ഇടുക്കി-മറയൂരില്‍ അര്‍ധരാത്രിയില്‍ ഒന്നര കൊമ്പന്‍ എന്നറിയപ്പെടുന്ന കാട്ടാന വീട്ട് മുറ്റത്ത് കയറി മേല്‍ക്കൂരയിലെ ഷീറ്റും ചുവരും തകര്‍ത്തു. വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന ആദിവാസി കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മറയൂര്‍ കരിമുട്ടി ആദിവാസി കുടിയിലെ പളനിസാമിയുടെ വീടാണ് തകര്‍ത്തത്.
ഞായറാഴ്ച പാതിരാത്രിയില്‍ കുടിക്കുള്ളില്‍ എത്തിയ ഒന്നര കൊമ്പന്‍ ആദ്യം മേല്‍ക്കൂരയില്‍ കുത്തിയപ്പോള്‍ ഉണര്‍ന്ന പളനിസാമിയും മക്കളും വാതില്‍ തുറന്ന് സമീപത്തെ വീട്ടില്‍ അഭയം തേടി. അപ്പോള്‍ വീടിന്റെ ചുവരില്‍ കൊമ്പ് കൊണ്ട് കുത്തി മറിക്കുകയായിരുന്നു. പിന്നീട് കുടി നിവാസികള്‍ എല്ലാവരും ഇറങ്ങി പാട്ട കൊട്ടിയും ഒച്ചയിട്ടും ആനയെ കാട്ടിലേക്ക് ഓടിച്ചു. ഒരാഴ്ചയായി മറയൂര്‍ മേഖലയില്‍ പട്ടം കോളനി ഭാഗത്തും കരിമുട്ടിയിലും സ്ഥിരമായി രാത്രികാലങ്ങളില്‍ ഒന്നരക്കൊമ്പന്‍ എത്തി ഭീതി പരത്തുന്നുണ്ട്.






