Sorry, you need to enable JavaScript to visit this website.

സൗമ്യതയുടെ ആൾരൂപം

കോടിയേരി ബാലകൃഷ്ണനൊപ്പം ലേഖകൻ

സങ്കീർണമായ ഏതു പ്രശ്നത്തിനും പെട്ടെന്ന് തന്നെ പരിഹാരംകണ്ട് പാർട്ടിയെ മുന്നോട്ടുനയിക്കാനുള്ള സംഘടനാ മികവ് അദ്ദേഹത്തെ  വ്യത്യസ്തനാക്കുന്നു. പാർട്ടിക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിനെയെല്ലാം വളരെ സൗമ്യമായി നേരിട്ട് വിജയം വരിച്ച അനുഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോടിയേരിക്കു മാത്രം അവകാശപ്പെട്ടതാണ്.  സംഘടനാപരവും ആശയപരവുമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ അനായാസം പരിഹാരം കണ്ട് എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ പ്രത്യേക കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു.

 

പൂർണ്ണമായും രോഗമുക്തനായി തിരിച്ചു വരുമെന്ന പ്രിയപ്പെട്ടവരുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി സൗമ്യതയുടെ ആൾ രൂപം സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞിരിക്കുന്നു.
കേരളീയർ സ്വന്തം ഹൃദയത്തോട് ചേർത്ത് പിടിച്ച ആ കമ്യൂണിസ്റ്റ് നേതാവിന്റെ വിനയവും എന്നാൽ കണിശവുമായ വ്യക്തിത്വ സവിശേഷതകൾ കൊണ്ട് തന്നെ അദ്ദേഹം ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കും. 
കോടിയേരിയുടെ അകാലത്തിലുള്ള വേർപാട് കേരളീയ പൊതു സമൂഹത്തിൽ തീരാനഷ്ടമാണ്. ആധുനിക കേരളത്തിന്റെ വികസന മണ്ഡലത്തിൽ വളർന്ന വ്യക്തിത്വം, കേരളത്തിലെ ക്യാമ്പസുകളെ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ കൊടിക്കീഴിലേക്ക് നയിച്ച മലയാളക്കരയുടെ വിപ്ലവ സൂര്യൻ, ഇത്തരം വിശേഷണങ്ങളിലൊന്നും മതിയാകില്ല കേരള സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കോടിയേരിയുടെ വ്യക്തിത്വം. കേരള രാഷ്ട്രീയ ഭൂമികയിൽ കോടിയേരി എവർക്കും പ്രിയങ്കരനായ നേതാവായി ഉയർന്നത് വടക്കൻ മലബാറിന്റെ സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കത്തിജ്വലിച്ച് നിന്ന തലമുറയുടെ വിപ്ലവ പാരമ്പര്യത്തെ നെഞ്ചിലേറ്റി സമരോത്സുകമായ ജീവിതം തെരഞ്ഞെടുത്തത് കൊണ്ടാണ്.
സങ്കീർണമായ ഏതു പ്രശ്നത്തിനും പെട്ടന്ന് തന്നെ പരിഹാരംകണ്ട് പാർട്ടിയെ മുന്നോട്ടുനയിക്കാനുള്ള സംഘടനാ മികവ് അദ്ദേഹത്തെ  വ്യത്യസ്തനാക്കുന്നു. പാർട്ടിക്കെതിരെ അതിശക്തമായ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ അതിനെയെല്ലാം വളരെ സൗമ്യമായി നേരിട്ട് വിജയം വരിച്ച അനുഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കോടിയേരിക്കു മാത്രം അവകാശപ്പെട്ടതാണ്.  സംഘടനാപരവും ആശയപരവുമായ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമ്പോൾ അനായാസം പരിഹാരം കണ്ട് എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ പ്രത്യേക കഴിവ് കോടിയേരിക്ക് ഉണ്ടായിരുന്നു. പുരോഗമന പ്രസ്ഥാനം കടുത്ത കടന്നാക്രമണം നേരിട്ട എഴുപതുകളിൽ നേതൃനിരയിലേക്ക് ഉയർന്നുവന്ന കറകളഞ്ഞ കമ്യൂണിസ്റ്റാണ് കോടിയേരി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ആർ.എസ്.എസ് തേർവാഴ്ചക്ക് ഇരയായി കമ്യൂണിസ്റ്റ് ആശയങ്ങളിലേക്ക് വേരൂന്നിയ നേതാവ് കൂടിയാണ്  ഇദ്ദേഹം.
പ്രതിസന്ധികളുടെ കാണാക്കയങ്ങളെ, ഇനിയെന്തു ചെയ്യുമെന്ന ആശങ്കയെ, ഒരു ചെറു ചിരിയും തമാശയും തോളിൽ തട്ടിയും അലിയിച്ചു കളയാൻ അത്ഭുതകരമായ ശേഷി   കോടിയേരിയ്ക്കുണ്ടായിരുന്നു. ഏതു സങ്കീർണ പ്രശ്‌നത്തെയും നിമിഷനേരം കൊണ്ട് പരിഹരിക്കുന്ന മാസ്മരിക സിദ്ധിയിലൂടെയാണ് കോടിയെരിയെന്ന സഖാവ് വ്യത്യസ്തനാക്കുന്നത്. അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയ്ക്കു ചേർന്ന വിധത്തിൽ അദ്ദേഹം ചെറുക്കുകയും എതിർക്കുകയും ചെയ്തു. ഭരണകൂട ഭീകരതയെ ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തു. പാർട്ടിയ്ക്കുള്ളിൽ സൗമ്യനായ കോടിയേരി, പൊതുസമൂഹത്തിൽ ഭരണകൂടത്തിന്റെ അനീതികളോട് നേർക്കുനേരെ പോരാടി ചെറുത്തു നിന്നു. സിദ്ധാന്തവും പ്രയോഗവും ആഴത്തിൽ ഹൃദിസ്ഥമായിരുന്നു അദ്ദേഹത്തിന്. ഹൃദയം കൊണ്ട് പാർട്ടിയെ ഉൾക്കൊണ്ട സഖാവ്. ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെയുള്ള ചുമതലകൾ നിർവഹിക്കുമ്പോൾ, പാർട്ടി സഖാക്കളുടെ ഓർമ്മകളിൽ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഏറ്റവും ഉജ്വലമായ കർമ്മ യോഗിയായി മാറാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നു. ഇടതുപക്ഷ ഐക്യം കൂടുതൽ സർഗാത്മകമായി വികസിപ്പിക്കാനാണ് വാക്ക് കൊണ്ടും നോട്ടം കൊണ്ടും അദ്ദേഹം ശ്രദ്ധിച്ചത്. മാർക്‌സിസത്തിന്റെ മൂല്യം ഏറ്റവും ഉജ്വലമായി സ്വാംശീകരിച്ചവർക്കു മാത്രം സാധ്യമായ രീതിയിൽ അദ്ദേഹം സ്വന്തം ജീവിതത്തെ ഉയർത്തിപ്പിടിച്ചു. പ്രതികൂലതകളെയും പ്രതിസന്ധികളെയും വകഞ്ഞു മാറ്റി തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ മുന്നോട്ടു പോയ ത്യാഗപൂർണമായ ജീവിതത്തിന്റെ ആകെത്തുകയാണ് കോടിയേരിയെന്ന ജനനേതാവ്.
ദരിദ്രവും സാധാരണവുമായ സാഹചര്യങ്ങളിൽ നിന്ന് തൊഴിലാളിവർഗ്ഗത്തിന്റെ സംഘാടകനും നേതാവുമായി വളർന്നു വന്ന ഈ തലശ്ശേരിക്കാരൻ സമ്പന്നവും ധീരവുമായ ഒരു രാഷ്ട്രീയ സംസ്‌കാരിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും തുടർച്ചയായിരുന്നു. നാടിന്റെ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ വിമോചനത്തിനുമായി ചോര ചിന്തിയ തലമുറകളുടെ പിന്തുടർച്ച. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും വ്യക്തിപരമായി കടന്നാക്രമിച്ചപ്പോൾ അതിനെയെല്ലാം സൗമ്യനായി നേരിട്ടതും അനുകരണീയ മാതൃകയാണ്. വിനയാർദ്രമായ പെരുമാറ്റത്തിലൂടെ പരിചയപ്പെടുന്നവരുടെ ഹൃദയം കീഴടക്കാനുള്ള കോടിയേരിയുടെ കഴിവ് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. വകഭേദങ്ങളില്ലാതെ  എല്ലാവരെയും സമഭാവനയിൽ കാണുന്നതാണ് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളുടെപോലും പ്രിയങ്കരനാക്കുന്നത്. നർമ മധുരവും  കുറിക്കുകൊള്ളുന്നതുമായ വ്യത്യസ്ത പ്രസംഗശൈലി, സന്ദർഭാനുസരണം പ്രയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തെ ധന്യമാക്കുന്നു. ഇ.കെ. നായനാർ എന്ന ജനനായകന്റെ പേരിലുള്ള മാനവികതയുടെ മഹാസൗധം കഴിഞ്ഞ ദിവസം നാടിന് സമർപ്പിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ മടക്കം. ചരിത്രമായി മാറിയ കമ്യൂണിസ്റ്റ് ജീവിതവും സമരവും കേരളീയ പൊതു സമൂഹത്തിനു സമർപ്പിച്ച കരുത്തുറ്റ ജനകീയ നേതാവിന്റെ വേർപാടിൽ ശിരസ്സ് നമിക്കുന്നു.

Latest News