Sorry, you need to enable JavaScript to visit this website.

കൊലക്കേസിൽ സാക്ഷി പറഞ്ഞ ദമ്പതികളെ കുത്തിക്കൊന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നു

തലശ്ശേരി- സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരവെ കോവിഡ് കാലത്ത് പരോളിലിറങ്ങി ബന്ധുവായ ദമ്പതിമാരെ കൊലപ്പെടുത്തുകയും മറ്റൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിന്റെ വിചാരണ ആരംഭിക്കുന്നു. പുളിങ്ങോം പോലീസ് സ്‌റ്റേഷൻ പരിധിയിലെ പൊട്ടക്കൽ വീട്ടിൽ ബിനോയ് അബ്രഹാമാണ്(42) കേസിലെ പ്രതി. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) മുമ്പാകെയാണ് കേസിന്റെ വിചാരണ നടക്കുക.
വീട്ടിൽനിന്ന് 12-ാം മത്തെ വയസിൽ മോഷണം നടത്തിയതിന് വഴക്ക് പറഞ്ഞതിനെ തുടർന്ന് നാടുവിട്ട ബിനോയ് അബ്രഹാം 22-ാം മത്തെ വയസിൽ നാട്ടിൽ തിരിച്ചെത്തി മറ്റൊരു മോഷണം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാളെ റയിൽവെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ മോഷണ കേസിൽ പോലീസ് വീട്ടിലെത്തിയപ്പോൾ പ്രതിയെ സഹോദരനായ ഡേവിഡാണ് (40)കാട്ടിക്കൊടുത്തതെന്ന വൈരാഗ്യത്തിൽ ഡേവിഡിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2000 ഏപ്രിൽ 26നാണ് ഈ കൊലപാതകം നടന്നത്. ഈ കേസിൽ ശിക്ഷ അനുഭവിക്കവെ കോവിഡ് കാലത്ത് ലഭിച്ച പരോളിൽ ഇറങ്ങിയ പ്രതി 2020 ഡിസംബർ 13ന് വീട്ടിലെത്തുകയായിരുന്നു. തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷി പറഞ്ഞ പ്രതിയുടെ പിതാവിന്റെ സഹോദരൻ പുളിങ്ങോം ജോസ്ഗിരിയിലെ പൊട്ടക്കൽ പൗലോസ്(70),ഭാര്യ റാഹേൽ റെയ്ച്ചൽ(65) എന്നിവരെ കുത്തിക്കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച മകൻ ഡെറിൻ ഡേവിഡിനെ വധിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രോസിക്യൂഷൻ കേസ്. റെയ്ച്ചൽ സംഭവസ്ഥലത്തും പൗലോസ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് ഏറെക്കാലത്തെ ചികിത്സക്കൊടുവിലാണ് സാധാരണ നില കൈവരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ.കെ.പി ബിനീഷയാണ് ഹാജരാവുക.

Latest News