ഫിഫ 2022 ടിക്കറ്റ് റീസെയില്‍ പ്ലാറ്റ്‌ഫോം ഇന്ന് മുതല്‍

ദോഹ- ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ടിക്കറ്റ് റീസെയില്‍ പഌറ്റ് ഫോം ഇന്ന് തുറക്കുമെന്ന് സെയില്‍സ്, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റബീഅ അല്‍ കുവാരി പറഞ്ഞു.  ആവശ്യത്തിലധികം ടിക്കറ്റ് വാങ്ങിയവര്‍ക്കും വാങ്ങിയ മല്‍സരങ്ങള്‍ കാണുന്നതിനുളള താല്‍പര്യം നഷ്ടപ്പെട്ടവര്‍ക്കുമൊക്കെ തങ്ങളുടെ ടിക്കറ്റുകള്‍ വില്‍ക്കാനും നേരത്തെ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിനുമുള്ള അവസരമാണിത്.

ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ക്ക്  ലോകത്തിന്റെ നാനാഭാഗത്തുനിന്നും വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. വില്‍പനയുടെ തുടക്കത്തില്‍ മാത്രം  ടിക്കറ്റിനുള്ള 40 മില്ല്യണ്‍ അപേക്ഷകളാണ് ലഭിച്ചത്. അവസാന വട്ട ടിക്കറ്റ് വില്‍പനക്കും വലിയ ഡിമാന്‍ഡുണ്ട്.  4 കാറ്റഗറികളിലും ടിക്കറ്റുകള്‍ ലഭ്യമാണെന്നും  ഫിഫയുടെ ടിക്കറ്റ് വില്‍പന സ്ട്രാറ്റജിയനുസരിച്ച് ലോകകപ്പ് അവസാനിക്കുന്നതുവരെ വില്‍പന തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വലിയ ഡിമാന്‍ഡുള്ള ചില മാച്ചുകളുടെ ടിക്കറ്റുകള്‍ മുഴുവനായും വിറ്റുതീര്‍ന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു.  

മല്‍സരങ്ങള്‍ കാണാനാഗ്രഹിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ ഫിഫയുടെ ടിക്കറ്റിംഗ് സൈറ്റ് സന്ദര്‍ശിച്ച് എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണമെന്ന് അല്‍ കുവാരി ആവശ്യപ്പെട്ടു. ഖത്തറിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതൊരു സുവര്‍ണാവസരമാണ്. കാറ്റഗറി നാലില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകള്‍ നല്‍കുന്നത്.

ലോകകപ്പിന് ടിക്കറ്റെടുത്തവര്‍ ഹയ്യാ കാര്‍ഡുകളും സ്വന്തമാക്കാന്‍ ശ്രദ്ധിക്കണമെന്ന് അല്‍ കുവാരി ആവശ്യപ്പെട്ടു. സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിര്‍ബന്ധമായ ഫാന്‍ ഐഡിയാണിത്. വിദേശത്തുനിന്നും കളികാണാന്‍ വരുന്നവരെപ്പോലെ ഖത്തറിലുള്ളവര്‍ക്കും ഹയ്യാ കാര്‍ഡ് നിര്‍ബന്ധമാണ്. ഹയ്യാ കാര്‍ഡ് സേവനങ്ങള്‍ക്കുള്ള പ്രഥമ സെന്റര്‍ അല്‍ സദ്ദ് കഌിന് സമീപമുള്ള ഹമദ് ബിന്‍ അതിയ്യ അറീനയില്‍ പ്രവര്‍ത്തനമാരംഭിച്ച് കഴിഞ്ഞു.  

ഭിന്ന ശേഷിക്കാര്‍ക്ക് ഏറ്റവും സൗകര്യപ്പെടുന്ന രീതിയിലാണ് എല്ലാ സ്‌റ്റേഡിയങ്ങളും സംവിധാനിച്ചിരിക്കുന്നത്. അവര്‍ക്ക് ടിക്കറ്റില്‍ പ്രത്യേകമായ പരിഗണനയുണ്ട്. അംഗപരിമിതിയുള്ളവര്‍ക്ക്  ഫിഫയുടെ സൈറ്റില്‍ നിന്നും എളുപ്പത്തില്‍ ടിക്കറ്റ് സ്വന്തമാക്കാം. സ്‌റ്റേഡിയങ്ങളിലേക്ക് അവര്‍ക്ക് സഹായി അത്യാവശ്യമാണെങ്കില്‍ സഹായിക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Tags

Latest News