ജമ്മു കശ്മീരില്‍ ഡി.ജി.പി  കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ 

ശ്രീനഗര്‍- ജമ്മു കശ്മീര്‍ ജയില്‍ ഡിജിപി ഹേമന്ത് ലോഹിയയെ  ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിജിപിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ഉദയ്വാലയിലെ വീട്ടില്‍ കണ്ടെത്തിയത്.  ഒപ്പം നിന്ന സഹായിയെ കാണാനില്ല. എച്ച് കെ ലോഹിയയുടെ വീട്ടുജോലിക്കാരനെയാണ് കൊലപാതകത്തില്‍ സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം. വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് അറിയിച്ചത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹിയയ്ക്ക് 57 വയസായിരുന്നു.
ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹിയയെ നിയമിച്ചത്.  ലോഹിയ അസം സ്വദേശിയാണ്.  സംഭവ സ്ഥലത്ത് പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തെരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനവേളയിലാണ്  ഞെട്ടിക്കുന്ന സംഭവമെന്നത് ശ്രദ്ധേയമാണ്. മൂന്നുദിവസത്തെ സന്ദര്‍്ശനത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. 


 

Latest News