Sorry, you need to enable JavaScript to visit this website.

പോലീസിന്റെ ഉറക്കം കെടുത്തിയ മരിയാര്‍ പൂതം ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍

കൊച്ചി- പോലീസിനെ നട്ടംതിരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം എന്ന കന്യാകുമാരി വാരിവിളയില്‍ ജോണ്‍സണ്‍ (58) പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണത്തിന് ശ്രമക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. പുര്‍ച്ചെ രണ്ടര മണിക്കാണ് കലൂര്‍ കാട്ടാക്കരയിലുളള വിട് കുത്തി തുറന്ന് ഇയാള്‍ മോഷണത്തിന് ശ്രമിച്ചത്.  
രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു. മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടിപ്പരിക്കേല്‍പിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ അയല്‍വാസികള്‍ മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
40 വര്‍ഷത്തിലധികമായി ചെറുതും വലുതുമായ 400 ലധികം മോഷണങ്ങള്‍ നടത്തിയ ജോണ്‍സനെതിരെ 60 ലേറെ കേസുകള്‍ നിലവിലുണ്ട്.മോഷണ കേസുകളില്‍ തമിഴ്‌നാട്ടിലും കേരളത്തിലും പോണ്ടിച്ചേരിയിലും സെന്‍ട്രല്‍ ജലിലുകളില്‍ തടവു ശിക്ഷ അനുഭവിച്ച മരിയാര്‍ പൂതം 2018 നവംബറില്‍ പോണ്ടിച്ചേരിയില്‍ നിന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം തിരികെ കേരളത്തിലേക്ക് എത്തുകയായിരുന്നു.
നേരത്തെ ഒരു മോഷണക്കേസില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന മരിയാര്‍ പുതത്തെ പോലീസുകാര്‍ മര്‍ദിച്ചുവെന്ന് പ്രതി ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വെല്ലുവിളിച്ച് മരിയാര്‍ പൂതം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധി കേന്ദ്രീകരിച്ച് മോഷണങ്ങള്‍ നടത്തിവന്നത്. ഇതോടെ നാട്ടുകാരുടെയും പലീസിന്റെയും ഉറക്കം കെടുത്തുന്ന മോഷ്ടാവായി ജോണ്‍സണ്‍ മാറി. മരിയാര്‍ പൂതത്തിന്റെ ഭീഷണി നേരിടാന്‍ നാട്ടുകള്‍ ആക്ഷന്‍ കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഇതിനിടെയാണ് തങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ നാട്ടുകാര്‍ തന്നെ കയ്യോടെ പിടികൂടിയത്. മരിയാര്‍ പൂതം കൊച്ചി നഗരത്തിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ലാണ് അവസാനമായി മരിയാര്‍ പൂതത്തെ നോര്‍ത്ത് പോലീസ് പിടികൂടിയത്. 2008, 2012, 2017 വര്‍ഷങ്ങളിലും പിടിയിലായിരുന്നു.
ഏഴാംവയസ്സിലാണ് കന്യാകുമാറിയിലെ കുളച്ചലില്‍നിന്ന് ഇയാള്‍ മാതാപിതാക്കളോടൊപ്പം കൊച്ചിയിലെത്തുന്നത്. ചെറുപ്പത്തിലെ മോഷണം ശീലിച്ചു. എസ്ആര്‍എം റോഡ്, ആസാദ് റോഡ്, ഷേണായ് റോഡ്, കതൃക്കടവ് ഭാഗങ്ങളില്‍ 30 വര്‍ഷത്തോളം ആക്രിപെറുക്കി നടന്നതിനാല്‍ ഈ പ്രദേശങ്ങളിലെ വീടുകള്‍ പോലീസിനെക്കാള്‍ നന്നായി മരിയാര്‍ പൂതത്തിനറിയാം.
പകല്‍സമയം ലോഡ്ജുകളില്‍ താമസിച്ച് അര്‍ധരാത്രിക്കു ശേഷം മാത്രം മോഷണം നടത്തി പുലര്‍ച്ചെ ട്രെയിനില്‍ കയറി പോകുന്നതാണ് ഇയാളുടെ രീതി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളാണ് ഇയാള്‍ കൂടുതലായും മോഷണത്തിനായി തിരഞ്ഞെടുക്കാറ്. വീടിനു പുറത്തുനിന്ന് കോണി പടിയുള്ള, മതിലുകളുള്ള വീടുകളാണ് ഇഷ്ടം. ഒന്നാംനിലയിലെ വാതില്‍ കുത്തിപ്പൊളിച്ചു മാത്രമേ അകത്തുകടക്കൂ. മോഷണം കഴിഞ്ഞാല്‍ ഉടന്‍ നാടുവിടും. തിരിച്ചുവരുന്നത് അടുത്ത മോഷണത്തിനായിരിക്കും.
സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ഇയാളുടെ മറ്റൊരു സ്വഭാവമാണ്. വലിയ മതിലുകളില്‍ ചാടിക്കയറാനും മതിലുകളിലൂടെ വേഗത്തില്‍ ഓടാനും മരിയാര്‍ പൂതത്തിന് പ്രത്യേക കഴിവുണ്ടെന്ന് പോലീസ് പറയുന്നു. മോഷണത്തിനിറങ്ങുമ്പോള്‍ കൈയില്‍ കമ്പിപ്പാരയും വെട്ടു കത്തിയും കാണും. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെ പിടികൂടുക പോലീസിന് ഏറെ ദുഷ്‌കരമാണ്.
നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം പതിവാക്കിയതോടെ പ്രതിയെ തേടി പ്രത്യേക അന്വേഷണസംഘം മൂന്നുതവണ കുളച്ചലിലെത്തിയിരുന്നു. പൊലീസ് വീട് വളയുന്നതിന് മിനിറ്റുകള്‍ക്കുമുമ്പ് ഇയാള്‍ രക്ഷപ്പെട്ടു. മരിയാര്‍ പൂതത്തിന്റെ ഭാര്യ പുനിതയെ നോര്‍ത്ത് പൊലീസ് 2012ല്‍ പിടികൂടിയിരുന്നു. ഭര്‍ത്താവ് മോഷ്ടിച്ചു കൊണ്ടുവരുന്ന സാധനങ്ങള്‍ വിറ്റിരുന്നത് പുനിതയായിരുന്നു.     

 

 

Latest News