യുവാവിനൊപ്പം തൂങ്ങിമരിച്ചത് തട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടി

പയ്യന്നൂര്‍- പെരിങ്ങോത്ത് യുവാവിനൊപ്പം ജീവനൊടുക്കിയ പെണ്‍കുട്ടിയെ പശ്ചിമ ബംഗാളില്‍നിന്ന് തട്ടിക്കൊണ്ടു വന്നതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പെരിങ്ങോം വയക്കരയിലെ വാടകവീട്ടില്‍ കഴിഞ്ഞ ദിവസം സന്ധ്യക്കാണ് പശ്ചിമബംഗാള്‍ സുന്ദര്‍ ബെന്‍ സ്വദേശി രാഹുല്‍ ബൈദ്യ, ഏകാദശി മണ്ഡല്‍ എന്നിവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ ദമ്പതികളാണെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ ബംഗാള്‍ സ്വദേശിക്കൊപ്പം കണ്ടെത്തിയ പതിനാറുകാരിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പശ്ചിമ ബംഗാള്‍ സുന്ദര്‍ ബെന്‍ സ്വദേശിയായ രാഹുല്‍ (22) പ്രാ യപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ദിവസങ്ങള്‍ക്ക് മുമ്പാണ് ചെറുപുഴ വയക്കരയില്‍ വാടക മുറിയില്‍ താമസിച്ചിരുന്ന സഹോദരനും ഭാര്യക്കുമൊപ്പം താമസത്തിനെത്തിയത്.
പതിനാറുകാരിയായ രൂപ
എന്ന ഏകാദശി മണ്ഡലിനെ കാണാതായതോടെ പശ്ചിമ ബംഗാളിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ സുന്ദര്‍ ബെന്‍ കോസ്റ്റല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ, സഹോദരനും ഭാര്യയും വയക്കരയിലെ താമസസ്ഥലത്ത് നിന്ന് മുങ്ങി. ഇതിന് പിന്നാ ലെയാണ് കമിതാക്കളെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വിവരം സുന്ദര്‍ ബെന്‍ പോലീസിന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
സുന്ദര്‍ ബെന്‍ പോലീസ് സംഘവും ബന്ധുക്കളും കേരളത്തിലേയ്ക്ക് തിരിച്ചിട്ടുണ്ട്. അവര്‍ തിങ്കളാഴ്ച എത്തിയതിനുശേഷമേ കൂടുതല്‍ നടപടികള്‍ ഉണ്ടാകൂ. മൃതദേഹങ്ങള്‍ ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കെട്ടിട ഉടമയുടെ പരാതിയില്‍ കേസെടുത്ത് എസ്.ഐ. പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍  അന്വേഷണം നടത്തുന്നത്.
                

 

 

Latest News