Sorry, you need to enable JavaScript to visit this website.

കാവിയും കോൺഗ്രസും

ഫലപ്രദമായ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അഭാവത്തിൽ, മുസ്‌ലിം വോട്ട് ബാങ്ക് സമുദായത്തെ മികച്ച രീതിയിൽ 'പ്രതിനിധീകരിക്കുന്ന' മറ്റൊരു പാർട്ടിയിലേക്ക് മാറാം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി നടത്തിയ കടന്നുകയറ്റത്തെ ഓർമ്മിപ്പിക്കുന്ന ഒരു പ്രതിഭാസമാണിത്. കാവി പിടിമുറുക്കിയ കർണാടകയിൽ കോൺഗ്രസ് മാറിനിന്നപ്പോൾ മുസ്‌ലിംകൾ എസ്.ഡി.പി.ഐയെ ആശ്രയിക്കാൻ തുടങ്ങിയെന്ന നിരീക്ഷണത്തിൽ അത്ഭുതപ്പെടേണ്ടതില്ല.

ഇന്ത്യയിലെ കാവിരാഷ്ട്രീയത്തിന്റെ ഉത്ഭവവും വളർച്ചയും പഠിക്കുന്ന രാഷ്ട്രീയ വിദ്യാർഥികളെ സംബന്ധിച്ച് ഒഴിവാക്കാനാകാത്ത പേരാണ് ക്രിസ്‌റ്റോഫ് ജെഫ്‌റലോട്ടിന്റേത്. ആർ.എസ്.എസും സംഘ്പരിവാറും ഇന്ത്യൻ സാമൂഹിക- രാഷ്ട്രീയ ജീവിതത്തിൽ എങ്ങനെ വേരുപടർത്തിയെന്ന് നിരവധി ഗവേഷണ ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം വെളിച്ചം വിതറിയിട്ടുണ്ട്. സമകാലീന സംഘ്്പരിവാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെക്കുറിച്ചും ഇമവെട്ടാതെ നിരീക്ഷിക്കുന്നുണ്ട് ലണ്ടനിലെ കിംഗ്‌സ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്ത്യൻ പൊളിറ്റിക്‌സ് ആന്റ് സോഷ്യോളജിയിലെ പ്രൊഫസറായ ജെഫ്‌റലോട്ട്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളേയും നിരോധിച്ച പശ്ചാത്തലത്തിൽ എങ്ങനെയാണ് ഈ സംഘടനകൾ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രവലിയ ശക്തിയായി വളർന്നത് എന്ന് അന്വേഷിക്കുന്നുണ്ട് ജെഫ്‌റലോട്ട്. അതിന് അദ്ദേഹം ഉദാഹരണമായി എടുക്കുന്നത് കർണാടകയെയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പോപ്പുലർ ഫ്രണ്ടിനും അതിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐക്കും കർണാടകയിൽ വേരുറപ്പിക്കാൻ കഴിഞ്ഞതിന് കാരണം സംസ്ഥാനത്തെ വർധിച്ചുവരുന്ന കാവിരാഷ്ട്രീയ ധ്രുവീകരണവും അതിനെ നേരിടാനുള്ള കോൺഗ്രസിന്റെ അശക്തിയുമാണെന്നാണ് അദ്ദേഹം പറയുന്നത്.
സർവ ജംഗധ ശാന്തിയ തോട്ട എന്ന് കവി കന്നഡ കുവെമ്പു ഒരിക്കൽ വിശേഷിപ്പിച്ച (എല്ലാ ആളുകളും യോജിപ്പിൽ സഹവസിക്കുന്ന പൂന്തോട്ടം) കർണാടകയുടെ പ്രതിച്ഛായ ഈ അടുത്ത കാലത്തായി വലിയ മാറ്റത്തിന് വിധേയമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ, രാഷ്ട്രീയത്തിന്റെ വലിയ തോതിലുള്ള കാവിവൽക്കരണം അതിനെ ബാധിച്ചു. മൂലകാരണം ലളിതമാണ്: മുതിർന്ന ബി.ജെ.പി നേതാവും ലിംഗായത്ത് ശക്തനുമായ ബി.എസ് യെദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മെയെ സംസ്ഥാന മുഖ്യമന്ത്രിയാക്കി. ലിംഗായത്ത് തന്നെയാണെങ്കിലും ബൊമ്മെക്ക് സ്വന്തം സമുദായത്തിൽ നിന്നുപോലും ജനപിന്തുണയില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ഘടകമാണ് ലിംഗായത്ത് എന്നത്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ പുതിയ മുഖ്യമന്ത്രി വർഗീയ ധ്രുവീകരണമാണ് മാർഗമായി കണ്ടത്. ഒരുപക്ഷെ ഈ ധ്രുവീകരണം തന്നെയാകാം യെദ്യുരപ്പയെ മാറ്റിയതിലൂടെ ബി.ജെ.പി മുന്നിൽ കണ്ടതും.

സംസ്ഥാന രാഷ്ട്രീയത്തിന്റെ കാവിവൽക്കരണം വിവിധ രൂപങ്ങളിലൂടെ ഇന്ന് വ്യക്തമായി ദൃശ്യമാണ്. മതപരമായ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള വിജിലന്റിസം, മതപരിവർത്തന നിരോധ ബില്ലുകൾ ഇരുസഭകളിലും പാസാക്കൽ, ഹിജാബ് പ്രശ്‌നം, മുസ്‌ലിം വ്യാപാരികളെ ബഹിഷ്‌കരിക്കൽ, ഹലാൽ വിവാദം, സ്‌കൂൾ പാഠ്യപദ്ധതി തിരുത്തിയെഴുതൽ, ബാബ ബുദാൻഗിരി ദർഗ സംഘർഷത്തിന്റെ പുനരുജ്ജീവനം തുടങ്ങിയവ ഉദാഹരണം. ഒറ്റ വർഷം കൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം കർണാടകയിൽ ശക്തമാകുന്നത്. രാഷ്ട്രീയപ്രേരിതമായ ഈ പ്രചാരണങ്ങളെല്ലാം സംസ്ഥാനത്തെ 80 ലക്ഷം വരുന്ന മുസ്‌ലിംകളെ  ലക്ഷ്യമിട്ടാണ്. 

ഇന്ത്യയിലെ മറ്റു ഭൂരിഭാഗം പ്രദേശങ്ങളിലെയും പോലെ കർണാടകയിലെയും മുസ്ലിംകൾ ഇന്ന് രാഷ്ട്രീയ മേഖലയിൽ വളരെ പ്രാതിനിധ്യം കുറഞ്ഞവരാണ്. 14 ാം ലോക്സഭക്ക് ശേഷം (2004-2009) സംസ്ഥാനത്തെ മുസ്ലിം സമുദായത്തിന് ലോക്സഭയിൽ സാന്നിധ്യമില്ല. കർണാടകയിലെ 16 ാം അസംബ്ലിയിലെ 224 സീറ്റുകളിൽ ഏഴു പേർ മാത്രമാണ് മുസ്‌ലിംകൾ. 2011 ലെ സെൻസസ് പ്രകാരം, സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനത്തോളം മുസ്‌ലിംകളാണെങ്കിലും, 3 ശതമാനത്തിൽ താഴെയാണ് നിയമസഭയിലെ പ്രാതിനിധ്യം. ഇതിൽ മൂന്ന് എം.എൽ.എമാർ ബംഗളൂരുവിൽനിന്നുള്ളവരാണ്. ബാക്കിയുള്ള നാലിൽ രണ്ട് പേർ ഹൈദരാബാദ്-കർണാടക മേഖലയിൽനിന്നുള്ളവരാണ്. ഗുൽബർഗ ഉത്തറിൽനിന്നുള്ള കനീസ് ഫാത്തിമയും ബിദറിൽനിന്നുള്ള റഹീം ഖാനും. മംഗളൂരുവിൽനിന്നുള്ള യു.ടി ഖാദറും മൈസൂരിലെ നരസിംഹരാജ മണ്ഡലത്തിൽനിന്നുള്ള തൻവീർ സെയ്ദുമാണ് മറ്റ് രണ്ട് മുസ്‌ലിം എം.എൽ.എമാർ. ഏഴുപേരും കോൺഗ്രസിൽനിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.

സംസ്ഥാനത്ത് വർധിച്ചുവരുന്ന വർഗീയവൽക്കരണത്തോടുള്ള കോൺഗ്രസിന്റെ പ്രതികരണത്തിന്, ഒരു 'മതേതര പാർട്ടി'യിൽനിന്ന് ഉണ്ടാകേണ്ട വിധമുള്ള ശക്തിയില്ല. പുറത്തേക്കൊഴുകുന്ന വോട്ടർമാരെ നിരാശരാക്കാതിരിക്കാനുള്ള ശ്രമത്തിൽ പാർട്ടി അംഗങ്ങൾ ഒരു സന്തുലിത സമീപനം കാണിക്കുന്നതായി തോന്നുന്നു. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ ഹിജാബ് വിഷയത്തിൽ മൃദുസമീപനം സ്വീകരിക്കണമെന്ന് അഭിപ്രായമുള്ള ആളാണ്. രണ്ട് മാസം മുമ്പ് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം രാഷ്ട്രീയക്കാരനുമായ യു.ടി ഖാദർ, ഹിജാബ് അനുകൂല പ്രക്ഷോഭകരെ പരിഹസിക്കുകയാണ് ചെയ്തത്. പാക്കിസ്ഥാനിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെ വിലമതിക്കണമെന്നായിരുന്നു ഖാദറിന്റെ ഉപദേശം. ഹിജാബ് അനുകൂല പ്രക്ഷോഭകരുടെ 'ആഗ്രഹങ്ങളും ഭാവനകളും' അനുസരിച്ച് കോടതിക്ക് നിയമങ്ങൾ ഉണ്ടാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ മുസ്‌ലിം സമുദായത്തെ അന്യവത്കരിക്കാനുള്ള നീക്കമായാണ് ജനങ്ങൾ കണ്ടതെന്നതിൽ അത്ഭുതത്തിന് അവകാശമില്ല. 

ഈ ധ്രുവീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ, ഇപ്പോൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) ക്രമാനുഗതവും സ്ഥിരതയുള്ളതുമായ വളർച്ച കർണാടകയിൽ എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാണ്. കർണാടകയിലെ തീരദേശ മേഖലയിൽ എസ്.ഡി.പി.ഐ ഈയിടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ രുചി ആസ്വദിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, കുടക്, ഹാസൻ ജില്ലകളിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മികച്ച വിജയം നേടി. ഈ വിജയങ്ങൾ ഹിജാബ് വിവാദവുമായി ബന്ധമില്ലാത്തതാണെങ്കിലും എസ്.ഡി.പി.ഐയുടെ വളർച്ച സൂചിപ്പിക്കുന്നത് കോൺഗ്രസിനോട് മുസ്ലിംകൾക്കുള്ള അതൃപ്തിയാണ്. ആവശ്യമുള്ള സമയത്ത് കോൺഗ്രസ് തങ്ങളെ കൈവിട്ടുകളഞ്ഞുവെന്ന ഒരു അനാഥത്വ പ്രതീതി അവരിൽ വ്യാപകമായി. ഹിജാബ് വിവാദം സംസ്ഥാനത്ത് ധ്രുവീകരണം വൻതോതിൽ വർധിപ്പിച്ചതോടെ എസ്.ഡി.പി.ഐക്ക് കാര്യമായ വേരുപടർത്താനായി.

ഫലപ്രദമായ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അഭാവത്തിൽ, മുസ്‌ലിം വോട്ട് ബാങ്ക് സമുദായത്തെ മികച്ച രീതിയിൽ 'പ്രതിനിധീകരിക്കുന്ന' ഒരു പാർട്ടിയിലേക്ക് മാറാം, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ചില കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി നടത്തിയ കടന്നുകയറ്റത്തെ ഓർമ്മിപ്പിക്കുന്ന ഒരു പ്രതിഭാസമാണിത്.

കർണാടകയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ  തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെ സാധ്യതകളെക്കുറിച്ച് വലിയ പ്രതീക്ഷകൾ പക്ഷെ ആവശ്യമില്ല. പ്രത്യേകിച്ച് പോപ്പുലർ ഫ്രണ്ട് നിരോധത്തിന്റെ പശ്ചാത്തലത്തിൽ അവർ തെരഞ്ഞെടുപ്പ് രംഗത്ത് നിലയുറപ്പിക്കുമോ എന്നും കണ്ടറിയണം. തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലെ വിജയങ്ങൾക്കിടയിലും, സംസ്ഥാനതലത്തിൽ ഒരു വിള്ളൽ ഉണ്ടാക്കാനുള്ള സംഘടനയുടെ ശേഷി സംശയാസ്പദമാണ്. ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് വിജയിക്കാൻ ആവശ്യമായ ഫണ്ടുകളും സംഘടനാ ശേഷിയും വളരെ ഉയർന്നതാണ്. മറ്റു പല ഘടകങ്ങളേയുംകൂടി ആശ്രയിച്ചാണ് അത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്ന് സീറ്റുകളിൽ മാത്രമാണ് മത്സരിച്ചത്, രണ്ടിടത്ത് അതിന്റെ സ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. 2019 ൽ ശിവാജിനഗർ (ബാംഗ്ലൂർ) മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എസ്.ഡി.പി.ഐയുടെ സ്ഥാനാർഥിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. 2023 ൽ കോൺഗ്രസിന്റെ വോട്ട് വിഹിതം വിഭജിച്ചുപോകരുതെന്ന് ന്യൂനപക്ഷം തീരുമാനിച്ചേക്കാം. പാർട്ടി അതിന്റെ മതേതര മുഖം ശക്തമാക്കുകയും ബി.ജെ.പി ധ്രുവീകരണ തന്ത്രം ശക്തമാക്കുകയും ചെയ്താൽ വിശേഷിച്ചും.

മറ്റൊരു ഘടകംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. പി.എഫ്.ഐയെ പോലെ എസ്.ഡി.പി.ഐയെ നിരോധിച്ചിട്ടില്ല. എന്നാൽ എൻഫോഴ്സ്മെന്റ് ഏജൻസികൾ പാർട്ടി അംഗങ്ങൾക്കെതിരെ രംഗത്തുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) പത്തിലധികം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തുകയും എസ്.ഡി.പി.ഐയുടെ നൂറിലധികം പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത് പാർട്ടിയെ നിഷ്‌ക്രിയമാക്കുകയും മുസ്‌ലിം വോട്ടർമാരെ അതിന് വോട്ടുചെയ്യുന്നതിൽനിന്ന് പിന്തിരിപ്പിക്കുകയും ചെയ്‌തേക്കാം. അസ്തിത്വ പ്രതിസന്ധി നേരിടുന്ന പാർട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വോട്ടർമാർ അണിനിരക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. എന്നാൽ എസ്.ഡി.പി.ഐ സ്ഥാനാർഥികളെ മത്സരിക്കാൻ സർക്കാർ അനുവദിക്കുമോ? അത് മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ബി.ജെ.പി ഉദ്ദേശിക്കുന്നുണ്ടോ അതോ അവരുടെ സ്വാധീന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താൻ താൽപ്പര്യപ്പെടുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. എസ്.ഡി.പി.ഐ മത്സരിക്കണമെന്നും അങ്ങനെ കോൺഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചുപോകണമെന്നുമുള്ള ബി.ജെ.പിയുടെ ആഗ്രഹമാണ് എസ്.ഡി.പി.ഐയെ നിരോധിക്കാതിരുന്നതിന് പിന്നിലെന്ന് കരുതുന്നവർ നിരവധിയാണ്, രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമല്ല എന്നത് ശരിയാണെങ്കിലും.

Latest News