പൂജാപന്തലില്‍ മഹിഷാസുരന് ഗാന്ധിയുടെ മുഖം; കൊല്‍ക്കത്തയില്‍ വിവാദം

കൊല്‍ക്കത്ത- ദുര്‍ഗാ വിഗ്രഹത്തില്‍ മഹിഷാസുരന് പകരം മഹാത്മാഗാന്ധിയുടെ രൂപം ഉള്‍പ്പെടുത്തിയത് വലിയ വിവാദമായി.
രാഷ്ട്രപിതാവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലാണ് സംഭവം.
ജനങ്ങളില്‍നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഗാന്ധിയുടെ രൂപത്തില്‍ മാറ്റം വരുത്തിച്ചു. റൂബി ക്രോസിംഗിന് സമീപം നടത്തിയ പൂജയുടെ സംഘാടകരായ അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഗാന്ധിജിയുടെ രൂപം മാറ്റിയതം.
ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്ന് സംഘാടകരായ ഹിന്ദു മഹാസഭ അവകാശപ്പെട്ടു. ദുഷ്ട ഭരണം അവസാനിപ്പിക്കാന്‍ ഇതിഹാസ യുദ്ധത്തില്‍ ദുര്‍ഗേദേവി മഹിഷാസുരനെ വധിച്ചുവെന്നാണ് പുരാണം.
ദുര്‍ഗാ വിഗ്രഹത്തില്‍ മഹാത്മാഗാന്ധിയുടെ മുഖത്തിന് സമാനമായ  മഹിഷാസുരന്റെ ഫോട്ടോകള്‍ വൈറലായതോടെയാണ് പോലീസ് സംഘം പന്തല്‍ സന്ദര്‍ശിച്ചതും ഗാന്ധിമുഖം മാറ്റാന്‍ ആവശ്യപ്പെട്ടതും. യാദൃശ്ചികമായി സംഭവിച്ചതാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കൊല്‍ക്കത്ത പോലീസിനെ ടാഗ് ചെയ്ത് ദുര്‍ഗാ വിഗ്രഹത്തിന്റെ ഫോട്ടോ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തിരുന്നു.
ഉത്സവ വേളയില്‍ സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്  പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
ആരുടെയും വികാരം വ്രണപ്പെടുത്താന്‍ സംഘടന ഉദ്ദേശിച്ചിട്ടില്ലെന്ന് ഗോസ്വാമി അവകാശപ്പെട്ടു. മാറ്റാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മഹിഷാസുരന്റെ വിഗ്രഹത്തില്‍ ഞങ്ങള്‍ മീശയും മുടിയും വെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഖില ഭാരതീയ ഹിന്ദു മഹാസഭ ചെയ്തതിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും ഗാന്ധിജിയുടെ വീക്ഷണങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും  പ്രതിഷേധിക്കാന്‍ ഇതല്ല മാര്‍ഗമെന്നും  ബംഗിയ പരിഷത്ത് ഹിന്ദു മഹാസഭ പ്രസിഡന്റ് സന്ദീപ് മുഖര്‍ജി പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രപിതാവിനോടുള്ള അപമാനമാണിതെന്നും ഇത് രാജ്യത്തെ ഓരോ പൗരനും അപമാനമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
ഇത്തരമൊരു സംഭവം നിര്‍ഭാഗ്യകരമാണെന്നും അതിനെ അപലപിക്കുന്നുവെന്നും  ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് സ്വാതന്ത്ര്യ സമര സേനാനികളെ പൈശാചികമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു.

 

Latest News