തെറ്റായ ഭക്ഷണം കഴിച്ചാല്‍... മാംസം കഴിക്കുന്നവരോട് ആര്‍.എസ്.എസ് മേധാവിയുടെ ഉപദേശം

നാഗ്പൂര്‍- തെറ്റായ ഭക്ഷണം കഴിക്കരുതെന്നും അമിതമായ അക്രമം ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ ഭക്ഷണം കഴിച്ചാല്‍ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കും. 'താമസിക്' ഭക്ഷണം കഴിക്കരുതെന്നും അമിതമായ അക്രമം ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി. നോണ്‍വെജിറ്റേറിയന്‍ വിഭവങ്ങളാണ് സാധാരണഗതിയില്‍ തമാസിക് ഭക്ഷണം.
പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യയിലേയും നോണ്‍വെജ് കഴിക്കുന്നവരെ അദ്ദേഹം താരതമ്യപ്പെടുത്തി. ലോകത്ത് മറ്റു പ്രദേശങ്ങളിലെ പോലെ ഇന്ത്യയിലും മാംസം കഴിക്കുന്നവരുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് മാംസാഹാരം കഴിക്കുന്നവര്‍ സംയമനം പാലിക്കുകയും ചില നിയമങ്ങള്‍ പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ ശ്രാവണ മാസം മുഴുവന്‍ ഇത് കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം അല്ലെങ്കില്‍ ശനി ദിവസങ്ങളിലും അവര്‍ അത് കഴിക്കില്ല. അവര്‍ ചില നിയമങ്ങള്‍ സ്വയം പാലിക്കുന്നുണ്ട്-ഭാഗവത് പറഞ്ഞു.
രാജ്യം നവരാത്രി ആഘോഷിക്കുന്ന വേളയിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. നവരാത്രി സമയത്ത് നോണ്‍വെജ് ഭക്ഷണ ഒഴിവാക്കകയും ഉപവാസം അനുഷഠിക്കുയും ചെയ്യാറുണ്ട്.
ആധ്യാത്മികതയാണ് ഇന്ത്യയുടെ ആത്മാവെന്ന് ചൂണ്ടിക്കാട്ടിയ ഭാഗവത്  മറ്റ് രാജ്യങ്ങള്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ദുരിതത്തലായ ശ്രീലങ്കയെയും മാലിദ്വീപിനെയും സഹായിച്ചത് ഇന്ത്യ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ചൈന, അമേരിക്ക, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ശ്രീലങ്കയില്‍ ബിസിനസ്സ് സാധ്യതകളാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News