കോഴിക്കോട്- രാഷ്ട്രീയത്തിന് അതീതമായി എല്ലാ സമുദായങ്ങളെയും സന്തോഷിപ്പിക്കാനും എല്ലാവര്‍ക്കും നന്മ ചെയ്യാനും മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിച്ച നേതാവായിരുന്നു സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെന്ന് കാന്തപരും എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ മതങ്ങള്‍ക്കുമിടയില്‍ പരസ്പരസ്‌നേഹം ഉണ്ടാക്കുന്നതിലും കേരളത്തിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
ഏറെ കാലമായി അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. സുന്നി സംഘടനകളുടെ വേദികളിലും മര്‍കസ് സമ്മേളന സദസ്സുകളിലും ക്ഷണിക്കുമ്പോഴെല്ലാം അദ്ദേഹം പങ്കെടുക്കാറുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും സുന്നി പ്രസ്ഥാനത്തിനുമിടയില്‍ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും നിലനില്‍ക്കുമ്പോഴും ആരോഗ്യപരമായ ബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. മര്‍കസടക്കമുള്ള സുന്നി സ്ഥാപനങ്ങള്‍ക്ക് തന്റെ ഇടപെടലുകള്‍ കൊണ്ട് ന്യായമായ ഒട്ടനവധി സഹായങ്ങള്‍ അദ്ദേഹം ചെയ്തുതന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങളെയും സഹായങ്ങളെയും ഈ അവസരത്തില്‍ ഏറെ മൂല്യതയോടെ സ്മരിക്കുന്നു.
രോഗം മൂലം ചികിത്സയിലും വിശ്രമത്തിലുമായി അല്‍പകാലമായി പൊതുരംഗത്ത് സജീവമല്ലാത്ത അദ്ദേഹത്തിന്റെ വിശേഷങ്ങള്‍ അന്വേഷിക്കുകയും സൗഖ്യം പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. മതേതര കേരളത്തിന് അദ്ദേഹത്തിന്റെ വേര്‍പാട് നല്‍കുന്ന നഷ്ടം ഏറെ വലുതാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.