Sorry, you need to enable JavaScript to visit this website.

വിദ്യാർഥി കൺസഷൻ എന്ന ദുരിതം

കൺസഷൻ സംവിധാനം കെ.എസ്.ആർ.ടി.സിയിൽനിന്ന് വേർപെടുത്തിമറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇതിന് നേതൃത്വം നൽകണം. കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ തന്നെ ഇത് വിജയിപ്പിക്കാവുന്നതേയുള്ളു. പി.ടി.എക്കും സഹകരിക്കാം. കുടുംബശ്രീയുടെ സഹായം തേടാവുന്നതാണ്. വിദ്യാർത്ഥികളെ ബസ് സ്റ്റാഡിൽ നിർത്തി നരകിപ്പിക്കാതെ, അവകാശങ്ങൾ ഇരന്നുവാങ്ങാൻ ശീലിപ്പിക്കാതെ കൺസഷൺ അന്തസായ ഒരേർപ്പാടാക്കി മാറ്റണം. 

ആമച്ചൽ സ്വദേശി പ്രേമാനന്ദൻ ബിരുദവിദ്യാർഥിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകൾക്കൊപ്പം കാട്ടാക്കട ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ എത്തിയതും മകളുടെ മുമ്പിൽ വച്ച് ജീവനക്കാരുടെ മർദ്ദനമേറ്റ് ചികിത്സ തേടേണ്ടിവന്നതും കേരള സമൂഹം കണ്ടതാണ്. അർഹതപ്പെട്ട കൺസഷൻ ടിക്കറ്റ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടഞ്ഞുവച്ചതിനെ ചോദ്യം ചെയ്ത രക്ഷകർത്താവിന് കിട്ടിയത് ക്രൂരമർദ്ദനമാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഗുണ്ടായിസം സമൂഹ ശ്രദ്ധയാകർഷിച്ചതോടെ കഴിഞ്ഞ ദിവസം രേഷ്മയുടെ കൺസഷൻ ടിക്കറ്റ് അധികൃതർ കുട്ടിയുടെ വീട്ടിലെത്തിച്ചു നൽകി. ഗുണ്ടാ പണിചെയ്ത അഞ്ചു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. തീർച്ചയായും ഇത് നല്ല നടപടിയാണ്.
എന്നാൽ കൺസഷൻ ടിക്കറ്റ് എടുക്കാനെത്തുന്ന വിദ്യാർത്ഥികളുടെ ദുരിതം ഇതുകൊണ്ടൊന്നും അവസാനിക്കാൻ പോകുന്നില്ലെന്ന് ഓർമ്മവേണം. ഇനിയും വിദ്യാർഥികളുടെ മതാപിതാക്കൾക്ക് മർദ്ദനം ഏറ്റുകൊണ്ടേയിരിക്കും. ജീവനക്കാർ അവരുടെ അക്രമവും മൃഗീയമായ പെരുമാറ്റവും വർധിതവീര്യത്തോടെ നടപ്പാക്കും. അവർക്ക് താങ്ങായി എന്നും ട്രേഡ് യൂനിയനുകൾ ഉണ്ടാകും. കെ.എസ്.ആർ.ടി.യിൽ മാന്യന്മാരായ നീതിബോധമുള്ള നൂറ് കണക്കിന് ജീവനക്കാരുണ്ട്. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുണ്ട്. അവർക്ക് കൂടി ഇത്തരക്കാർ പേരുദോഷമുണ്ടാക്കുകയാണ്. നീതിബോധമുള്ള ജീവനക്കാരെ യൂനിയൻ നേതാക്കൾക്ക് ഗുണ്ടാ പണിക്ക് കിട്ടില്ലല്ലോ. അതുകൊണ്ട് നേതാക്കൾ മർദ്ദനമേൽക്കുന്ന വിദ്യാർഥികളുടെ രക്ഷകർത്താക്കളെ ആക്ഷേപിച്ചുകൊണ്ടേയിരിക്കും. 
വിദ്യാർഥി കൺസഷൻ സംവിധാനത്തെ ശാസ്ത്രിമായി നടപ്പാക്കാനാവുമെന്ന് ചിന്തിക്കാൻ ഇതൊരു അവസരമായിട്ടെടുക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങൾ രാവിലെ 9ന് തുറക്കുമെന്നിരിക്കെ കൺസഷൻ കൗണ്ടർ തുറക്കുന്നത് രാവിലെ എട്ടിനാണ്. പ്രവർത്തനം തുടങ്ങാൻ വീണ്ടും അരമണിക്കൂറെങ്കിലും കാത്തിരിക്കണം. രാവിലെ 7.30ന് തന്നെ കൗണ്ടറിന് മുന്നിൽ നീണ്ട നിര കാണാം, സ്‌കൂളിലെയും കോളേജിലെയും നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കിവന്നാലും നിരവധി രേഖകൾ ആവശ്യപ്പെട്ട് ജീവനക്കാർ തടസങ്ങൾ ഉണ്ടാക്കും. കൺസഷൻ നൽകാതിരിക്കാൻ വല്ല വകുപ്പുമുണ്ടോയെന്ന ഗവേഷണം നടത്തിയവരാണ് അവിടെയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ രേഖകളൊന്നും പോരാ. താമസസ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേറെ ചോദിക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന് തലസ്ഥാന നഗരത്തിൽ തൊഴിൽ തേടി വരുന്നവരുടെ മക്കളുടെ ആധാർ കാർഡ് അവരുടെ ജന്മനാട്ടിലാവും. ഇക്കാരണം പറഞ്ഞ് കൺസഷൻ അപേക്ഷ തള്ളും. പ്ലസ് വൺ കോഴ്‌സിന് ചേരുന്ന വിദ്യാർത്ഥിക്ക് സ്‌കൂൾ ഐഡറ്റിറ്റി കാർഡ് ലഭിക്കാൻ മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടതായിട്ടുണ്ട്. ഐഡന്റിറ്റി കാർഡിന് കാത്തിരുന്നാൽ കൺസഷന് അപേക്ഷിക്കാനുള്ള കാലാവധി അവസാനിക്കും. ഐഡറ്റിറ്റി കാർഡില്ലാതെ ചെന്നാൽ അതിന്റെ പേരിൽ മോശം പെരുമാറ്റം ഉണ്ടാകും. നമ്മുടെ ഭാവി തലമുറ നമ്മുടെ സംവിധാനങ്ങളുടെ കൊള്ളരുതായ്മകൾ മനസിലാക്കിതുടങ്ങുന്നത് കെ.എസ്.ആർ.ടിയിൽ നിന്നാണെന്ന് പറായാം. 
വില്ലേജ്, പഞ്ചായത്ത്, രജിസ്‌ട്രേഷൻ തുടങ്ങി നമ്മുടെ സർക്കാർ ഓഫീസുകളിൽ ചെന്നാലുള്ള ഗതികേട് ഇവിടുത്തെ ജനത്തിന് അറിയാം. കുട്ടികൾക്ക് അവിടേക്കുള്ള ചുവടുവയ്പ്പിനുള്ള ബാലപാഠം കെ.എസ്.ആർ.ടി.സിയാണ് നൽകുന്നത്. കഷ്ടമെന്നല്ലാതെ എന്തുപറയാൻ. ആഴ്ചയിൽ രണ്ടു മൂന്ന് ദിവസമേ കൺസഷൻ വിതരണമുള്ളു. വൈകിട്ട് മൂന്ന് മുതൽ നാലിനുള്ളിൽ കൺസഷൻ വാങ്ങാൻ ചെല്ലണം. 
സ്‌കൂൾ മൂന്നര, നാലരക്കേ വിടുകയുള്ളു. പിന്നെങ്ങനെയാണ് നാലിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ എത്തുക. ചുരുക്കി പറഞ്ഞാൽ കുറഞ്ഞത് പത്ത് പതിനഞ്ചു തവണയെങ്കിലും കേറിയിറങ്ങേണ്ടിവരും. ഇതിനായി പഠനസമയം നഷ്ടപ്പെടുത്തേണ്ടിയും വരും. സമൂഹത്തിലെ താഴെ തട്ടിലുള്ളവരാണ് കൺസഷന് കാത്തുനിൽക്കുന്നത് മറക്കരുത്. അവരുടെ നേതാക്കന്മാരിയി ചമഞ്ഞ് നടന്നവരാണ് ഇപ്പോഴത്തെ മന്ത്രിമാരിലേറെയും.
കൺസഷൻ നൽകുന്ന സംവിധാനത്തിന് നിലവിൽ വലിയ പോരായ്മയുണ്ട്. രേഷ്മയുടെ കാര്യം തന്നെ എടുക്കാം. കൺസഷൻ ടിക്കറ്റ് നൽകാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാണ് ആ വിദ്യാർഥിനിയെ പല തവണ മടക്കി അയച്ചത്. ഇങ്ങനെ ഒരു നിബന്ധന ഇല്ലാതിരിക്കെയാണ് ജീവിനക്കാർ രേഷ്മയോട് കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടാനെത്തിയ പിതാവിനെയാണ് ട്രഡ് യൂനിയൻ ഗുണ്ടായിസത്തിൽ ട്രെയിനിംഗ് നേടിയിട്ടുള്ള ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദ്ദിച്ചത്. ഗുണ്ടാപ്രവർത്തനം നടത്തിയവർക്ക് പിന്തുണയുമായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തി. സംഭവം ടി.വിയിലും സോഷ്യൽ മീഡിയായിലും നേരിൽകണ്ട ജനത്തെ കൊഞ്ഞണം കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയൊരു സംവഭം നടന്നിട്ടേയില്ലെന്നാണ്. 
രേഷ്മ വിഷയത്തിൽ ഇവിടുത്തെ വിദ്യാർഥി സംഘടനകൾ എന്തുചെയ്തു. ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ ഭരണത്തിന്റെ ലഹരിയിൽ മാണ്ട് കിടക്കുകയാവാം. പ്രതിപക്ഷത്തെയോ? അക്കൂട്ടർ വിദ്യാർഥികളുടെ ഇടയിൽനിന്ന് ഒറ്റപ്പെട്ടിട്ട് വർഷങ്ങൾ ഏറെയായി. നേതാക്കൾ പത്രസമ്മേളനം നടത്തുമ്പോൾ പിന്നിൽ നിരന്ന് നിൽക്കുന്നതിൽ കവിഞ്ഞുള്ള പ്രവർത്തന പാരമ്പര്യം അവർക്കുണ്ടോയെന്ന് സംശയമാണ്. 
കൺസഷൻ സംവിധാനം കെ.എസ്.ആർ.ടി.സിയിൽനിന്ന് വേർപെടുത്തിമറ്റൊരു ഏജൻസിയെ ഏൽപ്പിക്കണം. വിദ്യാഭ്യാസ വകുപ്പ് ഇതിന് നേതൃത്വം നൽകണം. കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ തന്നെ ഇത് വിജയിപ്പിക്കാവുന്നതേയുള്ളു. പി.ടി.എക്കും സഹകരിക്കാം. കുടുംബശ്രീയുടെ സഹായം തേടാവുന്നതാണ്. വിദ്യാർഥികളെ ബസ് സ്റ്റാഡിൽ നിർത്തി നരകിപ്പിക്കാതെ, അവകാശങ്ങൾ ഇരന്നുവാങ്ങാൻ ശീലിപ്പിക്കാതെ കൺസഷൻ അന്തസായ ഒരേർപ്പാടാക്കി മാറ്റണം. അതിന് വിദ്യാർഥി രാഷ്ട്രിയത്തിലൂടെ മന്ത്രി സ്ഥാനത്ത് എത്തിയ ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. 
കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ രേഷ്മ സംഭവത്തിൽ സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. കുറ്റവാളികളോട് സന്ധി ചെയ്യാനുള്ള സമ്മർദ്ദത്തെ അതിജീവിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിട്ടാണെങ്കിലും കൺസഷൻ സംവിധാനം ലളിതവും സുതാര്യവും മാതൃകാപരവുമാക്കാനുള്ള സംവിധാനം ഉണ്ടാക്കണം. നമ്മുടെ കുട്ടികളാണ് നാളത്തെ ഭരണകർത്താക്കളെന്ന കാര്യം മറക്കരുത്.

    
 

Latest News