Sorry, you need to enable JavaScript to visit this website.

കൊപ്ര വിപണി സമ്മർദ്ദത്തിൽ,  സ്വർണ വില വീണ്ടും കൂടി 

കൊച്ചി- പകൽ ചൂട് കനത്തതോടെ ഇലപൊഴിച്ചിൽ രൂക്ഷം, റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ചുരുങ്ങി. ദക്ഷിണേന്ത്യൻ തോട്ടങ്ങളിൽ തേയില  കൊളുന്ത് നുള്ള് ആവേശത്തിൽ. ഏലക്ക ശേഖരിക്കാൻ ആഭ്യന്തര വിദേശ വാങ്ങലുകാർ മത്സരിച്ചു. ആഭ്യന്തര ഡിമാൻറ് മങ്ങിയത് കുരുമുളകിനെ തളർത്തി. കൊപ്ര വിപണി സമ്മർദ്ദത്തിൽ, വില തകർച്ച കാർഷിക മേഖലയെ പിരിമുറുക്കത്തിലാക്കി. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. 
 പകൽ ചൂട് കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റബർ മരങ്ങളിൽ ഇലപൊഴിച്ചിൽ വ്യാപകം. തുലാമാസത്തിന് മുന്നേ റബർ ഉൽപാദനം ഉയർത്താനുള്ള ശ്രമത്തിലായിരുന്നു കർഷകർ. ഇതിനിടയിൽ ചൂട് കനത്തതിനൊപ്പം ഇല പൊഴിച്ചിലും തുടങ്ങിയതോടെ റബർ മരങ്ങളിൽ നിന്നുള്ള യീൽഡ് ഗണ്യമായി കുറഞ്ഞു. ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് പാൽ ചുരത്താൻ മരങ്ങൾക്കാവാത്ത സാഹചര്യത്തിൽ മുന്നിലുള്ള രണ്ടാഴ്ച്ചകളിൽ ഷീറ്റ് ഉൽപാദനം കുറയാൻ സാധ്യത. തുലാവർഷം ആരംഭിക്കുന്നതോടെ കാലാവസ്ഥ വീണ്ടും മാറി മറിയും. 
     ഉൽപാദന മേഖലയിൽ നിന്നുള്ള വാർത്തകൾ അത്ര സുഖകരമല്ലെന്ന് വ്യക്തമായതോടെ ടയർ വ്യവസായികൾ നിരക്ക് ചെറിയതോതിൽ ഉയർത്തി, വാരാവസാനം നാലാം ഗ്രേഡ് 15,000 രൂപയായി. അഞ്ചാം ഗ്രേഡ് റബർ 14,000-14,600 രൂപയിലുമാണ്. 
   മികച്ച കാലാവസ്ഥ നേട്ടമാക്കി ദക്ഷിണേന്ത്യൻ തേയില തോട്ടങ്ങളിൽ കൊളുന്ത് നുള്ള് മുന്നേറുന്നു. വിദേശ ഓർഡറുകൾ ഉറപ്പിച്ച കയറ്റുമതിക്കാരും ആഭ്യന്തര കമ്പനികൾക്കും ഉയർന്ന അളവിൽ തേയില വാങ്ങാൻ ലേലത്തിൽ മത്സരിച്ചു. ഓർത്തഡോക്‌സ്, സി റ്റി സി ഇനങ്ങൾക്ക് വിദേശ അന്വേഷണങ്ങളുണ്ട്. ശ്രീലങ്കൻ സാമ്പത്തിക മാന്ദ്യം അവരുടെ കയറ്റുമതികളുടെ താളം തെറ്റിച്ചത് ഇന്ത്യയ്ക്ക് നേട്ടമായി. 
   യു എ ഇ യും ഇറാനും ദക്ഷിണേന്ത്യൻ തേയിലയിൽ പിടിമുറുക്കി. റഷ്യ, യു എസ്, ഇറാഖ്,  തുർക്കി,  പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ഈ വർഷം ഉയർന്ന അളവിൽ തേയില കയറ്റുമതി നടത്തി. വിദേശ ഓർഡറുകളുടെ വരവ് കണക്കിലെടുത്താൽ ഇന്ത്യൻ തേയില കയറ്റുമതി സർവകാല റെക്കോർഡ് നിലവാരമായ 225 ദശലക്ഷം കിലോയിലേയ്ക്ക് പ്രവേശിക്കാം.  
   ഏലക്ക വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ലേലത്തിനുള്ള ചരക്ക് വരവ് ഉയർന്നു. ആഭ്യന്തര വിദേശ ഇടപാടുകാർ ചരക്ക് സംഭരിക്കാൻ ഉത്സാഹിച്ചു. പല അവസരത്തിലും ശരാശരി ഇനങ്ങൾ 900-1000 റേഞ്ചിൽ നീങ്ങി. മികച്ചയിനങ്ങൾ വാരാന്ത്യം 1395 രൂപയിലാണ്. വാരത്തിന്റെ തുടക്കത്തിൽ മികച്ചയിനം കിലോ 1630 രൂപ വരെ ഉയർന്നങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കരുത്ത് നിലനിർത്താൻ ഏലത്തിനായില്ല. 
    ഉത്തരേന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. രണ്ട് വർഷങ്ങളിൽ കോവിഡ് ഭീതി മൂലം നവരാത്രി വേളയിൽ ഏലത്തിന് ഡിമാന്റ് കുറവായിരുന്നെങ്കിലും ഇക്കുറി അവർ ഉയർന്ന അളവിൽ ചരക്ക് ശേഖരിച്ചു. 
ഉത്സവ ദിനങ്ങളിൽ വില ഉയർത്തി കുരുമുളക് ശേഖരിക്കാൻ ഉത്തരേന്ത്യക്കാർ എത്തുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. താഴ്ന്ന വിലയ്ക്ക് ഇറക്കുമതി ചരക്ക് അവിടെ ലഭ്യമായതോടെ നാടൻ മുളകിന് ആവശ്യക്കാരില്ല. കർണാടകയിലെ വൻകിട തോട്ടങ്ങൾ സ്‌റ്റോക്ക് വിൽപ്പന നടത്തുന്നുണ്ട്. ഇതിനിടയിൽ കേരളത്തിലും ചെറിയതോതിലുള്ള വിൽപ്പനക്കാരുണ്ട്. നിരക്ക് താഴുന്നതാണ് ചരക്ക് ഇറക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്. അതേ സമയം ദീപാവലിക്ക് മൂന്നാഴ്ച്ച ശേഷിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻറ് ഉയരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം. കൊച്ചിയിൽ അൺ ഗാർബിൾഡ് 49,500 രൂപയിൽ നിന്നും 49,200 രൂപയായി. 
  അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 6300 ഡോളർ. ബ്രസീൽ 2650 ഡോളറിനും ഇന്തോനേഷ്യ 3825 ഡോളറിനും വിയെറ്റ്‌നാം 33003400 ഡോളറിനും മലേഷ്യ 5900 ഡോളറിനും ശ്രീലങ്ക 5300 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.  
   തമിഴ്‌നാട്ടിൽ കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും ഡിമാൻറ് മങ്ങിയത് വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി. വെളിച്ചെണ്ണയ്ക്ക് ഓണ വേളയിൽ പോലും ഡിമാൻറ് അനുഭവപ്പെടാഞ്ഞത് പല മില്ലുകാരെയും സാമ്പത്തികമായി തളർത്തി. വ്യവസായികൾ സ്‌റ്റോക്കുള്ള എണ്ണ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായതോടെ അവർ പച്ചതേങ്ങ സംഭരണം കുറച്ചത് കൊപ്രയ്ക്കും തിരിച്ചടിയായി. കൊച്ചിയിൽ കൊപ്ര 7800 ൽ നിന്ന് 7500 ലേയ്ക്ക് ഇടിഞ്ഞു. വെളിച്ചെണ്ണയ്ക്കും 300 രൂപ കുറഞ്ഞ് 13,000 രൂപയായി. 
   കേരളത്തിൽ സ്വർണ വില വീണ്ടും മുന്നേറി.  ആഭരണ വിപണികളിൽ പവൻ 36,800 രൂപയിൽ നിന്നും 36,640 ലേയ്ക്ക് താഴ്ന്നു. എന്നാൽ പിന്നീട് നിരക്ക് കുതിച്ച് 37,320 രൂപയിലെത്തിയെങ്കിലും ശനിയാഴ്ച്ച പവൻ 37,200 ലാണ്. 
    ന്യൂയോർക്കിൽ സ്വർണ വില ഔൺസിന് 1644 ഡോളറിൽ നിന്നും 1615 ലേയ്ക്ക് ഇടിഞ്ഞ ശേഷം ശക്തമായ തിരിച്ചു വരവിൽ വാരാന്ത്യം 1661 ഡോളറിലാണ്. 
  

Latest News