ട് കൊച്ചേട്ടൻ. സെപ്റ്റംബർ 30 'തിങ്കളാഴ്ച നല്ല ദിവസം' പോലെ അത്ര നല്ല വെള്ളിയാഴ്ചയാണോന്നു ശങ്കിക്കണം. കൈവിട്ടുപോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുവരില്ല. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ കൊടിമരം കൈമാറേണ്ട ഇസ്മായിൽ സഖാവ് എത്തിച്ചേർന്നില്ല. നെയ്യാറ്റിൻകര വരെ പോകാനുള്ള മടി കൊണ്ടാകണം. അവിടെ മുഖത്തു നോക്കി ഒന്നു ചിരിക്കാൻ പോലും ഒരു മുഖം പാർട്ടിക്ക് മുനിസിപ്പാലിറ്റിയിൽ ഇല്ല. പിന്നെന്തിന് വെറുതേ പാലക്കാട്ടു നിന്നും ആ നീണ്ട യാത്ര? വീട്ടിലിരുന്നാലും ബിരിയാണി കിട്ടും. കൊടിമരം ആര് ഏറ്റുവാങ്ങിയാലും തിരുവനന്തപുരത്തെത്തും. ദിവാകരൻ സഖാവ് വിട്ടുനിന്നത് ആരോഗ്യ കാരണങ്ങളാൽ മാത്രം. മത്സരിക്കണമെങ്കിൽ മാത്രമേ പൊയ്‌പ്പോയ ആരോഗ്യം തിരിച്ചുവരൂ. അല്ലെങ്കിൽ ഏതെങ്കിലും 'സമര സഹായ സമതി കൺവീനറാ'കണം. അതിനുള്ള കാലാവസ്ഥയല്ല. കൊച്ചു സഖാക്കൾ ആസ്ഥാനം അന്വേഷിച്ചു നടക്കുന്നു.
കൊച്ചേട്ടൻ ബൗദ്ധികമായി വല്യേട്ടനെ കടത്തിവെട്ടും. കാനം സഖാവിന് ആനി രാജ സഖാവിനോടുള്ള കലിപ്പു തീർന്നിട്ടില്ല. ഫലം അനുഭവിച്ചത് ഡി. രാജ. അങ്ങോർ ഒരേ സമയം ദേശീയ ജനറൽ സെക്രട്ടറിയും ആനിയമ്മയുടെ ഭർത്താവുമായിപ്പോയി. ഉദ്ഘാടനദിന പൊതുസമ്മേളനം സഖാവ് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതത്രേ! അപ്പോഴേക്കും സമയം ഉച്ചയായി. വിമാനത്തിൽ ചാടിക്കയറി എത്താൻ പാകത്തിൽ ആകാശത്തുകൂടി പോകുന്ന ഒന്നിനെയും കൈയിൽ കൈട്ടിയില്ല. ഏതായാലും സഖാവ് പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്യന്നുണ്ടെന്ന വാർത്ത തന്നെ അനിയൻ സഖാക്കൾക്ക് ആശാവഹമാണ്. ഇനി സമാപന ദിവസം എത്തിയാൽ മതി. അതിനകം ദിവാകരൻ സഖാവും പട്ടാളം ഇസ്മായിൽ സഖാവും ചേർന്ന് പരിപാടി 'അടിപൊളി'യാക്കും. രാജയ്ക്ക് പാർട്ടി അച്ചടക്കം പ്രമാണിച്ച് വലിയ സന്തോഷമില്ല. പക്ഷേ ആനി രാജയ്ക്കു മറിച്ചാണ്. ഇരിട്ടി സ്വദേശിയല്ലേ, ഇരിട്ടി കണ്ണൂരിലല്ലേ? സി.പി.ഐയിൽ ആണെന്നു വച്ച് വീറും വാശിയും ഇല്ലാണ്ടാകുമോ? ഇനി സെക്രട്ടറിയാകാൻ തെരഞ്ഞെടുപ്പുണ്ടാകും. 75 വയസ്സിൽ പരിധി കഴിഞ്ഞിട്ടില്ല എന്നു തെളിയിക്കാൻ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റുമായി വന്നാൽ മത്സരിക്കാം. ജാതി- മത സർട്ടിഫിക്കറ്റുകൾ രഹസ്യമായി പരിശോധിക്കുന്ന മഹത്തായ യജ്ഞം കുറച്ചുകാലമായി വല്യേട്ട- കൊച്ചേട്ടന്മാരും തുടങ്ങിയിട്ടുണ്ടെന്നാണ് കിംവദന്തി. 'കോൺഗ്രസിനു പഠിക്കുക'യാണ് കുറേക്കാലമായി. 'സഖാവ്' എന്ന അഭിസംബോധനയെ 'സാറ്' ചവിട്ടിപ്പുറത്താക്കിത്തുടങ്ങി. ഏതായാലും സെക്കന്റ് ഷോയ്ക്ക് ടിക്കറ്റ് ബുക്കു ചെയ്ത കക്ഷി മോണിംഗ് ഷോയിൽ കടന്നിരിക്കണമെന്ന് ആരും അവകാശപ്പെടില്ല. അതാവാം ഡി. രാജയുടെ മുപ്പതാം തീയതിയിലെ അസാന്നിധ്യം 'ചായക്കപ്പിലെ കൊടുംകാറ്റായി' ഒതുങ്ങിയത്. എന്നാലെന്താ? അങ്ങനെയൊരു വാർത്ത സൃഷ്ടിച്ചതു നിമിത്തം രണ്ടു ദിവസം മാധ്യമങ്ങളിൽ ഇടതടവില്ലാതെ 'കൊച്ചേട്ടൻ' നിറഞ്ഞുനിന്നില്ലേ? മറ്റെന്ത് അദ്ധ്വാനമാണ് അടുത്തകാലത്ത് പാർട്ടിക്ക് അവകാശപ്പെടാനുള്ളത്? അയ്യൻകാളി ഹാളിലെ ഉദ്ഘാടന സമയത്ത് അടുത്ത മെയിൻ റോഡിൽ ഒരു പോത്ത് വിരണ്ടോയിയത് നഗരം കൊടിതോരണങ്ങൾ നിമിത്തം ചെങ്കടലായതു കൊണ്ടു മാത്രമാണ്. അതു വാർത്തയാക്കുമെന്നു തിരിച്ചറിയാൻ പോത്തിനു പോലും കഴിഞ്ഞു. അവൻ മ്യൂസിയം കോമ്പൗണ്ടിലേക്കു കടന്ന് കീഴടങ്ങി. പോത്ത് ജന്മനാ കമ്യൂണിസ്റ്റു വിരുദ്ധന്മാരുടെ പട്ടികയിൽ പെടുന്നില്ല എന്നു വ്യക്തമായി.
****            ****                         ****

ഒരു സൗഹൃദ മത്സരമാണ്; പ്രത്യേകിച്ചും, ഒരു ഭാഗത്തു ശശി തരൂർ ആകുമ്പോൾ. 'ഒറ്റയ്ക്കാണ് ഞാനിറങ്ങിയത്, ആളുകൾ പിന്നാലെ അനേകം എത്തി'- എന്നൊരു കവിത പാടിയാണ് അദ്ദേഹം 'ഭാരത് ജോഡോ' യാത്രയിൽ ചേർന്നത്. അഖിലേന്ത്യാ കോൺഗ്രസ് പ്രസിഡന്റാകാൻ പത്രിക നൽകാനെത്തിയതും ഒറ്റയ്ക്കു തന്നെ, ഒരു കൈത്താങ്ങായി ഒപ്പം കൂടണമെന്ന് മുൻ എമ്മെല്ലേ ശബരീനാഥനു മോഹമുണ്ടായി. പക്ഷേ ദില്ലി അക്ബർ റോഡ്, ജൻപഥ്- 10 എന്നൊക്കെ കേട്ടപ്പേൾ കാൽമുട്ടുകൾക്കു ബലക്ഷയമുണ്ടായി. തരൂർജി അതു കാര്യമാക്കിയില്ല. ഹിമാചൽ മുതൽ കന്യാകുമാരി വരെയുള്ളവരുടെ പിന്തുണയുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പോലും വേണ്ടാത്ത ആ പിന്തുണ തരൂർജി അടിച്ചെടുത്തതു കേട്ട് നാടു മൊത്തം മൂക്കത്തു വിരൽ വയ്ക്കുന്നു! അമ്പട കേമാ! ഇപ്പോൾ അദ്ദേഹം വോട്ടുള്ളവർ എവിടെയുണ്ടെങ്കിലും അവിടെയൊക്കെ പ്രത്യക്ഷപ്പെടാം. പക്ഷെ അദ്ദേഹം വോട്ടർ പട്ടിക കണ്ട ലക്ഷണമൊന്നുമില്ല; എങ്കിൽ അത്തരം ഒരു അവകാശവാദം പറയില്ലായിരുന്നു.
2000നു ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പ്. തരൂർജി 2000 ലാണ് അംഗത്വമെടുത്തത്. ദേശീയ പാർട്ടിയുടെ മഹത്തായ പാരമ്പര്യം നേടണമെങ്കിൽ അഞ്ച് അഴിമതിക്കേസുകളെങ്കിലും സ്വന്തമായി ഉണ്ടാകണം. ഫണ്ടു പിരിവിൽ പ്രാഗത്ഭ്യം തെളിയിക്കാൻ ഓയിൽ പമ്പുകളും അത്യാവശ്യം റിസോർട്ടുകളു സ്വന്തമാക്കണം. ബിനാമി പേരിലായാലും വിരോധമില്ല. ആദർശം പറഞ്ഞും നവചിന്താധാരയെന്നു ലേഖനമെഴുതിയും നടന്നാൽ സംഘടനയ്ക്കു ക്ഷീണമാണ്. ഇവ രണ്ടും കുക്കറിൽവച്ചു വേകിച്ചു കഴിക്കനാകില്ല. അതുകൊണ്ട് തരൂർ പിൻവലിക്കണം എന്ന് കൊടുക്കുന്നിൽ സുരേഷ് എന്ന മുൻ വെമ്പായം മണി അഭിപ്രായപ്പെട്ടതിൽ കാര്യമുണ്ട്. തരൂരിന് അത് തോറ്റ ശേഷമേ മനസ്സിലാകൂ. തൽക്കാലം അദ്ദേഹം സ്വപ്ന ലോകത്തെ ബാലഭാസ്‌കരനാണ്. മറ്റേ സ്വപ്നയുടെ ലോകമല്ല. ഗോദയിലിറങ്ങി നിൽക്കുന്ന മല്ലികാർജുനനും തരൂരും സൗഹൃദം വെടിഞ്ഞ് സാഹസമൊന്നും കാട്ടരുത്. ഇപ്പോൾ ലോക്‌സഭയിൽ പാർട്ടിക്ക് 53 അംഗങ്ങളല്ലേയുള്ളൂ. ഇന്നത്തെ കിടപ്പ് പൊട്ടക്കിണറ്റിലാണ്. ഇനിയും താഴേക്കായാൽ പാതാളം. പല നേതാക്കളും അന്ധത ബാധിച്ചവരും. അധികാരം പോയാൽ ഇത്രവേഗം അന്ധകാരം പിടികൂടുന്ന ചരിത്രം മുമ്പെങ്ങും കേട്ടിട്ടില്ല; ഒരു പാർട്ടിയിലും!
****         ****            ****

എണ്ണൂറു ചതുരശ്ര അടിയിൽ ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്തിന്റെ നിർമാണം പുരോഗമിക്കുന്നു. നിലവിൽ അഞ്ചും പുതുതായി ആറും ചേർത്ത് പശുക്കൾ പതിനൊന്ന്. ഇപ്പോൾ ഒരു നില മൃഗീയ ക്വാർട്ടേഴ്‌സ്. ഭാവിയിൽ ക്ലിഫ് ഹൗസ് ജീവനക്കാർക്കായി മുകളിൽ ക്വാർട്ടേഴ്‌സ്. എമ്മെല്ലേമാരെയും പേഴ്‌സണൽ സ്റ്റാഫിനെയും പോലെ, ഭാവിയിൽ പെൻഷന് അർഹത നേടാനും ഭാഗ്യമുണ്ടാകും (!) ഗോ സംരക്ഷണമാകയാൽ കേന്ദ്രം പോലും രോമാഞ്ചപൂർവ സമ്മതം നൽകും. ക്ഷീര വികസന വകുപ്പ് തൊഴുത്തിന് അര ലക്ഷം രൂപ സഹായം നൽകുന്നതാണ് പതിവ്. മൃഗസംരക്ഷ വകുപ്പ് അക്കാര്യം നിർത്തി. 'മൃഗ'ങ്ങളുടെ പട്ടിക ഇനിയും പൂർത്തിയാകാനുണ്ടത്രേ! മാധ്യമ വാർത്തകൾ കാണുമ്പോൾ, ചില മനുഷ്യ ജീവികളെ കൂടി ഉൾപ്പെടുത്തേണ്ടി വരുമെന്നു സംശയിച്ചാണ് പണമിടപാട് 'ക്ലോസ്' ചെയ്തത്. മോഡി- പിണറായി രഹസ്യ ധാരണ ഈ 'ഗോ സംരക്ഷണത്തിൽ' കണ്ടെത്താൻ പ്രതിപക്ഷം വൈകരുത്.
****              ****                   ****

മന്ത്രിമാർക്ക് വിദേശത്തുനിന്നു പലതും പഠിക്കാനുണ്ടെന്നു മുമ്പ് ഇടതുമുന്നണി കൺവീനർ ഒരു കൊള്ളി വാക്കു പറഞ്ഞു. അത് അച്ചട്ടായി. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്‌കാര റിപ്പോർട്ടിൽ ജലവിഭവ വകുപ്പുകാരെ കാണാന്മാനില്ല എന്നാണ് വാർത്ത പരന്നത്. റിപ്പോർട്ട് തിരുത്തി പുറത്തേക്കു വിടും. പക്ഷേ, ശമ്പള സ്‌കെയിലും പ്രൊമോഷനുമൊന്നും അത്ര നിസ്സാരമല്ല. അടി വീഴാൻ അധിക സമയം വേണ്ട. സമരത്തിനാണെങ്കിൽ, ആലോചന പോലും വേണ്ട! വല്യേട്ടന്റെ മന്ത്രിമാർക്കൊപ്പം മേൽപടി കുഞ്ഞു വകുപ്പു മന്ത്രിമാരെ കൂടി ഉപരി പഠനത്തിന് അയക്കാമായിരുന്നു.
 

Latest News