റിയാദ്- സൗദി അറബ്യയിലെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പട്ടണമായ ജിസാനിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അല്‍ ഇഖ്ബാരിയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്ത മിസൈലിന്റെ ഭാഗം പതിച്ചാണ് ഒരാള്‍ക്ക് ആളപായം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
രാവിലെ പത്തരയോടെയാണ് തുറമുഖ നഗരമായ ജിസാനിലേക്ക് ഹൂത്തികള്‍ ഒരേസമയം നാല് മിസൈലുകള്‍ തൊടുത്തത്.
ജിസാനിലെ ജനവാസ കേന്ദ്രങ്ങളായിരുന്നു ഹൂത്തികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. എന്നാല്‍ നാലു റോക്കറ്റുകളും ലക്ഷ്യത്തിലെത്തുന്നതിനുമുമ്പ് തന്നെ തകര്‍ക്കാന്‍ സൗദി പ്രതിരോധ സേനക്ക് സാധിച്ചു.