കൊച്ചി- വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. ചിറ്റൂര്‍ പച്ചാളം അമ്പാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്രയെ (30) യാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇവര്‍ വാങ്ങിയത്. എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നു മാസത്തിനകം വിസ ശരിയാക്കി നല്‍കാമെന്നായിരുന്നു വാഗ്ദാനം. സമയം കഴിഞ്ഞിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഡിവൈ.എസ്.പി എം.കെ.മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐ പ്രശാന്ത്.പി.നായര്‍ എസ്.സി.പി.ഒ മാരായ കെ.എന്‍.നയന, കൃഷ്ണ ലാല്‍ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.
സമാനമായ ഒമ്പത് വിസ തട്ടിപ്പുകേസുകളില്‍ ഇവര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് ഇവര്‍ക്കെതിരെ തട്ടിപ്പു കേസുകളുള്ളത്. വിസ വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് തുക വാങ്ങിയ ശേഷം മുങ്ങുകയാണ് ഇവരുടെ രീതി. നേരത്തെ പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്ത പരിചയമാണ് ഇവരെ തട്ടിപ്പിന് സഹായിച്ചത്. തട്ടിപ്പിനിരയായ പലരും നാണക്കേട് മൂലം പരാതി നല്‍കിയിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചു. ഇവര്‍ അറസ്റ്റിലായതോടെ കൂടൂതല്‍ പേര്‍ പരാതിയുമായി രംഗത്തുവരുമെന്നാണ് കരുതുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്ത ഇവരെ മറ്റു കേസുകളിലടക്കം വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും.