പോസ്റ്ററുകള്‍ കീറിയാല്‍ നേതാക്കള്‍ക്ക് വഴിനടക്കാനാവില്ല, ബി.ജെ.പി നേതാക്കളോട് സിദ്ധരാമയ്യ

ബംഗളൂരു- കര്‍ണാടകയില്‍ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ  ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാന്‍ ഗുണ്ടലുപേട്ട് പ്രദേശത്ത് പതിച്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു.

ഗുണ്ട്‌ലുപേട്ട് വഴി കടന്നുപോകുന്ന ഹൈവേയില്‍ പതിച്ച പോസ്റ്ററുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കീറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
അവര്‍ വ്യാപകമായി ഞങ്ങളുടെ പോസ്റ്ററുകളും ഫ് ളെക്‌സുകളും നശിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ബിജെപി നേതാക്കള്‍ക്ക് കര്‍ണാടകയില്‍ സ്വതന്ത്ര സഞ്ചാരം അസാധ്യമാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്- സിദ്ധരാമയ്യ പറഞ്ഞു.  
അടുത്ത ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ മാറുമെന്ന് പോലീസുകാര്‍ മനസ്സിലാക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. . പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച കര്‍ണാടകയില്‍ പ്രവേശിച്ചു. സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റു.

 

Latest News