Sorry, you need to enable JavaScript to visit this website.

കാബൂളിലെ സ്‌കൂളില്‍ ചാവേര്‍ സ്‌ഫോടനം

കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സ്‌കൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ നൂറുവരെ ആയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പറയുന്നതനുസരിച്ച് സംഭവത്തില്‍ വിദ്യാര്‍ഥികള്‍, കൂടുതലും ഹസാരകളും ഷിയകളും കൊല്ലപ്പെട്ടു. നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശമായ ദഷ്-ഇ-ബര്‍ചി ഏരിയയിലെ കാജ് വിദ്യാഭ്യാസ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് അറിയിച്ചു. വിദ്യാര്‍ഥികള്‍ സര്‍വ്വകലാശാലാ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്.

സ്‌ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. താലിബാന്റെ രണ്ടാം വരവിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഹസാര ന്യൂനപക്ഷങ്ങള്‍ക്കെതിരെ അടുത്തകാലത്തായി വംശീയ അക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായി പരിക്കേറ്റ ഒരു വിദ്യാര്‍ഥി എ. എഫ്. പിയോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ വംശീയ വിഭാഗമാണ് ഹസാരകള്‍. ഇവരില്‍ ഭൂരിഭാഗവും ഷിയ മുസ്‌ലിംകളായ ഹസാരകളാണ്. താലിബാനില്‍ നിന്നും ദീര്‍ഘകാലമായി പീഡനം നേരിടേണ്ടിവന്നിട്ടുള്ള ന്യൂനപക്ഷം കൂടിയാണ് ഹസാരകള്‍. അക്രമണത്തെ അപലപിക്കുന്നതായി താലിബാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നത് ശത്രുവിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയും ധാര്‍മ്മിക നിലവാരമില്ലായ്മയുമാണ് തെളിയിക്കുന്നതെന്ന് അബ്ദുല്‍ നാഫി ടാക്കൂര്‍ പറഞ്ഞു.

Latest News