നെടുമ്പാശ്ശേരി - മരണത്തെ മുഖാമുഖം കണ്ട് ആറ് വയസുകാരിയെ രക്ഷിക്കാന്‍ പെരിയാറില്‍ നീന്തിവലഞ്ഞ യുവാക്കളുടെ ജീവത്യാഗ സാഹസികത മനുഷ്യത്വത്തിന്റെ സന്ദേശമാകുന്നു. കഴിഞ്ഞ ദിവസം ആലുവപ്പുഴയില്‍ ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശിയായ യുവാവ് മകളോടൊപ്പം ജീവനൊടുക്കിയപ്പോള്‍ രക്ഷാപ്രവര്‍ത്തകരായെത്തിയ മൂന്ന് യുവാക്കളുടെ അതിസാഹസികത ഹൃദയഭേദകമാവുകയാണ്. പടിഞ്ഞാറെ വെളിയത്തുനാട് അടുവാത്തുരുത്ത് സ്വദേശികളായ കിടങ്ങപ്പിള്ളിപ്പറമ്പ് വീട്ടില്‍ മിഥുന് രാജീവന്( 24 ), ചാലത്തറ വീട്ടില്‍ ഹാറൂണ്‍ ഷംസുദ്ദീന് (22 ), മണത്താട്ടുവീട്ടില്‍ അന്‍സാര്‍ അഷറഫ് ( 29 ) എന്നിവരാണ് യുവതയുടെ അഭിമാനമാകുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മിഥുന് രാവിലെ ബൈക്കില്‍ ജോലിക്ക് പോകുന്നവഴി ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിലെത്തിയപ്പോള്‍ വഴിയാത്രക്കാരിയായ യുവതിയാണ് കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ സംഭവം അലമുറയിട്ട് അറിയിച്ചത്. ബൈക്ക് റോഡരികില്‍ വെച്ച് പുഴയിലേക്ക് നോക്കിയപ്പോള്‍ സ്കൂള്‍ യൂനിഫോം ധരിച്ച കമിഴ്ന്ന് കിടക്കുന്ന കുഞ്ഞ് ചുമലില്‍ സ്കൂള്‍ ബാഗുമായി വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയായിരുന്നു. കിഴക്കുനിന്ന് മെല്ലെ പടിഞ്ഞാറോട്ടൊഴുകുകയായിരുന്നു. അതോടെ റോഡ് മുറിച്ചുകടന്ന് പാലത്തില്‍ നിന്ന് താഴെ ഇറങ്ങി സമീപത്തെ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ തീരത്തേക്ക് കിതച്ചോടുകയായിരുന്നു. ഈ സമയം ഹോട്ടല്‍ തീരത്ത് നിരവധി പേര് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും, മറ്റു ചിലര്‍ മുന്നോട്ടോടുന്നുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു ഹാറൂണ്‍. കിതച്ചോടിയെത്തിയ ഹാറൂണ്‍ കിതപ്പ് തീരുന്നതിന് മുമ്പെ ഹോട്ടല്‍ തീരത്ത് നിന്ന് സാഹസികമായി പുഴയില്‍ ഇറങ്ങി നീന്തി കുഞ്ഞിന്റെ മുടിയില്‍ പിടിച്ചു. ഈ സമയം തൊട്ടുപിറകിലുണ്ടായിരുന്ന മിഥുന് പുഴയിലിറങ്ങി നീന്തി കുഞ്ഞിന്റെ കാലിലും പിടിച്ചു. പുഴയില്‍ പൊങ്ങിക്കിടന്ന ലൈജുവിന്റെ രണ്ട് ചെരുപ്പുകള്ക്കിടയിലൂടെ കുഞ്ഞിന്റെ കാലില്‍ പിടിച്ച് മിഥുനും, മുടിയില്‍ പിടിച്ച് ഹാറൂണും ഒഴുകുകയായിരുന്നു. കിതച്ചോടിയെത്തിയ ഉടനെ പുഴയില്‍ ചാടിയതിനാല്‍ സാഹസികമായി നീന്തിയ ഹാറൂണും, മിഥുനും അവശരായിരുന്നു. കാഴ്ചക്കാരായി നില്ക്കുന്നവരോട് സഹായിക്കാന്‍ വിളിച്ച് പറഞ്ഞെങ്കിലും ആരും തയാറായില്ല. ഹോട്ടലില്‍ അതിനുള്ള സംവിധാനങ്ങളുമുണ്ടായില്ല. അതിനിടെ നീന്തി അവശനായ ഹാറൂണ്‍ തളര്‍ന്നതോടെ കുട്ടിയുടെ മുടിയില്നിന്ന് കൈവിട്ടു. കുഴഞ്ഞ് പുഴയില്‍ മുങ്ങിപ്പോകുമെന്ന് കണ്ടതോടെ കരയിലെ കൂട്ടത്തില്‍നിന്ന് സുഹൃത്ത്കൂടിയായ അന്‍സാര്‍ പുഴയില്‍ ചാടി നീന്തി ഹാറൂണിനെ പിടിച്ച് കരയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം പുഴ രണ്ട് ശാഖകളായി തിരിയുന്ന ഭാഗത്ത് ചുഴിയില്‍ അകപ്പെട്ട് താണതോടെ കുട്ടിയുടെ കാലില്‍ നിന്ന് മിഥുന് കൈവിടുകയായിരുന്നു. തുടര്‍ന്ന് ചുഴിയില്‍ അകപ്പെടാതെ സാഹസികമായി നീന്തി മിഥുനും രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിച്ചതറിഞ്ഞ് ചെങ്ങമനാട് പോലീസ് ആദരവുമായി മിഥുനിനെ തേടി സ്ഥാപനത്തിലെത്തിയപ്പോഴാണ് തന്നേക്കാള്‍ സാഹസികത കാട്ടിയ ഹാറൂണിനെക്കുറിച്ച് വെളിപ്പെടുത്തിയത്. അതോടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹാറൂണിനുള്ള ആദരവുമായെത്തിയപ്പോഴാണ് സ്ഥാപനത്തിലെ ഡ്രൈവറായ അന്‍സാറിന്റെ കനിവിലാണ് ഹാറൂണിന് ജീവന് തിരിച്ചുകിട്ടിയതെന്നും പോലീസ് അറിയുന്നത്.അതോടെ അന്‍സാറിനും പോലീസ് ആദരവ് നല്‍കുകയായിരുന്നു. യഥാര്‍ഥത്തില്‍ മൂവരും സുഹൃത്തുക്കളും, നാട്ടുകാരും ആയിരുന്നുവെങ്കിലും ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന്റെ ഓട്ടത്തിനിടയില്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒടുവിലാണ് മൂവരും ഇക്കാര്യം അറിയുന്നത്. ചെറുപ്പം മുതല്‍ ഗ്രാമത്തിലെ പുഴയില്‍ നീന്തിതുടിച്ച് വളരാന്‍ ലഭിച്ച അവസരമാണ് ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് സാഹസികമായി ഇറങ്ങാന്‍ സഹായമായതെന്നും മൂവരും പറഞ്ഞു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി.എസ്.വിപിന്‍, എസ്.ഐ ഷാജി.എസ്.നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മൂവര്‍ക്കും ഉപഹാരങ്ങള്‍ നല്കി ആദരിച്ചത്.






