Sorry, you need to enable JavaScript to visit this website.

പ്രത്യയശാസ്ത്ര ഭാരം തലയിലേറ്റാത്ത  കോടിയേരി 

“പാർട്ടി അംഗങ്ങളും അനുഭാവികളും ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകണം. കിട്ടുന്ന വരുമാനത്തിൽ ഒരു ഭാഗം അവർക്കായി നീക്കിവെക്കണം. വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണ്. ''  കോടിയേരി ബാലകൃഷ്ണനെപോലൊരാൾ അവസാനമായി പറയേണ്ട വാക്കുകൾ തന്നെയാണ് ഇത്. പൊട്ടിക്കരയുന്ന നായനാരെ ഇന്നത്തെ തലമുറക്കും ഓർമയുണ്ടാകും. കോടിയേരിയും ഉള്ളിൽ കരയാറുണ്ടായിരുന്നുവെന്ന് തെളിയിച്ച അവസാന വാക്കുകൾ. 

ചിന്താഭാരം തലയിലേറ്റി ചിരിക്കാൻ മറക്കുന്നവരാണ് ഭൂരിപക്ഷം പ്രത്യയശാസ്ത്ര കാർക്കശ്യക്കാരായ പാർട്ടിക്കാർ. ഒന്നു ചിരിച്ചു കൂടെ നേതാവെ എന്ന് ആളുകൾ അത്തരക്കാരോട് ചോദിക്കാതെ ചോദിക്കുക സ്വാഭാവികം. സദാ ചിരിക്കുന്ന മുഖവുമായി ജനങ്ങളെ അഭിമുഖീകരിച്ച കോടിയേരി അതു കൊണ്ട് തന്നെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രിയങ്കരനായി. ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ നിൽക്കുന്ന രാഷ്ട്രീയ രംഗം കോടിയേരിയുടെ ചെറു ചിരിയോടെയുള്ള ഇടപെടലിൽ അലിഞ്ഞ് ഇല്ലാതായ നിരവധി ഘട്ടങ്ങളുണ്ട്. രാഷ്ട്രീയ എതിരാളിയാണെങ്കിലും  എന്നാൽ പിന്നെ അയാളെ ശരിയാക്കി കളയാം എന്ന ചിന്തയിലായിരുന്നില്ല കോടിയേരിയുടെ ഇടപെടലുകൾ. മറ്റുള്ളവർക്ക് പറയാനുള്ളത് ശ്രദ്ധാ പൂർവം കോടിയേരി കേട്ടു.  
ഇതു കൊണ്ടൊക്കെയായിരിക്കാം വിഭാഗീയതയുടെ കാലത്ത് സി.പി.എമ്മിനെ തകരാതെ തളരാതെ നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചത്.  ഏത് പ്രതിസന്ധിയിലും സമവായത്തിന്റെ അതിരന്വേഷിച്ച കോടിയേരിക്ക് പല ഘട്ടത്തിലും അത് കണ്ടെത്താനും സാധിച്ചു. മാർക്‌സിസത്തിന്റെ  കടുകട്ടിയുള്ള കാര്യങ്ങൾ വരിയും കോമയും വിടാതെ  പഠിച്ച് പറഞ്ഞ് തർക്കിക്കുന്ന കോടിയേരിയെ കേരളം കണ്ടിട്ടുണ്ടാവില്ല.    സാധാരണ മനുഷ്യർക്ക് മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം ഓരോ ഘട്ടത്തിലും രാഷ്ട്രീയം പറഞ്ഞു. അങ്ങിനെ പറഞ്ഞ രാഷ്്ട്രീയം പലപ്പോേഴും എതിരാളികളെ പ്രതിസന്ധിയിലാക്കി.  രണ്ടാം പിണറായി സർക്കാരിന്റെ തിരിച്ചുവരവിന് തന്നെ കാരണമായ പല പ്രസ്്താവനകളും  ഇടപെടലുകളും കോടിയേരിയുടെതായിരുന്നു- അവയുടെ ശരി തെറ്റുതളൊക്കെ മറ്റൊരു വിഷയം.  തന്നെ പാർട്ടി ഏൽപ്പിച്ച ജോലി  കോടിയേരി ഭംഗിയായി  നിർവ്വഹിച്ചു കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽനിന്ന് മിനുറ്റുകൾക്കകം എത്തിച്ചേരാവുന്ന സ്ഥലമാണ് കോടിയേരിയുടെ വീട്.  അതു കൊണ്ട് തന്നെ ഇവർ തമ്മിലുള്ള സൗഹൃദം ബാല്യ കാലം മുതലുള്ളതാണ്.  പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ സി.പി.എം വിദ്യാർഥി സംഘടനയായ കെ.എസ്.എഫിൽ യൂണിറ്റ് തലത്തിൽ നേതൃത്വം നൽകിയാണ് കോടിയേരി രാഷ്ട്രീയ പ്രവേശം നടത്തിയത്. ആർ.എസ്.എസുമായി ബാല്യ കാലം തൊട്ടെ ശത്രുതയിലായിരുന്നു. പത്താം ക്ലാസിലെ ബാലനായിരിക്കെ   തന്നെ ജനസംഘക്കാരാൽ ആക്രമിക്കപ്പെടാൻ മാത്രം ഈ ശത്രുത വളർന്നിരുന്നുവെന്നത് ഇക്കാലത്ത് കൗതുകമായിതോന്നാം.  
ശരിക്കു പറഞ്ഞാൽ കമ്യൂണിസ്റ്റാകേണ്ടിയിരുന്നയാളായിരുന്നില്ല കോടിയേരി. കുടുംബം കോൺഗ്രസായിരുന്നു. കേരളത്തിൽ  പ്രത്യേകിച്ച് തലശ്ശേരി പോലൊരു സ്ഥലത്ത് ഒരാൾ ഒരു പാർട്ടിയിലായാൽ അദ്ദേഹത്തിന്റെ കുടുംബ പരമ്പരകളും ആ പാർട്ടിയിലായിരിക്കും. അതാണ് നാട്ടുനടപ്പ്.   വിദ്യാർഥിയായിരിക്കെയാണ് ഇടത് ആശയങ്ങളുമായി അടുത്തത് .പിണറായി വിജയനുമായുള്ള ബന്ധമായിരിക്കാം  കടുത്ത കമ്യൂണിസ്റ്റാകാനും പാർട്ടിയുടെ അത്യുന്നത പദവികളിലെത്താനും കോടിയേരിയെ സഹായിച്ചത് എന്നു കരുതാം.  കോടിയേരിയെയും പിണറായിയെയും  ഒന്നിച്ചുമാത്രമെ ആ കാലത്ത് ആളുകൾ കണ്ടിരുന്നുള്ളൂവെന്ന് അറുപത് കഴിഞ്ഞവരുടെ ഓർമയിലുണ്ടാവും.    കാൽ നൂറ്റാണ്ടാണ്  ജനിച്ച നാടിനെ കോടിയേരി നിയമ സഭയിൽ പ്രതിനിധീകരിച്ചത്.  ജനിച്ച നാട്ടിൽ ഒരു നേതാവ്  ഈ വിധം സ്വീകാര്യനാകുന്നത് ആ വ്യക്തിയുടെ വ്യക്തിഗുണങ്ങളുമായും ബന്ധപ്പെട്ടതാണ്. നിയോജകമണ്ഡ
ലത്തിലെ മുഴുവൻ  മനുഷ്യരെയും പേരെടുത്ത് വിളിക്കാൻ മാത്രം അടുപ്പം അവരുമായി ഈ ജന പ്രതിനിധിക്കുണ്ടായിരിക്കും. അതുകൊണ്ട് തന്നെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്ന അതികായനു മുന്നിൽ പോലും  ഒരിക്കൽ കോടിയേരി ജയിച്ചു കയറിയത്.  ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട കോടിയേരിയുടെ എല്ലാ മെല്ലാം അമ്മ നാരായണി അമ്മയായിരുന്നു.
 കോടിയേരിയുടെ മാതാപിതാക്കൾക്ക് സി.പി.എമ്മിനോട് തരിമ്പും  താത്പര്യമുണ്ടായിരുന്നില്ല.  അവർ ഉയർന്ന ജാതിശ്രേണിയിലുള്ളവരുടെ സ്വാഭാവിക പാർട്ടിയായ  കോൺഗ്രസിൽ ഉറച്ചുനിന്നു.    അമ്മയുടെ സഹോദരനായ നാണു നമ്പ്യാരാണ് കോടിയേരിയിലെ കമ്യൂണിസ്റ്റിനെ കണ്ടെത്തുന്നത്. അമ്മാവൻ നൽകിയ  അടിത്തറ മുതിർന്ന സഹ പ്രവർത്തകനായ പിണറായി വിജയനെപ്പോലുള്ളവർ ഊട്ടി വളർത്തി.   അക്കാലത്ത്  കോടിയേരി പഠിച്ച ഹൈസ്‌കൂളിൽ കെ.എസ്.യു രൂപീകരിക്കാൻ എത്തിയത് ഇപ്പോൾ ഇടതുപക്ഷ മുന്നണി ഘടക കക്ഷിയായ പാർട്ടിയുടെ പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു.  അന്നദ്ദേഹം കെ.എസ്.യുവിന്റെ പ്രസിഡന്റായിരുന്നു.  ഹൈസ്‌കൂൾ ക്ലാസിൽ വെച്ചു തന്നെ വിദ്യാർഥികൾ അവരുടെ ആശയവും നിലപാടും ദൃഢീകരിച്ച കാലഘട്ടത്തിന്റെ  പ്രതിനിധികളാണ് ഇവരൊക്കെ. ഇന്നത്തെ കേരള സമൂഹത്തിൽ ഹൈസ്‌കൂൾ ക്ലാസിലുള്ള കുട്ടികളിലധികവും രാഷ്ട്രീയം  എന്താണ് എന്നു പോലും അറിയാത്തവരാണ്. 

കോടിയേരിയുടെ പിതാവ് കുഞ്ഞുണ്ണിക്കുറുപ്പ് അധ്യാപകനായിരുന്നു. കോടിയേരിക്ക് 11 വയസുള്ളപ്പോൾ  അച്ഛൻ മരിച്ചു.  അമ്മ നാരായണിയമ്മയായിരുന്നു  പിന്നെ ഏക ആശ്രയം. കൃഷി ചെയ്തും  കന്നുകാലി വളർത്തിയുമൊക്കെയായി അവർ അച്ഛനില്ലാത്ത ബാലകൃഷ്ണനെ വളർത്തി വലുതാക്കി. അഞ്ചുമക്കളായിരുന്നു അവർക്ക്. അമ്മയെ കണ്ണീരോടെയല്ലാതെ  കോടിയേരിക്ക് ഓർക്കാൻ കഴിയാറില്ല. അക്കാലത്ത് അത്യാവശ്യം ഭൂമിയൊക്കെയുള്ള കുടുംബങ്ങൾ പ്രയാസപ്പെടുമ്പോൾ ഭൂമി വിറ്റാണ് പണം കണ്ടെത്തിയിരുന്നത്. ഇന്നത്തെതു പോലെ സുലഭമായ ലോൺ സംവിധാനമൊന്നും അന്നില്ല.  'ഓറ് മറ്റെ പറമ്പും വിറ്റു കേട്ടോ ' എന്നത് ചായക്കടകളിലെ സ്ഥിരം ഡയലോഗായിരുന്നു അന്ന്. 'അതിനെന്താ ഓറെ മോൻ ബി.എ വരെ പഠിച്ചില്ലെ 'എന്ന് മറു ഡയലോഗുകാർ മക്കളെ പഠിപ്പിച്ച രക്ഷിതാക്കളെ തങ്ങളുടെ അഭിമാന പക്ഷം ചേർത്തു.  മക്കളുടെ വിദ്യാഭ്യാസത്തിന്  പണം കണ്ടെത്താൻ ഇതു പേലുള്ള കുടുംബങ്ങൾക്ക് അന്ന് മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. കൈയിലുള്ള ഭൂമി വിൽക്കുക.  എട്ട് സെന്റ് സ്ഥലം വിറ്റാണ് അമ്മ ബാലകൃഷ്ണനെ കോളേജിലയച്ചത്.  

എസ്.എസ്.എൽ.സി പരീക്ഷ എഴുതി മടങ്ങവെ തലശ്ശേരിയിൽ വച്ച് ആർ.എസ.്എസുകാർ ആക്രമിച്ചതോടെ ദിവസങ്ങൾ ആശുപത്രിയിൽ കിടക്കേണ്ടി വന്ന കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിന്റെ അടിത്തറയായിരുന്നു അതെന്ന് കരുതാം.  ഇരുപതാമത്തെ  വയസിൽ എസ്.എഫ.്‌ഐ സംസ്ഥാന സെക്രട്ടറിയായെന്നത് വിദ്യാർഥി സംഘടനാ നേതൃത്വത്തിൽ നാൽപത് കഴിഞ്ഞവരും  തുടരാൻ  ശ്രമിക്കുന്ന  കാലത്ത് പുതുമയായി തോന്നാം. മനുഷ്യൻ ഒരു  സാമൂഹ്യ ജീവിയാണ്  എന്ന അരിസ്‌റ്റോട്ടിലിന്റെ വാക്കുകൾ രാഷ്ട്രീയമൃഗമാണ്  എന്നാണ് പൊതുവെ പറഞ്ഞു വരാറുള്ളത്. ഇപ്രകാരം സോഷ്യൽ എനിമലായ മനുഷ്യരെ (സാമൂഹ്യ ജീവി ) സൃഷ്ടിക്കാൻ കഴിഞ്ഞ കാലത്തിന്റെ കണ്ണികളിലൊന്നാണ് കോടിയേരിക്കൊപ്പം ഇല്ലാതാകുന്നത്.  കോടിയേരിയുടെ അവസാന നാളുകളിലെ ജീവിത വീക്ഷണമെന്തായിരുന്നുവെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പങ്കെടുത്ത അവസാന പൊതു ചടങ്ങിലെ വാക്കുകൾ അടയാളപ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 12 നായിരുന്നു എ.കെ.ജി സെന്ററിൽ അദ്ദേഹത്തിന്റെ അവസാന പത്ര സമ്മേളനം. വാക്കുകൾ പുറത്തെടുക്കാൻ ഏറെ പണിപ്പെട്ട കോടിയേരിയെ അന്ന് കേരളം ഞെട്ടലോടെ കണ്ടു. പക്ഷെ കേരളത്തിന്റെ മാറിയ സാമൂഹ്യാന്തരീക്ഷം കോടിയേരി എന്ന രോഗിയെ കണ്ടില്ല. ക്രൂരമായി സാമൂഹ്യ മാധ്യമങ്ങൾ കോടിയേരിയെ വേട്ടയാടി. അതു കൊണ്ടുമാകാം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയത്. അവസാനത്തെ പൊതു പരിപാടി ഓഗസ്റ്റ് 18 നായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് സി.പി.എം തുടങ്ങിയ ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങ്. അവശനായിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായിക്കൊപ്പം ആ ചടങ്ങിൽ പങ്കെടുത്ത് പറഞ്ഞ വാക്കുകൾ ഇങ്ങിനെ “ പാർട്ടി അംഗങ്ങളും അനുഭാവികളും ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകണം. കിട്ടുന്ന വരുമാനത്തിൽ ഒരു ഭാഗം അവർക്കായി നീക്കിവെക്കണം.വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണ്. ''  കോടിയേരി ബാലകൃഷ്ണനെപോലൊരാൾ അവസാനമായി പറയേണ്ട വാക്കുകൾ തന്നെയാണ് ഇത്. പൊട്ടിക്കരയുന്ന നായനാരെ ഇന്നത്തെ തലമുറക്കും ഓർമയുണ്ടാകും. കോടിയേരിയും ഉള്ളിൽ കരയാറുണ്ടായിരുന്നുവെന്ന് തെളിയിച്ച അവസാന വാക്കുകൾ. 

Latest News