Sorry, you need to enable JavaScript to visit this website.

ആഗോള ഓഹരി സൂചികകളിൽ വൻ ചാഞ്ചാട്ടം

ആഗോള ഓഹരി സൂചികകളിലെ വൻ ചാഞ്ചാട്ടം വിദേശ ഫണ്ടുകളിലും  ഊഹകച്ചവടക്കാരിലും ആശങ്ക ഉളവാക്കിയതിനാൽ കരുതലോടെ ഈ വാരം നീക്കം നടത്താൻ സാധ്യത. സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്താൻ കേന്ദ്ര ബാങ്കുകൾ നടത്തുന്ന നീക്കങ്ങൾക്കിടയിൽ നാണയപ്പെരുപ്പം ഉയരങ്ങളിൽ നീങ്ങുന്നത് നിക്ഷേപകരിൽ ആശങ്ക പരത്തി.  
   പ്രതിസന്ധികൾക്ക് മുന്നിൽ ആടി ഉലഞ്ഞ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും കനത്ത തകർച്ചയിലാണ്. പലിശ ഉയർത്തി സ്ഥിതി  നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് പുരോഗമിക്കുന്നു. ഇന്ത്യൻ മാർക്കറ്റ് മൂന്നാം വാരത്തിലും നഷ്ടത്തിലാണ്. സെൻസെക്‌സ് 672 പോയിന്റും നിഫ്റ്റി സൂചിക 233 പോയിന്റും ഇടിഞ്ഞു.
    നിഫ്റ്റി 17,327 പോയിന്റിൽ നിന്നും തകർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. പിന്നിട്ടവാരം സൂചിപ്പിച്ച 17,111 ലെ താങ്ങ് തകർത്ത് 16,747 ലേയ്ക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യത്തിലെ പുൾ ബാക്ക് റാലിയിൽ നിഫ്റ്റി 17,187 പോയിന്റിലേയ്ക്ക് കയറി. എന്നാൽ മാർക്കറ്റ് ക്ലോസിങിൽ സൂചിക 17,094 ലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 17,271 ലേയ്ക്കും തുടർന്ന് 17,449 ലേയ്ക്കും ഉയർത്താനാവും, അതേ സമയം വിദേശ ഓപ്പറേറ്റർമാർ വിൽപ്പന തുടർന്നാൽ 16,831-16,569 റേഞ്ചിലേയ്ക്ക് വിപണി പരീക്ഷണം നടത്താം. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്, പാരാബോളിക്ക് എസ് എ ആർ സെല്ലിങ് മൂഡിലാണ്. 
    വാരാന്ത്യ ദിനത്തിലെ കുതിപ്പിൽ സെൻസെക്‌സ് 1000 പോയിന്റിൽ അധികം നേട്ടം സ്വന്തമാക്കിയെങ്കിലും പിന്നിട്ടവാരം വിപണി 672 പോയിന്റ് നഷ്ടത്തിലാണ്. മുൻവാരത്തിലെ 58,098 ൽ നിന്നും 56,147 ലേയ്ക്ക് ഇടിഞ്ഞ അവസരത്തിലാണ് ആർ ബി ഐ പലിശ നിരക്കുകൾ പുതുക്കിയത്. ഊഹക്കച്ചവടക്കാരും വിദേശ ഓപ്പറേറ്റർമാരും ഷോട്ട് കവറിങിന് ഉത്സാഹിച്ചതോടെ സൂചിക 57,722 പോയിന്റിലേയ്ക്ക് കയറിയ ശേഷം 57,426 ൽ ക്ലോസിങ് നടന്നു. ഈ വാരം 58,049-58,673 പോയിന്റിൽ  പ്രതിരോധവും 56,474-55,523 പോയിന്റിൽ താങ്ങുമുണ്ട്. 
വിദേശ ഫണ്ടുകൾ പിന്നിട്ടവാരം എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായിരുന്നു. മൊത്തം 15,861 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് താങ്ങ് പകരാൻ 6407 കോടി രൂപ നിക്ഷേപിച്ചു.  ഫോറെക്‌സ് മാർക്കറ്റിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.23 ൽ നിന്നും 82.12 ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 81.45 ലാണ്.
   വിദേശ ഫണ്ടുകളുടെ വിൽപ്പന തരംഗത്തിൽ മുൻ നിര ഓഹരിയായ മാരുതിയുടെ ഓഹരി വില അഞ്ചര ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ വില നാലര ശതമാനം താഴ്ന്നു. ആർ ഐ എൽ, എസ് ബി ഐ, ഐ റ്റി സി, ടാറ്റാ മോട്ടേഴ്‌സ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ക്വാട്ടക്ക് മഹീന്ദ്ര ബാങ്ക്, വിപ്രോ തുടങ്ങിയവയ്ക്ക് രണ്ട് മുതൽ നാല് ശതമാനം വരെ ഇടിവ് നേരിട്ടു. 
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി ഒപ്പെക്ക് വിയെന്നയിൽ ഒത്ത് ചേരാനുള്ള തയ്യാറെടുപ്പിലാണ്. ക്രൂഡ് ഓയിൽ ഉൽപാദനം കുറച്ച് അംഗരാജ്യങ്ങളെ പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ച് ഉയർത്തുകയാണ് ലക്ഷ്യം. മാർച്ചിൽ ബാരലിന് 130 ഡോളറിലെത്തിയ ക്രൂഡ് ഓയിൽ ഇപ്പോൾ 79 ഡോളറിലാണ്. കോവിഡ് മൂലം 2020 ന് ശേഷം ഇത്തരം ഒരു ഒത്ത് ചേരൽ ഒപ്പെക്കിൽ നടന്നിട്ടില്ല. 

Latest News