ചാണ്ഡിഗഢ്- മക്കയിലേക്കുള്ള കാല്‍നട യാത്രയില്‍ 3000 കി.മീ പിന്നിട്ട മലയാളി യുവാവ് ശിഹാബ് ചോറ്റൂര്‍ പാക്കിസ്ഥാന്‍ വിസക്കുവേണ്ടി കാത്തിരിക്കുന്നു. 29 കാരനായ മലപ്പുറം സ്വദേശിക്ക് പാക് സര്‍ക്കാര്‍ വിസ നിഷേധിച്ചതായ പഞ്ചാബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്്മാന്‍ ലുധിയാനവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് യുക്തി നിരത്തിയാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. ശിഹാബ് ചോറ്റൂര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയതിനു പിന്നാലെ വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിച്ചുവെന്ന് മൗലാന ഉസ്മാന്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ഒഴിവാക്കി ചൈന വഴി സൗദി അറേബ്യയിലേക്കുള്ള യാത്ര തുടരാന്‍ ശിഹാബിനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നേരന്ദ്ര മോഡിക്ക് കത്തെഴുതിയിരിക്കയാണെന്ന് മൗലാന പറഞ്ഞു.
ശിഹാബിന്റെ യാത്ര തിങ്കളാഴ്ച 124 ദിവസം പിന്നിട്ടു. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.
മലപ്പുറം ജില്ലയിലെ ആതവനാട് നിന്ന് ജൂണ്‍ രണ്ടിനാണ് ശിഹാബ് 8600 കി.മീ യാത്ര ആരംഭിച്ചത്.