ചങ്ങനാശ്ശേരിയില്‍ ദൃശ്യം മോഡല്‍ കൊല തന്നെ; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയം-ചങ്ങനാശ്ശേരി എ.സി റോഡിലെ രണ്ടാം പാലത്തിന് സമീപത്തെ വീട്ടില്‍ മൃതദേഹം കണ്ടെത്തി. വീടിന്റെ തറ തുരന്നുള്ള പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശി ബിന്ദുകുമാറിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്. ബിന്ദു കുമാറിനെ സഹോദരി ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍നിന്ന് ലഭിച്ചിരുന്നു.

ബൈക്ക് അപകടത്തില്‍പ്പെട്ടതാകാമെന്നായിരുന്നു പോലീസിന്റെ ആദ്യ നി?ഗമനം. എന്നാല്‍ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യമാണ് ബിന്ദുകുമാറിന്റേത് കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തിയത്.

വിശദമായ അന്വേഷണത്തില്‍ സഹോദരി ഭര്‍ത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി ഡിവൈ.എസ്.പിയുടേയും തഹസില്‍ദാരുടേയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്.

 

Latest News