പിന്മാറണമെന്ന് തരൂരിനോട് പറഞ്ഞു, അദ്ദേഹം വിസമ്മതിച്ചു- മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂദല്‍ഹി- രാഷ്ട്രീയം തനിക്ക് പാര്‍ട് ടൈം ജോലിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ നിരന്തരം പോരാടുകയാണ് എന്നും ഖാര്‍ഗെ പറഞ്ഞു.

മത്സരത്തില്‍നിന്ന് പിന്മാറാന്‍ ശശി തരൂരിനെ സമീപിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തരൂര്‍ എന്നെ വിളിച്ചിരുന്നു. ഒരു സമവായ സ്ഥാനാര്‍ഥിയുണ്ടെങ്കില്‍ അത് നല്ലതാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന് മത്സരിക്കണമെന്ന് പറഞ്ഞു. പിന്നെ ഞാന്‍ എങ്ങനെ തടയും? ഖാര്‍ഗെ ചോദിച്ചു.

എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ തന്നെ പിന്തുണക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ആവശ്യപ്രകാരമാണ് താന്‍ നാമനിര്‍ദേശ പത്രിക നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ ജി 23 ക്യാമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിക്ക് എതിരെ പോരാടാന്‍ ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യം അവര്‍ക്കറിയാം. അതിനാല്‍ ജി 23 നേതാക്കള്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News