Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ ബലാത്സഗം; ചിരിച്ചുതള്ളുന്നവര്‍ ഇതു വായിക്കണം

കൊച്ചി- സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ധാരാളം സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്.
ഈ വിധി ഒരു തമാശയായി പോസ്റ്റ് ഇട്ടു കളിക്കുന്നവരോട് പുച്ഛമോ സഹതാപമോ ദേഷ്യമോ അല്ല തോന്നുന്നതെന്നും. വെറും മരവിപ്പ് മാത്രമാണെന്നും പറയുകയാണ് കേരള സോഷ്യല്‍ സെക്യൂരിറ്റി മി,ന്‍ കോര്‍ഡിനേറ്ററായ ദിവ്യ ഗീത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

ട്രെയിനില്‍ കയറുമ്പോള്‍ അവള്‍ സൈഡ് സീറ്റില്‍ ഇരുന്ന് ഉറങ്ങുന്നത് കാണാം.
മിക്കപ്പോഴും ആ പെണ്‍കുട്ടി കോളേജില്‍ ഇരുന്ന് ഉറക്കം തൂങ്ങാറുണ്ട്..!
 സ്ലീപ്പിങ് പ്രിന്‍സസ് എന്നു പറഞ്ഞ് മറ്റു ടീച്ചര്‍മാര്‍ സ്റ്റാഫ് റൂമില്‍ വന്ന് കളിയാക്കി പറയുമ്പോള്‍ എല്ലാവരെയും പോലെ ഞാനും ചിരിച്ചു തള്ളിയിട്ടുണ്ട്.
 പക്ഷേ ഒരിക്കല്‍, വൈകുന്നേരം അത്രയും തിരക്കുള്ള റെയില്‍വേ സ്‌റ്റേഷനില്‍ തൂണും ചാരി നിന്ന് ഉറങ്ങുന്നത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ സങ്കടമാണ് തോന്നിയത്.
22 വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി. ട്രെയിന്‍ വന്നിട്ട് പോലും അവള്‍ അറിഞ്ഞില്ല. അവളെ തട്ടിയുണര്‍ത്തി ട്രെയിനില്‍ കയറ്റി. സീറ്റും ഒപ്പിച്ചു.
 അതോടെ ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദവും തുടങ്ങി. സ്ലീപ്പിങ് പ്രിന്‍സസ് എന്ന് തന്നെയാണ് ഞാന്‍ അവളെ വിളിച്ചിരുന്നത്. അവള്‍ ഒരു നനുത്ത ചിരി ചിരിക്കും.
 ഒരു ദിവസം എക്‌സ്ട്രാ ക്ലാസ് കഴിഞ്ഞ് സ്ഥിരം ട്രെയിന്‍ കിട്ടില്ല എന്ന് ഉറപ്പായപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു, മിസ്സ്, നമുക്കിന്ന് പാസഞ്ചറിന് പോയാലോ എന്ന്..
 ആറു മണിക്കുള്ള പാസഞ്ചറിന് നാലരക്ക് തന്നെ ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി.
 ആരുമില്ലാത്ത റെയില്‍വേ സ്‌റ്റേഷന്‍ ഇരിക്കുമ്പോ ഞാന്‍ അവളോട് ചിരിച്ചുകൊണ്ട് പറഞ്ഞു, നീ ഇവിടെ ഇരുന്ന് ഉറങ്ങരുത് ഇപ്പോള്‍ നമ്മള്‍ രണ്ടുപേരും മാത്രമേ ഉള്ളൂ എന്ന്...
 അന്ന് ആദ്യമായി അവള്‍  എന്നെ ഒന്ന് നോക്കി.
 'മിസ്സിനോട് പറയട്ടെ ഞാന്‍ എന്തുകൊണ്ടാ ഇങ്ങനെ ഉറങ്ങി തൂങ്ങുന്നത് എന്ന്?'
 ' പറ '
 'അയാള്‍ എന്നെ രാത്രി  ഉറങ്ങാന്‍ സമ്മതിക്കാറില്ല മിസ്സേ...!!'
 അതും പറഞ്ഞ് അവള്‍ തല താഴ്ത്തി ഇരുന്നു.
 അവള്‍ വിവാഹിതയാണ് എന്നും ട്രെയിനില്‍ വരുന്നത് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് എന്നും സ്വന്തം നാട് പാലക്കാട് ജില്ലയിലാണ് എന്നുമൊക്കെ പലപ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്.
 ആ ഇരിപ്പില്‍ തന്നെ അവള്‍ എന്നോട് സംസാരിച്ചു തുടങ്ങി.
 അയാള്‍ക്ക് എന്നും രാത്രി വേണം മിസ്സേ..
 നാലും അഞ്ചും പ്രാവശ്യം ഒക്കെ...!!
 ഓരോ പ്രാവശ്യവും അയാള്‍ എന്നെ ഒരുപാട് വേദനിപ്പിക്കും..
 ഞാന്‍ വേദനിച്ച് കരയുമ്പോള്‍ അയാള്‍ക്ക് ലഹരി കൂടും ത്രേ...
 കല്യാണം കഴിഞ്ഞ ഇടയ്ക്ക് ഞാനെന്റെ ചേച്ചിയോട് ഈ കാര്യം ചെറുതായി സൂചിപ്പിച്ചു.
 ചേച്ചി പറഞ്ഞു തുടക്കം ആകുമ്പോള്‍ ഇങ്ങനെയൊക്കെ തന്നെയാണ്, പിന്നെ ശരിയായിക്കോളും എന്ന്.
 ഞാനും അത് വിശ്വസിച്ചു.
 ഇപ്പൊ കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷം ആകുന്നു.
 കുട്ടികള്‍ ഇല്ലാത്തതിന് വീട്ടുകാരുടെ ചോദ്യമുണ്ട്.
 അങ്ങനെ ആരെങ്കിലും അന്ന് ചോദിച്ചാല്‍ അയാള് ആ രാത്രി എന്നെ വലിച്ചുകീറിയെടുക്കും.
 കോളേജില്‍ വരാന്‍  7 മണിയുടെ ട്രെയിന്‍ കിട്ടാന്‍ ഞാന്‍ ആറേ കാലിന് വീട്ടില്‍ നിന്ന് ഇറങ്ങും.
 ആളുടെ അമ്മ ഭക്ഷണമൊക്കെ ഉണ്ടാക്കി പാക്ക് ചെയ്തു  തന്നു  വിടും.
 എന്നാലും എനിക്ക് ആറുമണിവരെ കിടന്നു ഉറങ്ങാന്‍ പറ്റുമോ? അഞ്ചുമണിക്ക് എങ്കിലും എണീറ്റ് അമ്മയെ കുറിച്ച് സഹായിച്ചാണ് ഞാന്‍ കുളിച്ചു ഭക്ഷണവും എടുത്തു വരുന്നത്.
ഭര്‍ത്താവ് ആഴ്ചയില്‍ നാലുദിവസം ആണ് വീട്ടില്‍ വരുന്നത്.
ആ ദിവസങ്ങളില്‍ ഒക്കെ പുലര്‍ച്ചെ മൂന്നു മണി വരെയെങ്കിലും അയാള്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ല.
 പക്ഷേ അപ്പോഴും ഞാന്‍ അഞ്ചു മണിക്ക് എണീറ്റ് വരും.
 ഈ കോഴ്‌സ് പൂര്‍ത്തിയാക്കുക എന്നത് മാത്രമാണ് ഇതില്‍ നിന്നും എനിക്ക് രക്ഷപ്പെടാനുള്ള ഒരേ വഴി.
 അതുകൊണ്ടാണ് ഇത്രയും ത്യാഗം സഹിച്ചിട്ടും ഞാന്‍ വന്നു പഠിക്കുന്നത്.
 അസൈമെന്റ് ഒക്കെ അയാള്‍ വീട്ടില്‍ വരാത്ത ദിവസങ്ങളില്‍ പുലര്‍ച്ചെ വരെ ഇരുന്നാണ് ഞാന്‍ എഴുതി തീര്‍ക്കുന്നത്. അതുകൊണ്ടാ ഞാനൊരു സ്ലീപിംഗ് പ്രിന്‍സസ് ആയി മാറിയത്..
 അച്ഛനും അമ്മയും ചേച്ചിയുടെ കൂടെ ഡല്‍ഹിക്ക് പോയതോടെ, വല്ലപ്പോഴും സ്വന്തം വീട്ടില്‍ പോയി നിന്ന് സമാധാനത്തോടെ രണ്ടു രാത്രി ഉറങ്ങാം എന്നുള്ള ചാന്‍സ് പോലും ഇപ്പൊ എനിക്കില്ല...
 പുറമേ നിന്ന് നോക്കുന്നവര്‍ക്ക് എനിക്ക് എല്ലാം ഉണ്ട്..
 എനിക്ക് ആവശ്യമുള്ളതെല്ലാം ഭര്‍ത്താവ് വാങ്ങിച്ചു തരും. ഞാന്‍ പറയാതെ തന്നെ..
 ആളുടെ അമ്മ എന്നെ കഷ്ടപ്പെടുത്താതെ പഠിക്കാന്‍  ഉള്ള സൗകര്യങ്ങളൊക്കെ ചെയ്തു തരും..
 എന്റെ വീട്ടുകാരും നാട്ടുകാരും ഒക്കെ ചോദിക്കുന്നത് ഇത്രയും സൗഭാഗ്യം ഉള്ള ജീവിതം കിട്ടിയല്ലോ എന്നാണ്...
 നിനക്ക് എന്തിന്റെ കുറവാണ് എന്നാണ് ചേച്ചി ചോദിച്ചത്..
 എനിക്കൊന്നുറങ്ങണം ചേച്ചി എന്നു പറയാനുള്ള ധൈര്യം എനിക്കും ഇല്ല.
 പക്ഷേ എന്നോട് ഏതെങ്കിലും ദൈവങ്ങള്‍ ഇപ്പോള്‍ വന്ന്,നിനക്ക് എന്താണ് വേണ്ടത് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും, വേദനിക്കാതെ, ഉറക്കം ഇളക്കാതെ ഒരാഴ്ചയെങ്കിലും എനിക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങണം എന്ന്...
 പിന്നീട്, അവള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളെ കുറിച്ച് പറഞ്ഞു...
 അയാളുടെ പല്ലും നഖവും അവളുടെമേല്‍ തീര്‍ത്ത വ്രണങ്ങള്‍ കാണിച്ചുതന്നു...
 വേദന സഹിക്കാന്‍ പറ്റാറില്ല മിസ്സേ എന്ന് പറഞ്ഞ് എന്റെ തോളില്‍ മുഖമമര്‍ത്തി വിതുമ്പിക്കരഞ്ഞു... !!
 രഹസ്യഭാഗങ്ങളില്‍ പോലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ട് ആ കുട്ടിക്ക്...
 മനസ്സിന്റെ മുറിവു കൂടാതെ..
 ഇന്നിപ്പോ ഈ  സുപ്രീംകോടതിവിധി കണ്ടപ്പോള്‍ ഞാനോര്‍ത്തത് അവളെയാണ്...
 പലര്‍ക്കും ഇതൊരു തമാശയാണ്...
 പക്ഷേ അവളെ പോലെ നെരിപ്പോടിനകത്ത് നീറി നീറി  ജീവിക്കുന്ന സ്ത്രീകള്‍  ഇഷ്ടം പോലെ  പോലെയുണ്ട് എന്ന് പിന്നീടുള്ള ജീവിതത്തില്‍ ഞാന്‍ നേരിട്ടു  കണ്ടിട്ടുണ്ട്...
പലരുടെയും അനുഭവം കേട്ട് സ്വയമറിയാതെ  ഉറക്കെ വാവിട്ട് കരഞ്ഞിട്ടുണ്ട്...
 അവള്‍ കോഴ്‌സ് വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. പക്ഷേ അപ്പോഴേക്കും ഗര്‍ഭിണിയായി. ബന്ധം ഉപേക്ഷിക്കാന്‍ വീട്ടുകാരും നാട്ടുകാരും അവളെ അനുവദിച്ചില്ല. മാനസികമായും വൈകാരികമായും അവളെ ബ്ലാക്ക് മെയില്‍ ചെയ്ത് ആ ബന്ധത്തില്‍ തന്നെ കുരുക്കിയിട്ടു.
 ഇപ്പോഴും അവള്‍ ആ ജീവിതത്തില്‍ തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്... അയാളില്‍ മാറ്റം വന്നിട്ടുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.
 വല്ലപ്പോഴും വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങള്‍ മാത്രം പറയുമ്പോള്‍ ഞാനത് ഓര്‍മിപ്പിക്കാറില്ല..
 ഈ വിധി ഒരു തമാശയായി പോസ്റ്റ് ഇട്ടു കളിക്കുന്നവരോട് പുച്ഛമോ സഹതാപമോ ദേഷ്യമോ അല്ല തോന്നുന്നത്... വെറും മരവിപ്പ് മാത്രമാണ്..

 

Latest News