Sorry, you need to enable JavaScript to visit this website.

നിങ്ങളിലെ സംരംഭകനെ എങ്ങനെ കണ്ടെത്താം

ഒരു ബിസിനസ് തുടങ്ങാൻ നമ്മൾ ശ്രമം ആരംഭിക്കുമ്പോൾ പലതരം ചിന്തകളിലൂടെ കാര്യങ്ങളെ വിലയിരുത്തി തീരുമാനത്തിലെത്തിയാണ് അതിന് ആരംഭം കുറിക്കുന്നത്. ഏതൊക്കെയാണ് അത്തരം ചിന്തകളെന്നും എന്തൊക്കെയാണ് ആധികാരികമായി നമ്മൾ പരിഗണിക്കേണ്ട വിഷയമെന്നും നമ്മൾക്ക് ഇന്ന് ചർച്ച ചെയ്യാം.
ആദ്യമേ പറയട്ടെ, ബിസിനസിന് ഏറ്റവും ആധികാരികമായ ഘടകം നിങ്ങൾ നൽകാൻ പോവുന്ന സേവനസംവിധാനം ആവശ്യമുള്ള ഉപഭോക്തൃ നിരയുണ്ടോ എന്നുള്ളതാണ്. ഓരോ പ്രദേശത്തും ഓരോ സേവനത്തിനും അതിന്റെ ആവശ്യകതക്കും ആവശ്യക്കാരുടെ ഏറ്റക്കുറച്ചിലുകൾ വളരെയുണ്ടാവും. അങ്ങനെ വരുമ്പോൾ ബിസിനസിന് തിരഞ്ഞെടുക്കുന്ന ഭൂപ്രദേശം എന്നതും അതുപോലെ അവിടെത്തെ ആളുകളുടെ ജീവിതരീതിയും അതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ജനങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമാണെങ്കിലും പലപ്പോഴും ബിസിനസ്സ് താഴോട്ട് വരാൻ പ്രധാന കാരണം ജനസംഖ്യയേക്കാൾ പ്രധാനം ജനങ്ങളുടെ ആവശ്യകതയാണ്. അത് പലപ്പോഴും അതാതു നാടുകളിലെ ജനങ്ങളുടെ ആളോഹരി വരുമാനത്തിന്റെ തോതനുസരിച്ചു വളരെ വ്യത്യസ്തമായിരിക്കും പല സ്ഥലങ്ങളിലും. തന്നെയുമല്ല ഏതു ബിസിനസ്സ് തുടങ്ങുമ്പോഴും ഇന്നത്തെ അവസ്ഥയിൽ ഏറ്റവും പ്രധാനം സ്ഥാപനത്തിലേക്ക് വരുന്ന ആളുകൾക്ക് വേണ്ട പാർക്കിങ് സംവിധാനം നൽകാൻ കഴിയുമോ എന്ന് കൂടി പരിഗണിക്കണം. നമ്മുടെ നാട്ടിലെ ഇന്നത്തെ ഒരു സാങ്കേതിക പോരായ്മയാണ് സ്ഥാപനകൾക്ക് പലപ്പോഴും മതിയായ പാർക്കിങ് സംവിധാനം ഇല്ലാത്തതും അതുമൂലം ആവശ്യക്കാരായ ആളുകൾ പോലും ദൂരങ്ങളിൽ പോയി അവർ സേവനങ്ങളും ഉൽപന്നങ്ങളും വാങ്ങി വരും. നഗരങ്ങൾക്കുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കാൾ നല്ല ബിസിനസ്സ് പലപ്പോഴും വഴിയോരങ്ങളിൽ കാണുന്ന സ്ഥാപനങ്ങളിൽ കൊണ്ടുവരാൻ പ്രധാന കാരണം അവർക്ക് നല്ല പാർക്കിങ് സംവിധാനം കൊടുക്കാൻ കഴിയുന്നു എന്നതാണ്. മാർക്കറ്റിങ് സംബന്ധമായ പല സ്ട്രാറ്റജികളും നമ്മൾ നടപ്പിലാക്കുമ്പോൾ അക്കാദമിക് തലത്തിൽ ഇന്നും നമ്മൾ ചർച്ച ചെയ്യാത്ത പ്രധാന വിഷയമാണ് പാർക്കിങ് എന്നതും അതിന്റെ  ആവശ്യകത ഒരു ബിസിനസിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതും. തീർച്ചയായും നമ്മുടെ നിക്ഷേപത്തെ വളരാൻ സഹായിക്കുന്ന ഘടകമാണ് ഇത്തരം ഉപഭോക്താവിന്റെ  മനസ്സറിഞ്ഞു കൊണ്ടുള്ള ഇടപെടലുകൾ.
ഒരു ബിസിനസ്സ് തുടങ്ങാൻ ശ്രമം ആരംഭിക്കുമ്പോൾ രണ്ടു പ്രധാന കാര്യങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒന്ന് ആവശ്യകത മറ്റൊന്ന് സേവന തൽപരത. ഈ രണ്ടുകാര്യങ്ങളും സമാസമം ഉണ്ടെങ്കിൽ മാത്രമേ അവിടെ ബിസിനസ്സ് പച്ചപിടിക്കാൻ  സാധ്യതയുള്ളൂ. ഇല്ലെങ്കിൽ വളരെ വലിയ ആപത്തിൽ നമ്മുടെ സമയവും സമ്പത്തും നമ്മൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഒരു ബിസിനസ് സർവേ നടത്തി പ്ലാൻ ചെയ്യുക എന്നതാണ് ഏറ്റവും ഉത്തമമായ മാർഗവും സുരക്ഷിതവും. ഇവിടെ രണ്ടാമതായി പറഞ്ഞ സേവന തൽപരത എന്നത് ഇരുപത്തിനാലു മണിക്കൂറും നിങ്ങൾ ആ ജോലിയിൽ വ്യാപൃതനായാലും ഒരു മടിയോ ക്ഷീണമോ നിങ്ങൾക്ക് തോന്നാത്ത ഒന്നായിരിക്കണം നിങ്ങൾ തെരഞ്ഞെടുക്കുന്ന ബിസിനസ്സ്. ബിസിനസ്സിൽ ഇമോഷണൽ ഇൻവെസ്റ്റ്‌മെന്റ് എന്നത് നമ്മൾ നിക്ഷേപം നടത്തുന്ന സമ്പത്തിനേക്കാൾ എത്രയോ മടങ്ങ് മൂല്യമുള്ളതാണ്. ഇമോഷണൽ ഇൻവെസ്റ്റ്‌മെന്റ് ഇല്ലാത്ത ഏതു സ്ഥാപനവും വളരെ പെട്ടെന്ന് പ്രശ്‌നങ്ങളിൽ അകപ്പെടാനും മറ്റുള്ളവരുടെ അനാവശ്യ കൈകടത്തലുകൾ കാരണം ഇല്ലാതാവാനും സാധ്യത വളരെ കൂടുതലാണ്. നിങ്ങൾക്ക് ഇമോഷണൽ ഇൻവെസ്റ്റ്‌മെന്റ് നൽകാൻ കഴിയുമെങ്കിൽ ആർക്കും നിങ്ങളുടെ സ്ഥാപനത്തെ പിന്നോട്ട് നയിക്കാൻ കഴിയില്ല. ഇമോഷണൽ ഇന്റലിജൻസ് & ഇൻവെസ്റ്റ്‌മെന്റ് എന്നത് ഏതു സ്ഥാപനത്തെയും മുന്നോട്ടു നയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത് രണ്ടും ഇല്ല എങ്കിൽ നിങ്ങൾ തുടങ്ങുന്ന ഏതു സമയത്തും പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടിവരും.
അതുപോലെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് ബിസിനസ്സ് തുടങ്ങി വർഷങ്ങൾ കഴിഞ്ഞല്ല ആ സ്ഥാപനത്തെ ലാഭത്തിലേക്കു എത്തിക്കേണ്ടത്. തുടക്കം മുതൽ തന്നെ സ്ഥാപനം ലാഭത്തിൽ പോവുന്ന അവസ്ഥ നമ്മൾ ഉണ്ടാക്കിയെടുക്കണം. അതിനുള്ള പ്രധാന മാർഗമാണ് ആവശ്യക്കാർ ഏറ്റവും നിറഞ്ഞുനിൽക്കുന്ന ഭൂപ്രദേശം തിരിച്ചറിഞ്ഞു അവിടങ്ങളിൽ നിക്ഷേപം നടത്തി മുന്നോട്ട് പോവുക. ലാഭം പിന്നീട് ആവാം തുടക്കത്തിൽ മാനേജ് ചെയ്തു പോയാൽ മതിയെന്നാണ് തീരുമാനമെങ്കിൽ അത് നിങ്ങളുടെ നിക്ഷേപത്തെ വർഷാവർഷം വളരെ വേഗത്തിൽ പിന്നോട്ട് നയിക്കുകയും ക്യാപിറ്റൽ ഡിപ്രീസിയേഷൻ പോലുള്ള കാര്യങ്ങൾ മൂലം നമ്മളറിയാതെ ബിസിനസിന് മുന്നോട്ടുപോവാനുള്ള ഊർജ്ജം നഷ്ടപ്പെടുകയും ചെയ്യും. ഏറ്റവും ഉപഭോക്തൃ നിരയുള്ള മേഖലയെതെന്നു കണ്ടത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ബിസിനസ്സ് െ്രെബൻസ്‌റ്റോമിങ് നടത്തുകയെന്നത്.
പലയാളുകളുടെയും ബിസിനസ്സ് പല കാരണങ്ങൾ മൂലം അടച്ചുപൂട്ടൽ നേരിടാൻ പ്രധാന കാരണം നമ്മൾ നിൽക്കുന്ന മേഖലയിൽ എല്ലാവരും ഒരേ ബിസിനസ്സ് തുടങ്ങി മാർക്കറ്റ് ആർക്കും ലഭിക്കാത്ത അവസ്ഥയുണ്ടാകുമ്പോഴാണ്. ബിസിനസ്സ് പലപ്പോഴും ജിയോഗ്രഫി ബന്ധിതമാണ്. അത്തരം സ്ഥലങ്ങൾ തിരിച്ചറിഞ്ഞു നമ്മൾ ഒന്ന് മാറിനിന്നു വേണം ബിസിനസിനെ കാണാനും മുന്നോട്ടു നയിക്കാനും. ലോകത്തെ പല ബ്രാൻഡുകളും വിവിധ രാജ്യങ്ങളിൽ പടർന്നു നിൽക്കാൻ കാരണം അവരുടെ ജിയോഗ്രഫി സെലക്ഷൻ സ്ട്രാറ്റജിയാണ്. പ്രവാസികൾക്ക് ഇന്ത്യയിൽ ബിസിനസ് തുടങ്ങണം എന്നാഗ്രഹമുണ്ടെകിൽ തീർച്ചയായും നമ്മൾ കേരളത്തെപോലെ തന്നെ ഇതര സംസ്ഥാനങ്ങളിലും നിക്ഷേപം നടത്താൻ ശ്രമം നടത്തണം. ഇന്ത്യയിലെ മറ്റുപല സംസ്ഥാനങ്ങളും വിദേശനാണ്യ ശൃംഖലയുമായി കൂടുതൽ ബന്ധം ഇല്ലാത്തതുകൊണ്ട് തന്നെ അവിടങ്ങളിലെ ദൈനംദിന ഇടപാടുകളിൽ ഒരു കുറവും സംഭവിക്കുന്നില്ല എന്ന് മാത്രമല്ല ബിസിനസ്സ് ഇതര സാമ്പത്തിക ഘടകങ്ങളെ ഒട്ടും മോശമായി ബാധിക്കുന്നുമില്ല. കർണാടക, തമിഴ്‌നാട് എന്നിവ ഭൂവിസ്തൃതി  വളരെ കൂടിയ സംസ്ഥാനങ്ങളായതുകൊണ്ട് പല പ്രവാസി സംരംഭങ്ങളും വളരെ വേഗത്തിൽ വളർച്ച നേടാൻ നമ്മളെ സഹായിക്കുന്നു. തന്നെയുമല്ല സംസ്ഥാനങ്ങൾ തമ്മിൽ ഇത്തരം കാര്യങ്ങളിൽ ഒരു സമവായം എത്തിക്കഴിഞ്ഞാൽ പലപ്പോഴും പ്രവാസി ബിസിനസ് നന്നായി മുന്നോട്ട് പോവാൻ ഇത്തരം ഐക്യപ്പെടലും സമവായവും വളരെയധികം സഹായിക്കും.

Latest News