VIDEO ബി.ബി.സി അറബി റേഡിയോ നിര്‍ത്തി; സങ്കടം പങ്കുവെച്ച് മാധ്യമപ്രവർത്തകർ

റിയാദ് - ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനു കീഴിലെ അറബി റോഡിയോ പ്രക്ഷേപണം നിര്‍ത്തിയതായി ബി.ബി.സി അറിയിച്ചു. പുനഃസംഘടനാ പദ്ധതിയുടെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് അറബി റേഡിയോ പ്രക്ഷേപണം നിര്‍ത്തിയത്. പദ്ധതിയുടെ ഭാഗമായി 382 പേരെ പിരിച്ചുവിട്ടു.
സാമ്പത്തിക കാരണങ്ങളാണ് പുനഃസംഘടനാ പദ്ധതിക്ക് പ്രേരകമെന്ന് ബി.ബി.സി പറഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പവും പ്രവര്‍ത്തന ചെലവുകളും ഫീസുകളുമാണ് കടുത്ത ഓപ്ഷന്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. 500 ദശലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗിന്റെ കൂടുതല്‍ വിപുലമായ ചെലവ് വെട്ടിച്ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ബി.ബി.സി വേള്‍ഡ് സര്‍വീസിന് 28.5 ദശലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗ് (31 ദശലക്ഷം ഡോളര്‍) ലഭ്യമാക്കേണ്ടതുണ്ടെന്നും കോര്‍പറേഷന്‍ പറഞ്ഞു.
ബി.ബി.സി വേള്‍ഡ് ന്യൂസ് ചാനല്‍ ബി.ബി.സിക്കു കീഴിലെ പ്രാദേശിക ബ്രിട്ടീഷ് ചാനലില്‍ ലയിപ്പിക്കാനും പുതിയ ചാനല്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കാനുമുള്ള പദ്ധതി കഴിഞ്ഞ ജൂലൈയില്‍ കോര്‍പറേഷന്‍ വെളിപ്പെടുത്തിയിരുന്നു. നിലവില്‍ ബി.ബി.സി വേള്‍ഡ് ന്യൂസ് സര്‍വീസ് 40 ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലോകത്തെ 36.4 കോടി പേര്‍ ഇവ പ്രതിവാരം വീക്ഷിക്കുന്നു.
1938 ജനുവരി മൂന്നിനാണ് ബി.ബി.സി അറബി റേഡിയോ ആരംഭിച്ചത്. 84 വര്‍ഷത്തിനു ശേഷമാണ് അടച്ചുപൂട്ടുന്നത്. ഇംഗ്ലീഷ് ഭാഷക്ക് പുറത്ത് ബി.ബി.സി ആരംഭിച്ച ആദ്യ മാധ്യമ സേവനമായിരുന്നു ബി.ബി.സി അറബി റേഡിയോ. തീരുമാനത്തില്‍ റേഡിയോ നിലയത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന അറബ് മാധ്യമപ്രവര്‍ത്തകര്‍ സങ്കടം പ്രകടിപ്പിച്ചു.
ബി.ബി.സി അറബി റേഡിയോ ആരംഭിക്കുന്ന വിവരം 1938 ജനുവരി മൂന്നിന് പ്രഥമ പ്രക്ഷേണത്തിലൂടെ അഹ്മദ് കമാല്‍ സുറൂര്‍ അറിയിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. അറബിക്കു പുറമെ, പേര്‍ഷ്യന്‍, ചൈനീസ്, ബംഗാളി, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഹിന്ദി, ഇന്തോനേഷ്യ, തമിഴ്, ഉര്‍ദു ഭാഷകളിലുള്ള ബി.ബി.സി റേഡിഡോകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

 

 

Latest News