മതംമാറി വിവാഹം ചെയ്ത് മുങ്ങി; 15 വര്‍ഷത്തിനു ശേഷം പിടിയില്‍

എടക്കര-മതം മാറി വിവാഹം കഴിച്ചശേഷം മുങ്ങിയ പ്രതി പതിനഞ്ച് വര്‍ഷത്തിനു ശേഷം വഴിക്കടവ് പോലീസിന്റെ പിടിയിലായി. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് സലീം എന്ന കണ്ണനെ (50) യാണ് വഴിക്കടവ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റയും സംഘവും അറസ്റ്റ് ചെയ്തത്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ മറ്റൊരു വിലാസത്തില്‍ രണ്ടാം ഭാര്യയോടൊപ്പം ഒളിവില്‍ കഴിയവെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2006-ലാണ് കേസിനാസ്പദമായ സംഭവം. വഴിക്കടവില്‍ ജോലിക്ക് വന്ന ഇയാള്‍ പ്രദേശവാസിയായ യുവതിയെ മതം മാറി വിവാഹം കഴിക്കുകയും കുറച്ചുകാലം
ഒരുമിച്ചു ജീവിക്കുകയും ഒരു കുട്ടിയുണ്ടായതിനു ശേഷം ഭാര്യയുടെ സ്വര്‍ണവും പണവുമായി മുങ്ങുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. കേസിനു കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നു പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്നു നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ. ഏബ്രഹാമിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

 

 

 

Latest News