അന്ത്യനിദ്ര നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും  കുടീരങ്ങള്‍ക്ക് നടുവില്‍, ഗവര്‍ണറെത്തുന്നു 

തലശേരി- കോടിയേരിയുടെ മൃതദേഹം പതിനൊന്ന് മണിയോടെ വിലാപയാത്രയായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്ന് മണിവരെ അവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം പയ്യാമ്പലം കടപ്പുറത്ത് സംസ്‌കരിക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നു കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലുടനീളമുള്ള രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. 
മൃതദേഹം ഇന്നലെ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴും സഹോദരനെപ്പോലെ ഒപ്പംനടന്ന പ്രിയ സഖാവിനെ കാണാന്‍ മുഖ്യമന്ത്രിയെത്തിയിരുന്നു. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തിരുന്നു. മൃതദേഹത്തിനരികില്‍ മണിക്കൂറുകളോളം ഇരുന്നശേഷമാണ് അദ്ദേഹം മടങ്ങിയത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. അര്‍ബുദത്തിന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
 

Latest News