Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ ആക്രമണങ്ങളിൽ അന്താരാഷ്ട്ര  അന്വേഷണം വേണം -സൗദി അറേബ്യ

യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി രക്ഷാസമിതിയിൽ സംസാരിക്കുന്നു.                      (ഫയൽ)

റിയാദ് - ഫലസ്തീനികൾക്കെതിരെ ഇസ്രായിൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ നടന്ന തുറന്ന ചർച്ചയിൽ പങ്കെടുക്കവേ യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമിയാണ് ഈയാവശ്യമുന്നയിച്ചത്. മാർച്ച് മുപ്പതിനും തുടർന്നുള്ള ദിവസങ്ങളിലും സാധാരണക്കാരായ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയ ഇസ്രായിൽ ആക്രമണങ്ങളിൽ അന്വേഷണം നടത്തുന്നതിനും ഇസ്രായിലിനോട് കണക്കു ചോദിക്കുന്നതിനും അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണം. അറബികളെ സംബന്ധിച്ചേടത്തോളം ഫലസ്തീനും ജറൂസലമിന്റെ അറബ് സ്വത്വവും ജറൂസലം അടക്കം 1967 ൽ ഇസ്രായിൽ പിടിച്ചടക്കിയ പ്രദേശങ്ങളുടെ മേലുള്ള ഫലസ്തീൻ രാഷ്ട്രത്തിന്റെ പരമാധികാരവും കേന്ദ്ര പ്രശ്‌നമാണ്.  
ഫലസ്തീൻ ബാലന്മാരായ അലാ അൽസാമിലി (14), ഹുസൈൻ മാദി (14), മുഹമ്മദ് അയ്യൂബ് (14) എന്നിവരും മറ്റു നാൽപതു ഫലസ്തീൻ കുട്ടികളും സ്വദേശത്ത് മടങ്ങിയെത്തുന്നതിനുള്ള അവകാശം തേടി ദേശീയഗാനം ആലപിക്കുക മാത്രമാണ് ചെയ്തത്. ഇവരെ ഇസ്രായിലി സൈന്യം നിഷ്‌കരുണം നേരിടുകയും നിറയൊഴിക്കുകയുമായിരുന്നു. 
ജീവിക്കുന്നതിനും ആട്ടിയിറക്കപ്പെട്ട സ്വന്തം വീടുകളിലേക്ക് മടങ്ങുന്നതിനും സ്വന്തം ഭാഗധേയം നിർണയിക്കുന്നതിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള അവകാശം മാത്രമാണ് ഫലസ്തീനികൾ ചോദിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾ വകവെച്ചുകൊടുക്കുന്ന അവകാശങ്ങളാണ്. 
സിറിയയിൽ പെട്ട ഗോലാൻ കുന്നുകൾ അടക്കമുള്ള മുഴുവൻ അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്നും ഇസ്രായിൽ പിൻവാങ്ങേണ്ടത് അനിവാര്യമാണ്. 2002ലെ അറബ് സമാധാന പദ്ധതിക്ക് അനുസൃതമായി അറബ്- ഇസ്രായിൽ സംഘർഷത്തിന് പരിഹാരം കാണണമെന്നതാണ് സൗദി അറേബ്യയുടെ ഉറച്ച നിലപാട്. ഇക്കാര്യം 29ാമത് അറബ് ഉച്ചകോടിയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കിയിട്ടുണ്ട്. ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാഷ്ട്ര സ്ഥാപനം അടക്കം നിയമാനുസൃതമായ മുഴുവൻ അവകാശങ്ങളും ഫലസ്തീൻ ജനതക്ക് ലഭിക്കുന്നതു വരെ തങ്ങളുടെ ഒന്നാമത്തെ പ്രശ്‌നമായി ഫലസ്തീൻ പ്രശ്‌നം തുടരുമെന്ന് അറബ് ഉച്ചകോടിയിൽ സൽമാൻ രാജാവ് പറഞ്ഞു. 
അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇപ്പോഴും ഇടപെടൽ തുടരുന്നു. മേഖലയിൽ ഭീകരതയാണ് ഇറാൻ പ്രചരിപ്പിക്കുന്നത്. ലെബനോനിൽ ആധിപത്യം സ്ഥാപിച്ച ഹിസ്ബുല്ലക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്നതും സിറിയയിൽ യുദ്ധത്തിന് തിരികൊളുത്തുന്നതും ഇറാനാണ്. വംശീയ ഉന്മൂലനമാണ് ഇറാൻ നടത്തുന്നത്. യെമനിൽ അട്ടിമറി ശക്തികളായ ഹൂത്തികളെ ഇറാൻ പിന്തുണക്കുന്നു. സൗദി അറേബ്യക്കു നേരെ ആക്രമണം നടത്തുന്നതിന് ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ അടക്കമുള്ള ആയുധങ്ങൾ ഹൂത്തികൾക്ക് ഇറാൻ നൽകുന്നു. സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തുന്നതിന് ഹൂത്തികൾ ഉപയോഗിക്കുന്നത് ഇറാൻ നിർമിത ബാലിസ്റ്റിക് മിസൈലുകളാണെന്ന് യു.എൻ തയാറാക്കിയ സ്വതന്ത്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യു.എൻ രക്ഷാ സമിതി പ്രമേയങ്ങൾ ഇറാൻ നഗ്നമായി ലംഘിക്കുകയാണ്. പ്രാദേശിക, അന്താരാഷ്ട്ര സമാധാനവും ഭദ്രതയും തകർക്കുന്ന ഇറാന്റെ ഭീകര പ്രവർത്തനങ്ങൾ കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന വ്യക്തമായ സന്ദേശം യു.എൻ രക്ഷാസമിതി നൽകണം. 
സിറിയൻ ഭരണകൂടം നടത്തിയ രാസായുധ പ്രയോഗത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. സാധാരണക്കാരെ കൂട്ടക്കുരുതി നടത്തുന്നതിന് രാസായുധം ആവർത്തിച്ച് ഉപയോഗിക്കുന്നതിന് മടിക്കില്ലെന്നാണ് ദോമയിൽ നടത്തിയ രാസായുധ പ്രയോഗത്തിലൂടെ സിറിയൻ ഭരണകൂടം വ്യക്തമാക്കുന്നത്. രാസായുധ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരോട് അന്താരാഷ്ട്ര സമൂഹം കണക്കു ചോദിക്കുകയും ഇത്തരം ആക്രമണങ്ങൾക്ക് തടയിടുകയും വേണമെന്ന് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ആവശ്യപ്പെട്ടു. 
1948 ൽ ഇസ്രായിൽ പിടിച്ചെടുത്ത സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകുന്നതിനുള്ള അവകാശം തേടി മാർച്ച് 30 മുതൽ ഗാസ- ഇസ്രായിലി അതിർത്തിയിൽ ഫലസ്തീനികൾ നടത്തിവരുന്ന മാർച്ചുകൾക്കു നേരെ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പുകളിൽ ഇതിനകം 44 പേർ കൊല്ലപ്പെടുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായിലികളിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഭയാർഥികളെ തിരിച്ചുപോകുന്നതിന് അനുവദിക്കുന്ന പക്ഷം അത് ജൂത രാഷ്ട്രത്തിന്റെ അന്ത്യമാവുമെന്നാണ് ഇസ്രായിൽ നിലപാട്. 


 

Latest News