Sorry, you need to enable JavaScript to visit this website.

അതിക്രമത്തിന് ആണ്‍കുട്ടികളും ഇര; പോക്‌സോ നിയമം ഭേദഗതി ചെയ്യും 

ന്യൂദല്‍ഹി- പോക്‌സോ നിയമത്തില്‍ ലിംഗഭേദമൊഴിവാക്കാനുള്ള ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകള്‍ ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ വേര്‍തിരിവില്ലാതെ ആക്കാനാണ് നീക്കം. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയതിനു പിന്നാലെയാണിത്. സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുന്നത് ലിംഗഭേദമില്ലാത്ത നിയമനിര്‍മാണത്തിനാണെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം വ്യക്തമാക്കി. പോക്‌സോ നിയമത്തില്‍ ലിംഗ നിഷ്പക്ഷത വരുത്തും. പുതിയ നിയമത്തിലും ഈ വ്യവസ്ഥകള്‍ ഉറപ്പു വരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം ഇന്ത്യയില്‍ അവഗണിക്കപ്പെട്ട യാഥാര്‍ഥ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട ഒരു ഓണ്‍ലൈന്‍ പരാതിക്കുള്ള മറുപടിയായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേകാ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ലിംഗപരമാവരുതെന്നും ലജ്ജയും അപമാനവും കാരണം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന ആണ്‍കുട്ടികള്‍ ജീവിതകാലം മുഴുവന്‍ മൗനം പാലിക്കുകയാണെന്നും അവര്‍ പറഞ്ഞു. ആണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി സിനിമാ നിര്‍മാതാവായ ഇന്‍സിയാ ദാരിവാല ചെയ്ഞ്ച് ഡോട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് വഴി ആരംഭിച്ച ഭീമ ഹരജിയോടാണ് മന്ത്രിയുടെ പ്രതികരണം.  ലൈംഗികാതിക്രമത്തിന് പ്രധാന ഇരകളാണ് ആണ്‍കുട്ടികള്‍. ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 
ലൈംഗികാതിക്രമത്തിനിരയായ ആണ്‍കുട്ടികളെ കുറിച്ച് പഠനം നടന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. 2007ല്‍ നടന്ന പഠനത്തില്‍, 53.2 ശതമാനം കുട്ടികള്‍ ഒന്നോ അതില്‍ കൂടുതലോ തവണ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും ഇതില്‍ 52.3 ശതമാനവും ആണ്‍കുട്ടികളായിരുന്നുവെന്നും മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് നേരിടുന്നതിനായി, ലിംഗ വ്യത്യാസമില്ലാതെ 12 വയസിനു താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധ ശിക്ഷ നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ പോക്‌സൊ നിയമത്തില്‍ ഭേദഗതിക്കൊരുങ്ങുന്നതെന്ന് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.
 

Latest News