പൂച്ച കടിച്ചതിന് വാക്‌സിനെടുക്കാനെത്തിയ യുവതിയെ   സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ കടിച്ചു 

തിരുവനന്തപുരം-വിഴിഞ്ഞത്ത് ആശുപത്രിയ്ക്കകത്ത് തെരുവ് നായ ആക്രമണം. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യുടെ കാലിലാണ് നായ കടിച്ചത്. പൂച്ച കടിച്ചതിന് കുത്തിവെപ്പെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍വച്ചാണ് യുവതിയ്ക്ക് നായയുടെ കടിയേറ്റത്. ഇതിനിടെ, ചാലക്കുടിയില്‍ രാവിലെ തെരുവ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. കേക്കില്‍ വിഷം ചേര്‍ത്ത് കൊടുത്തതാണെന്നാണ് പ്രാഥമിക നിഗമനം. തെരുവുനായകളെ കൈകാര്യം ചെയ്യാന്‍ അനുവദിക്കണമെന്ന കേരള സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി പരിഗണനയിലാണ്. അതേസമയം, ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ മൃഗ സ്‌നേഹികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഹമ്മദാബാദ്, ദല്‍ഹി എന്നിവിടങ്ങളില്‍ പ്രതിഷേധം അരങ്ങേറി. നൂറ് ശതമാനം സാക്ഷരതയുള്ള കേരളത്തില്‍ നൂറഅ ശതമാനം ക്രൂരത എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് ഗുജറാത്തി യുവതികള്‍ പ്രകടനത്തില്‍ അണി നിരന്നത്. 
 

Latest News