പതിനൊന്നുകാരിയെ കൊലപ്പെടുത്തിയ വീട്ടുവേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി

കൊല്ലപ്പെട്ട നവാല്‍


റിയാദ്- പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുവേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ കുത്തിക്കൊന്ന കേസില്‍ എത്യോപ്യന്‍ വേലക്കാരിയായ ഫാത്തിമ മുഹമ്മദ് അസഫയെയാണ് ഇന്നലെ വധശിക്ഷക്കിരയാക്കിയത്.
നാലു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. നവാലും സഹോദരനും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വേലക്കാരി നവാലിനെ 14 പ്രാവശ്യം കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചത്. സഹോദരനും കുത്തേറ്റിരുന്നു. പക്ഷേ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാനായി.
മകളെ കൊന്നതിന് തക്ക ശിക്ഷ ലഭിക്കാന്‍ താന്‍ കോടതികള്‍ കയറിയിറങ്ങിയെന്ന് നവാലിന്റെ മാതാവ് നൗഫ് പറഞ്ഞു. അവര്‍ പിരിഞ്ഞുപോയിട്ട് നാലു വര്‍ഷവും മൂന്നു മാസവും ആയി. ഇന്നലെ രാവിലെ 9.10നാണ് തന്റെ സാന്നിധ്യത്തില്‍ വേലക്കാരിയെ വധശിക്ഷക്കിരയാക്കിയത്.
കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന നൗഫ് അന്ന് ഒമ്പത് മണിക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഈ സമയത്ത് കുട്ടി ഉണര്‍ന്നിരുന്നുവെങ്കിലും വീണ്ടും കിടക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡ്യൂട്ടി തുടങ്ങിയപ്പോഴാണ് മകന്‍ കുത്തേറ്റ വിവരം വിളിച്ചുപറഞ്ഞത്. ഭ്രാന്തിയെ പോലെ ഒരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് വന്നു. അപ്പോഴാണ് ചാവിയെടുത്തില്ലെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും പോലീസെത്തി വാതില്‍ പൊളിച്ചു അകത്തുകടന്നു. മകള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. മരിച്ചിരുന്നു. മകനെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു റൂമില്‍ വാതിലടച്ച് ഇരിക്കുകയായിരുന്ന വേലക്കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അവര്‍ പറഞ്ഞു.

Tags

Latest News