Sorry, you need to enable JavaScript to visit this website.

മെറ്റാവേഴ്‌സിന്റെ  അനന്തസാധ്യതകൾ

പണമുണ്ടാക്കാനുള്ള പുതുലോകമാണ് മെറ്റാവേഴ്‌സ് എന്ന ആധുനിക സാങ്കേതികവിദ്യ നമുക്കുമുന്നിൽ തുറന്നിട്ടിരിക്കുന്നത്. നിക്ഷേപസാധ്യതകൾ ഏറെയുള്ള ഈ ബിസിനസിലൂടെ നിരവധി തൊഴിലവസരങ്ങളും സാധ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങൡലൂടെ മാത്രം കാര്യങ്ങൾ ഗ്രഹിച്ചിരുന്ന ആ പഴയ കാലത്തോടു നമുക്ക് ഗുഡ് ബൈ പറയാം. തൊട്ടുനോക്കിയും ചങ്ങാതിമാർക്ക് കൈമാറിയുമെല്ലാം ഹൃദയത്തിന്റെ തുടിപ്പറിയുന്ന വിദ്യ. കണ്ണുകളുടെ ഓരോ പാളിയും അടർത്തിയെടുത്ത് പരിശോധനയ്ക്കു വിധേയമാക്കാനാവുന്ന പുത്തൻ സാങ്കേതികവിദ്യ. കോഴിക്കോട് മെഡിക്കൽ കോളേജ്  കാമ്പസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളുടെ സയൻസ് ലാബിലെത്തിയാൽ നിങ്ങൾക്കും ഇത് ബോധ്യമാകും. ഓരോന്നും തൊട്ടും കൈമാറിയും വേർതിരിച്ചുനോക്കിയും പഠിക്കാൻ കഴിയുന്ന പുതിയൊരു ലോകമാണ് നമ്മെ എതിരേൽക്കാൻ ഒരുങ്ങുന്നത്.

എന്താണ് മെറ്റാവേഴ്‌സ്

1992ൽ നീൽ സ്റ്റീഫെൻസൺ എഴുതിയ സ്‌നോ ക്രാഷ് എന്ന സയൻസ് ഫിക്ഷൻ നോവലിലാണ് മെറ്റാവേഴ്‌സ് എന്ന പേര് ആദ്യമായി ഉപയോഗിക്കുന്നത്. യഥാർത്ഥ ലോകത്തിന്റെ ത്രിഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാരങ്ങളായി മനുഷ്യർ ഇടപഴകുന്ന ഇടമായാണ് മെറ്റാവേഴ്‌സിനെ ഈ നോവലിൽ അവതരിപ്പിക്കുന്നത്. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റർനെറ്റ് എന്നും സ്റ്റീഫൻസൺ മെറ്റാവേഴ്‌സിനെ വിശേഷിപ്പിക്കുന്നുണ്ട്.
നിത്യജീവിതത്തിലെ എല്ലാ മേഖലകളിലും മെറ്റാവേഴ്‌സിന്റെ ഇടപെടൽ സജീവമാവുകയാണ്. ഗെയിമുകൾക്കും വിനോദ സഞ്ചാരലോകത്തും ബിസിനസ് ആവശ്യങ്ങൾക്കും ഗവേഷണങ്ങൾക്കുമെല്ലാം മെറ്റാവേഴ്‌സിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. സോഷ്യൽ മീഡിയയുടെ ഭാവി മെറ്റാവേഴ്‌സിലാണെന്ന ചിന്തയാണ് ഫേസ് ബുക്ക് എന്ന കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റാൻ കമ്പനി മേധാവിമാർക്ക് സക്കർബർഗിനെ പ്രേരിപ്പിച്ചത്. കമ്പനിയുടെ ഭാവി മെറ്റാവേഴ്‌സ് അനുബന്ധിത സാങ്കേതികവിദ്യകളിൽ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാവുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മെറ്റാവേഴ്‌സിൽ നടക്കുന്നതെന്ത്

യഥാർഥ ലോകത്ത് എന്തൊക്കെ നടക്കുന്നുവോ അതുമാത്രമല്ല, അതിലപ്പുറവും ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാവുന്നു. ആളുകളുമായി പരസ്പരം സംവദിക്കാം. സ്ഥലം വാങ്ങാം, വീട് നിർമ്മിച്ചുനോക്കാം, വസ്ത്രം ധരിച്ചുനോക്കാം, എന്തിന് കല്യാണം പോലും നടത്താമെന്ന് ഈ വിദ്യ കണ്ടെത്തിയിരിക്കുന്നു. ഓരോ മേഖലയിലെയും വമ്പന്മാർ മെറ്റാവേഴ്‌സിലെ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. മെറ്റാവേഴ്‌സിൽ ഒരു ട്രില്യൻ ഡോളറിന്റെ ബിസിനസ് അവസരങ്ങളാണ് തുറന്നുവരുന്നത് ജെ.പി. മോർഗനും പ്രതീക്ഷിക്കുന്നുണ്ട്.  മെറ്റാവേഴ്‌സ് എന്ന ആശയം ഫേസ് ബുക്കിന്റെ മാത്രം സൃഷ്ടിയല്ല. എപ്പിക് ഗെയിംസ്, റോബ്‌ളോക്‌സ് കോർപ്പറേഷൻ, എൻവിഡിയ പോലുള്ള ഗെയിമിങ്ങ് കമ്പനികൾ ഇതിനകം തന്നെ സ്വന്തം മെറ്റാവേഴ്‌സ് പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു.
ഓൺലൈൻ ഇടപെടലും ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സങ്കേതങ്ങളും ഒന്നിക്കുന്ന സമ്മിശ്രലോകമാണ് മെറ്റാവേഴ്‌സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാൻ കഴിയും. ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാകുന്നതോടൊപ്പം പരസ്പരം കാണാനും സംസാരിക്കാനും കഴിയും.
പണ്ടുകാലത്ത് കാർട്ടൂണുകൾ കാണുമ്പോൾ ആ ലോകത്തെത്താൻ നമ്മളും ആഗ്രഹിച്ചിട്ടില്ലേ. പബ്ജി, കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകൾ കളിക്കുമ്പോഴും ഒരു റേസിങ് ഗെയിമോ ഫൈറ്റിങ് സ്േപാർട്‌സ് ഗെയിമോ കളിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളായി മാറാനും ആഗ്രഹമുണ്ടാകാറില്ലേ. ഈഫൽ ടവറിനെ ചുറ്റിക്കാണാനും താജ്മഹലിനകത്ത് കയറാനും സാധിച്ചാലോ. യഥാർഥ ലോകത്തിലെന്നപോലെ ഇത്തരം സാധ്യതകൾ യാഥാർഥ്യമാക്കുന്ന സങ്കേതമാണ് മെറ്റാവേഴ്‌സ്. 
ഇതിനായി ഇവയുടെ ത്രി ഡി ചിത്രങ്ങൾ നിർമ്മിച്ച് വെർച്വൽ ബോക്‌സിലേയ്ക്ക് അറ്റാച്ച് ചെയ്യുകയാണ് ചെയ്യുന്നത്. സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ത്രിഡി ലോകമാണ് വെർച്വൽ റിയാലിറ്റിയിലൂടെ സാധ്യമാകുന്നത്. ത്രീഡി സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിർമ്മിച്ച സ്ഥലങ്ങളിലേയ്ക്ക് അത് ഓഫീസാകാം, കെട്ടിടമാകാം അവിടെ വി. ആർ. ബോക്‌സിന്റെ സഹായത്തോടെ പ്രവേശിക്കാനും, അത്തരത്തിൽ പ്രവേശിച്ചവരുമായി സംവദിക്കാനും ഇടപഴകാനും കഴിയുന്നു എന്നതാണ് മെറ്റാവേഴ്‌സ് ഒരുക്കുന്ന സൗകര്യം.

മെറ്റാവേഴ്‌സിന്റെ സാധ്യതകൾ

മെറ്റാവേഴ്‌സ് ചൊവ്വ ഡിസൈൻ ചെയ്യാനായി നാസ എഴുപതിനായിരം ഡോളറിന്റെ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വയിൽ നാസ കണ്ട കച്ചവടസാധ്യതയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. അതുപോലെ റിയൽ എസ്‌റ്റേറ്റ് രംഗത്ത് വമ്പൻ കുതിപ്പിനാണ് മെറ്റാവേഴ്‌സ് ഒരുങ്ങുന്നത്. വിൽപനയും വാടകയ്ക്ക് നൽകലുമെല്ലാമായി യഥാർത്ഥ ലോകത്തിനപ്പുറം ചലിക്കാൻ മെറ്റാവേഴ്‌സിലെ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
റിയൽ എസ്‌റ്റേറ്റ് രംഗത്തു മാത്രമല്ല, വിദ്യാഭ്യാസരംഗത്തും മാറ്റത്തിന്റെ വിപ്ലവം വിളംബരം ചെയ്യുകയാണ് മെറ്റാവേഴ്‌സ്. ചരിത്രവും ഭൂമിശാസ്ത്രവും ബയോളജിയുമെല്ലാം അനുഭവിച്ചറിഞ്ഞ് പഠിക്കാൻ കഴിയുന്ന തരത്തിലുള്ള കഌസുകളാണ് പല എഡ് ടെക് കമ്പനികളും വിഭാവനം ചെയ്യുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള പ്രൊഫസർമാരുമായും ശാസ്ത്രജ്ഞരുമായും സംസാരിക്കാനും യൂണിവേഴ്‌സിറ്റികളെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയുന്നതോടെ മെറ്റാവേഴ്‌സ് അറിവിന്റെ അനന്തസാധ്യതകളാണ് തുറന്നിടുന്നത്.
ഫാഷൻ ഡിസൈനിംഗ് രംഗത്തേയ്ക്കും മെറ്റാവേഴ്‌സ് കടന്നുവന്നുകഴിഞ്ഞു. ഓൺലൈൻ ഷോപ്പിങ്ങിൽ വാങ്ങുന്ന സാധനങ്ങൾ ശരീരത്തിന് ചേരുന്നതാണോ എന്ന് ധരിച്ചുനോക്കി മനസ്സിലാക്കാൻ കഴിയുന്നില്ല എന്നതായിരുന്നു പ്രധാന ന്യൂനത. എന്നാൽ മെറ്റാവേഴ്‌സിന് ഇതിനും പരിഹാരം കാണുന്നു. ആഭരണങ്ങളും കോസ്‌മെറ്റിക്‌സുകളും വെർച്വൽ ട്രയൽ ഔട്ട് ചെയ്യാൻ മെറ്റാവേഴ്‌സ് സഹായിക്കുന്നു. മാത്രമല്ല, ഫാഷൻ ഷോ, കോസ്റ്റിയൂം എക്‌സ്‌പോ തുടങ്ങി വാങ്ങാനും വിൽക്കാനും പ്രദർശിപ്പിക്കാനുമുള്ള ഒരു വലിയ ലോകംതന്നെയാണ് ഈ സാങ്കേതികവിദ്യ തുറന്നിടുന്നത്. വീട് നിർമ്മാണരംഗത്തും കെട്ടിട നിർമ്മാണരംഗത്തും മെറ്റാവേഴ്‌സിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സ്ഥലം കണ്ടെത്തി അവിടെ വീടോ കെട്ടിടമോ നിർമ്മിച്ച് പരീക്ഷണം നടത്താനും വീടിനുള്ളിൽ കയറിനോക്കാനും വഴിയൊരുക്കുന്നു.
മെഡിക്കൽ രംഗമാണ് മെറ്റാവേഴ്‌സിന്റെ രാശി തിരുത്തിക്കുറിക്കാൻ പോകുന്നത്. ഡോക്ടറെ കാണാനും രോഗനിർണ്ണയം നടത്താനും ആന്തരിക അവയവങ്ങൾ നേരിട്ട് കാണാനും ശരീരത്തിന്റെ സ്‌കെൽട്ടൻ അനാലിസിസ് തുടങ്ങി വെർച്വൽ ഡോക്ടറുടെ സേവനംപോലും അതിവിദൂരമല്ല. അമേരിക്കയിലോ ലണ്ടനിലോ ഉള്ള ഡോക്ടർമാരുടെ സേവനം പോലും ഈ സാങ്കേതികവിദ്യയിലൂടെ ഉപയുക്തമാകുന്നു.
മീറ്റിങ്ങുകൾ, ടൂറിസം മേഖല, ഉൽപന്നങ്ങളുടെ നിർമ്മാണം, വിപണനം, വാഹനങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ, സിനിമകൾ, പരസ്യലോകം, ഗെയിമുകൾ തുടങ്ങി ഒട്ടേറെ സാധ്യതകളാണ് മെറ്റാവേഴ്‌സ് നമുക്കു മുന്നിൽ തുറന്നിടുന്നത്.

ജോലിസാധ്യതകൾ

മെറ്റാവേഴ്‌സ് എന്ന സാങ്കേതികവിദ്യ പിച്ചവെച്ചു തുടങ്ങുന്നതേയുള്ളു. എന്നാൽ ഭാവിയിൽ മികച്ച ശമ്പളത്തോടെ നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖല തുറന്നിടുന്നത്. യഥാർഥ ലോകത്ത് എന്തൊക്കെയുണ്ടോ അതും അതിലപ്പുറവും സാങ്കതികമായും സാങ്കൽപികമായും സൃഷ്ടിക്കാനാകണം. ടി.സി. എസും യു. എസ്. ടിയും മെറ്റാവേഴ്‌സ് അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സൈബർ പാർക്കുകൡും ഐ.ടി. പാർക്കുകളിലുമെല്ലാം മെറ്റാവേഴ്‌സ് കടന്നുവരാൻ അധികനാളുകൾ വേണ്ടിവരില്ല. ഡവലപ്പർമാർ, ഡിസൈനർമാർ, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവുകൾ, നിയമവിദഗ്ധർ, സൈബർ സെക്യൂരിറ്റി വിദഗ്ധർ, പഌനർമാർ, ഹാർഡ് വെയർ എൻജിനീയർമാർ... തുടങ്ങി നിരവധി തൊഴിലവസരങ്ങളാണ് ഈ രംഗത്തുണ്ടാകാൻ പോകുന്നത്.

വെല്ലുവിളികൾ

ഉപകരണങ്ങളുടെ ലഭ്യതക്കുറവും വിലക്കൂടുതലുമാണ് മെറ്റാവേഴ്‌സ് മേഖല നേരിടുന്ന വെല്ലുവിളിയെന്ന് ഈ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, കേരളത്തിലെ ബിസിനസുകാർക്കിടയിൽ മെറ്റാവേഴ്‌സിനെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നതും  പ്രധാന വെല്ലുവിളിയാണ്. എന്തുതന്നെയായാലും അടുത്ത പത്തുവർഷത്തിനുള്ളിൽ ഈ സാങ്കേതികവിദ്യ ജനകീയമായിത്തീരും എന്ന കാര്യത്തിൽ വിദഗ്ധർക്ക് എതിരഭിപ്രായമില്ല.

Latest News