Sorry, you need to enable JavaScript to visit this website.

അതിജീവിക്കുമോ ഇന്ത്യൻ ജനാധിപത്യം?

പരാജയത്തിന്റെ എന്തെങ്കിലും സാധ്യത മുന്നിൽ കണ്ടാൽ എന്തു ഹീന മാർഗമുപയോഗിച്ചും അധികാരത്തിലെത്താൻ ബി.ജെ.പി ശ്രമിക്കുമെന്നതാണത്. അതിനായി കോടികളിറക്കി നേതാക്കളെ വിലക്കുവാങ്ങും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടും. ഇപ്പോൾ തന്നെ ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടന്ന ദിവസം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ വസതി സി.ബി.ഐ റെയ്ഡ് ചെയ്തിരിക്കുന്നു. സംഘടനകൾ നിരോധിക്കും. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കും. വേണ്ടിവന്നാൽ വർഗീയ കലാപം പോലും നടത്തും. 

ഇന്ത്യൻ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഭാവി തീരുമാനിക്കപ്പെടുന്ന 2024ലെ ലോകക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്തോറും രാജ്യത്ത് രാഷ്ട്രീയരംഗം കലുഷിതമാകുകയാണ്. ഒരു ഭാഗത്ത് വരുംദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരത്തിനൊത്തുയരാനും പല പ്രതിപക്ഷ, പ്രാദേശിക പ്രസ്ഥാനങ്ങളും തയ്യാറായിട്ടുണ്ട്. ബി.ജെ.പിക്കെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാൻ നിരവധി നേതാക്കൾ മുന്നോട്ടുവരുന്നു. കോൺഗ്രസ്സാകട്ടെ നിരവധി വെല്ലുവിളികൾ നേരിടുമ്പോഴും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലൂടെയും അധ്യക്ഷ തെരഞ്ഞെടുപ്പിലൂടെയും പുതുജീവനായി ശ്രമിക്കുന്നു. അപകടം മണത്ത ബി.ജെ.പിയും കേന്ദ്ര സർക്കാരും ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളാനുള്ള നീക്കത്തിലാണ്. അതിന്റെ അവസാന ഉദാഹരണമാണ് പി.എഫ്.ഐക്കതെിരായ നിരോധനവും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വ്യാപകമായി നടക്കുന്ന വെറുപ്പിന്റെ പ്രചാരണവും. അതു തിരിച്ചറിയാൻ ഫാസിസ്റ്റ് വിരുദ്ധരെന്ന് അവകാശപ്പെടുന്നവർക്കുപോലും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.
തുടർഭരണം എന്ന ആശയംതന്നെ ജനാധിപത്യ സംവിധാനത്തിനു ഭീഷണിയാണ്. വേണ്ടത് ഭരണ മാറ്റങ്ങളാണ്. അതേസമയം ഇപ്പോൾ കാര്യങ്ങൾ കൂടുതൽ ഗുരുതരമാണ്. ബി.ജെ.പി സർക്കാരിന് മൂന്നാമൂഴം ലഭിക്കുകയാണെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്നതിന്റെ സൂചനകൾ പുറത്തുവന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം പൗരത്വ ഭേദഗതി നിയമം പാസാക്കുമെന്നു മാത്രമല്ല, അതിനായി ഭരണഘടനയിൽ തന്നെ ഭേദഗതി വരുത്തുമെന്നാണ്. ഹിന്ദുത്വ രാഷ്ട്രത്തിന്റേതായ ഭരണഘടനക്ക് അണിയറയിൽ രൂപം കൊടുത്തു കഴിഞ്ഞതായി വിശ്വാസ്യയോഗ്യതയുള്ള മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ പൗരന്മാരും തുല്ല്യരാണെന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വം തന്നെയാണ് തിരുത്തിയെഴുതാൻ പോകുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാം, പക്ഷെ രണ്ടാം തരം പൗരന്മാരായി, വോട്ടവകാശം പോലുമില്ലാതെ എന്നതാണത്രെ ഇവരുടെ സങ്കൽപ്പത്തിലെ ഭരണഘടനയിലെ പ്രധാന വകുപ്പ്. 
അത്തരമൊരു നീക്കത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കാണ് ഇനിയുള്ള ദിവസങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അതിന്റെ ഭാഗമായാണ് ലോകത്ത് ഇന്നു നിലവിലുള്ള ഏറ്റവും ശക്തമായ ഫാസിസ്റ്റ് സംഘടനയാലും പ്രത്യയശാസ്ത്രത്താലും നയിക്കപ്പെടുന്ന ഒരു ഭരണകൂടം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് പ്രതിരോധമുയർത്തുന്നവരെ അടിച്ചമർത്താനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നത്. ഈ നീക്കങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം തിരിച്ചറിയാതെ, അറിഞ്ഞോ അറിയാതെയോ അതിനെയെല്ലാം പിന്തുണക്കാനും സിദ്ധാന്തം ചമക്കാനും നിരവധി പുരോഗമന, മതേതരക്കാരെന്നവകാശപ്പെടുന്നവർ പോലും രംഗത്തിറങ്ങിയിരിക്കുന്നു എന്നതിൽ നിന്ന് ഫാസിസ്റ്റുകൾ തങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നുതന്നെ കരുതാം.
സത്യത്തിൽ ബി.ജെ.പിയുടെ ഫാസിസ്റ്റ് രഥത്തെ പിടിച്ചുകെട്ടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കുകളും അതിനുശേഷം പലയിടത്തായി നടന്ന തെരഞ്ഞെടുപ്പുകളുടെ കണക്കുകളും പരിശോധിച്ചാൽ ഇതു ബോധ്യമാകും. പല സംസ്ഥാനങ്ങളും ഇന്നു ബി.ജെ.പി ഭരിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിച്ചാണല്ലോ. 
നാൽപ്പതു ശതമാനത്തിനു താഴെ മാത്രമാണ് ഇപ്പോഴും ബി.ജെ.പിയുടെ വോട്ടുവിഹിതം. പ്രശ്‌നം എല്ലാവരും ചൂണ്ടികാട്ടുന്ന പോലെ പ്രതിപക്ഷഐക്യം സാധ്യമാകുമോ എന്നതാണ്. അതിനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നത് തീർച്ചയായും പ്രതീക്ഷ നൽകുന്നു. 
ബിഹാറിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾ അതിന് ഊർജ്ജം നൽകുന്നു. ജനാധിപത്യത്തെ തകർക്കുന്ന ബി.ജെ.പി തന്ത്രത്തിനു അതേനാണയത്തിൽ മറുപടി നൽകിയ നിതീഷ് കുമാറിന് ഇപ്പോൾ ദേശീയ നേതാവിന്റെ പരിവേഷമാണുള്ളത്. ലാലുപ്രസാദ് യാദവ്- നിതീഷ് കുമാർ ഐക്യം ബി.ജെ.പിക്ക് ചെറിയ ഭീഷണിയൊന്നുമല്ല ഉയർത്തുന്നത്. യു.പിയിലാകട്ടെ സമാജ് വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ വലിയ പോരാട്ടത്തിനാണ് തയ്യാറാകുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളിൽ ഇവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായാൽ ബി.ജെ.പിയുടെ നില പരുങ്ങലിലാകുമെന്നുതന്നെയാണ് നിരീക്ഷകർ കരുതുന്നത്. ദക്ഷിണേന്ത്യയിലേക്കു വരുകയാണെങ്കിൽ തമിഴ്‌നാട്ടിലും കേരളത്തിലും ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാക്കാനാകില്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു അഖിലേന്താ തലത്തിൽ ബി.ജെ.പിക്കെതിരായ വിശാല മുന്നണിയുണ്ടാക്കാൻ തന്റേതായ നീക്കങ്ങൾ നടത്തുന്നുണ്ട്. ആന്ധ്രയിലും ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ല. എങ്കിലും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയെ പ്രതിപക്ഷനിരയിലേക്ക് കൊണ്ടുവന്നാലേ ദേശീയ തലത്തിൽ ഗുണം ചെയ്യൂ. ഒഡീഷയുടെ കാര്യവും അങ്ങനെതന്നെ. കർണാടകയിൽ മുൻതൂക്കം ബി.ജെ.പിക്കാകാമെങ്കിലും കോൺഗ്രസും ജനതാദളുമൊക്കെ കുറെ സീറ്റുകൾ നേടുമെന്നുറപ്പ്. 
മഹാരാഷ്ട്രയിൽ ഭരണം അട്ടിമറിക്കുന്നതിലും ശിവസേനയെ പിളർക്കുന്നതിലും ബി.ജെ.പി വിജയിച്ചെങ്കിലും ശക്തമായ പോരാട്ടം പ്രതിപക്ഷം കാഴ്ചവെക്കുമെന്നുറപ്പ്. ശരത് പവാറിനു മഹാരാഷ്ട്രയിൽ ഇപ്പോഴുമുള്ള സ്വാധീനം ചെറുതല്ല. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഗുജറാത്തിൽ ആം ആദ്മി പാർട്ടി വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പഞ്ചാബിലും ദൽഹിയിലും ആം ആദ്മിക്ക് കരുത്തുണ്ട്. എന്തൊക്കെ ആന്തരിക പ്രശ്‌നങ്ങളുണ്ടെങ്കിലും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തിസ്ഗഢിലും ബി.ജെ.പിക്കെതിരെ വലിയ വെല്ലുവിളി ഉയർത്താനാവും. മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്താം. ബംഗാളിലും ജാർഖണ്ഡിലും ബി.ജെ.പി വലിയ പ്രതീക്ഷയൊന്നും പുലർത്തുന്നില്ല. ഹരിയാനയിൽ പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ശക്തമായ പോരാട്ടത്തിനു സാധ്യതയുണ്ട്. 
ഇതെല്ലാം കണക്കുകൾ വെച്ചുള്ള പ്രതീക്ഷകൾ മാത്രമാണ്. പലപ്പോഴും ഇതിനെയെല്ലാം തകർക്കുന്ന പ്രകടനമാണ് ബി.ജെ.പി കാഴ്ച വെക്കാറുള്ളത്. മാത്രമല്ല, ഈ പറഞ്ഞ പ്രദേശങ്ങളിലെല്ലാം പ്രതിപക്ഷത്തിന്റെ ഐക്യം സാധ്യമാകുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു. നേതൃസ്ഥാനത്തെയും സീറ്റു വിഭജനത്തെയും കുറിച്ചുള്ള തർക്കങ്ങളിൽ ഐക്യനീക്കങ്ങൾ തകരുന്ന കാഴ്ചയാണല്ലോ സ്ഥിരമായി കാണുന്നത്. അവസാനം തെരഞ്ഞെടുപ്പിനുശേഷം ഐക്യമെന്നു പറയും. അതേസമയം പരസ്പര മത്സരത്തിലൂടെ ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ നേടാൻ അവസരമൊരുക്കുകയും ചെയ്യും. അത്തരം സാഹചര്യം ഒഴിവായാൽ മാത്രമേ ഈ പ്രതീക്ഷക്കൊക്കെ എന്തെങ്കിലും അർത്ഥമുള്ളു. 
മറ്റൊരു പ്രധാന തർക്ക വിഷയമാകാൻ പോകുന്നത് കോൺഗ്രസ്സിന്റെ റോളിനെ കുറിച്ചാണ്. ഇപ്പോഴും ബി.ജെ.പി കഴിഞ്ഞാൽ രാജ്യമാകെ വേരുകളുള്ള പാർട്ടി കോൺഗ്രസ്സും നേതാവ് രാഹുലുമായിട്ടും പ്രതിപക്ഷത്തെ നയിക്കാനുള്ള നേതൃത്വം അവർക്ക് നൽകാൻ മിക്ക പാർട്ടികളും തയ്യാറല്ല. നേതൃനിരയിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് കോൺഗ്രസ്സിന്റെ വിശ്വാസ്യതയെ തകർത്തിട്ടുമുണ്ട്. കോൺഗ്രസ്സുകൂടി അടങ്ങുന്ന പ്രതിപക്ഷ പ്രാദേശിക പാർട്ടികളുടെ കൃത്യമായ ഐക്യത്തിനേ എന്തെങ്കിലും സാധ്യതയുള്ളു. അതോടൊപ്പം തന്നെയാണ് ഭൂരിപക്ഷം നേടിയാൽ പ്രധാനമന്ത്രിയാകാൻ കാത്തിരിക്കുന്നവർ ഉയർത്താൻ പോകുന്ന പ്രശ്‌നങ്ങൾ. ആ മോഹവുമായി ചുരുങ്ങിയത് അരഡസൻ നേതാക്കളെങ്കിലും പ്രതിപക്ഷത്തുണ്ട്. ഈ വിഷയങ്ങളെയെല്ലാം മറികടക്കാൻ പ്രതിപക്ഷത്തിനായാൽ മാത്രമേ എന്തെങ്കിലും പ്രതീക്ഷക്ക് സാധ്യതയുള്ളു. 
തുടക്കത്തിൽ സൂചിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം ആവർത്തിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല. പരാജയത്തിന്റെ എന്തെങ്കിലും സാധ്യത മുന്നിൽ കണ്ടാൽ എന്തു ഹീന മാർഗമുപയോഗിച്ചും അധികാരത്തിലെത്താൻ ബി.ജെ.പി ശ്രമിക്കുമെന്നതാണത്. അതിനായി കോടികളിറക്കി നേതാക്കളെ വിലക്കുവാങ്ങും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടും. ഇപ്പോൾ തന്നെ ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടന്ന ദിവസം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ വസതി സി.ബി.ഐ റെയ്ഡ് ചെയ്തിരിക്കുന്നു. സംഘടനകൾ നിരോധിക്കും. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കും. വേണ്ടിവന്നാൽ വർഗീയ കലാപം പോലും നടത്തും. ഗുജറാത്തും മുസഫർ നഗറുമൊന്നും മറക്കാറായിട്ടല്ലല്ലോ. ദലിത്, ന്യൂനപക്ഷ പ്രവർത്തകരേയും എഴുത്തുകാരേയും ചിന്തകരേയുമെല്ലാം ഭീകരനിയമങ്ങൾ ചാർത്തി ജയിലിലടക്കും. ജനാധിപത്യപരമായി കഴിയില്ലെങ്കിൽ ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ അധികാരത്തിലെത്തി 2025ൽ തങ്ങളുടെ ആത്യന്തിക ലക്ഷ്യം നേടാനായിരിക്കും അവരുടെ നീക്കമെന്നുറപ്പ്. അതിനെ ചെറുക്കാൻ, തുടർഭരണത്തിനു തടയിടാൻ  ഇന്ത്യൻ ജനാധിപത്യ, മതേതര ശക്തികൾക്കാകുമോ എന്നു കാത്തിരുന്നു കാണാം.

Latest News